ലാന്‍ഡ് ക്രൂയിസര്‍ വാങ്ങുന്നവര്‍ ഒരു വർഷത്തേക്ക്​ വാഹനം മറിച്ചുവിൽക്കരുതെന്നാണ്​ വാങ്ങാൻ വരുന്നവരോട്​ കമ്പനി ആവശ്യപ്പെട്ടതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ സൂപ്പര്‍ ഹിറ്റ് വാഹനമാണ് ലാന്‍ഡ് ക്രൂയിസര്‍. വ്യത്യസ്‍തമായ ഒരു കാരണം കൊണ്ട് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ് ഈ വാഹനം. കാരണം മറ്റൊന്നുമല്ല. ജപ്പാനിൽ ലാൻഡ്​ക്രൂസർ വാങ്ങുന്നവർക്ക്​ പ്രത്യേക നിബന്ധന ഏർപ്പെടുത്തിയിരിക്കുകയാണ്​ ടൊയോട്ട എന്നാണ് റിപ്പോര്‍ട്ടുകള്‍. ​ ലാന്‍ഡ് ക്രൂയിസര്‍ വാങ്ങുന്നവര്‍ ഒരു വർഷത്തേക്ക്​ വാഹനം മറിച്ചുവിൽക്കരുതെന്നാണ്​ വാങ്ങാൻ വരുന്നവരോട്​ കമ്പനി പറയുന്നതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓർഡർ ചെയ്‍ത വാഹനം കയറ്റുമതി ചെയ്യുകയോ വിൽക്കുകയോ ചെയ്യില്ലെന്നുള്ള സമ്മതപത്രമാണ് കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. കരാറിലെ നിബന്ധനകൾ പാലിക്കാതിരുന്നാൽ ടൊയോട്ടയുടെ വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് ഉപഭോക്താക്കളെ വിലക്കും.

ആഗോള സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള ചില പ്രശ്‌നങ്ങളും വിദേശനാണ്യ നിയമ ലംഘനങ്ങളുടെ അപകടസാധ്യതകളും ചൂണ്ടിക്കാട്ടിയാണ് കമ്പനി നിബന്ധനകൾ വിശദീകരിച്ചിരിക്കുന്നത്. തീവ്രവാദികളുടെ ടൊയോട്ട വാഹന ഉപയോഗം കുറയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കഠിനമായ ഭൂപ്രദേശങ്ങളിലും സഞ്ചരിക്കാനാകുമെന്നതിനാൽ തീവ്രവാദികളും മറ്റും ധാരാളമായി ഉപയോഗിക്കുന്ന വാഹനമാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ.

തീവ്രവാദ ഗ്രൂപ്പുകൾ ഇത്രയധികം ടൊയോട്ട വാഹനങ്ങൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടെന്ന് അമേരിക്കൻ സർക്കാർ ജാപ്പനീസ് വാഹന നിർമാതാക്കളോട് ചോദിച്ചതിന് ശേഷമാണ് ഈ നീക്കം. ഇതിന് കമ്പനി അറിയില്ലെന്ന മറുപടിയാണ് നൽകിയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ സമീപകാല പ്രചാരണ വീഡിയോകളിലും ടൊയോട്ട വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് കാണാം. പുതിയ ലാൻഡ് ക്രൂയിസർ സമാനമായ കുപ്രസിദ്ധി നേടുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ടൊയോട്ട പുതിയ കരാർ നയവുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമം ലംഘിച്ചാൽ കമ്പനി ഡീലർമാർക്കും ഉപഭോക്താക്കൾക്കും പിഴ നൽകേണ്ടി വരുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. വാഹനം സ്വന്തമായി ഓടിക്കാൻ ആഗ്രഹിക്കുന്ന 'യഥാർത്ഥ' ഉപയോക്താക്കൾ മാത്രമേ വാങ്ങാവൂ എന്നാണ് ടൊയോട്ട പറയുന്നത്​. കരാറിൽ ഒപ്പുവെച്ചശേഷവും വാഹനം വീണ്ടും വിൽക്കുന്ന ഉപഭോക്താക്കളെ നിർദിഷ്​ട സമയത്തേക്ക് മറ്റൊരു ടൊയോട്ട വാങ്ങുന്നതിൽ നിന്ന് വിലക്കാനാണ് നീക്കം.

നിലവിൽ ലോകത്തെ ചുരുക്കം വിപണികളിലാണ്​ ലാൻഡ്​ക്രൂസർ വിൽപ്പനക്കെത്തിയിരിക്കുന്നത്​. അതിനാൽതന്നെ ലോകമെമ്പാടുമുള്ള ആവശ്യക്കാർ വാഹനത്തിനായി കാത്തിരിക്കുകയാണ്​. ജപ്പാനിൽ നിന്ന്​ കൂടുതൽ എണ്ണം വാഹനം വാങ്ങി ഉയർന്ന വിലക്ക്​ മറിച്ചുവിൽക്കുന്നത്​ പതിവാണ്​. ഇത്​ തടയാനും യഥാർഥ ആവശ്യക്കാർക്കുമാത്രം വാഹനം എത്തിക്കാനുമാണ്​ ടൊയോട്ട പുതിയ നിബന്ധനവച്ചിരിക്കുന്നത്​. പുതിയ 2022 എൽസി 300 ലാൻഡ് ക്രൂസറിന് ജപ്പാനിൽ ആയിരക്കണക്കിന് ബുക്കിംഗുകളാണ്​ ലഭിക്കുന്നത്​. വാഹനം വാങ്ങുമ്പോൾ ഇത്തരത്തിലുള്ള നിബന്ധനകൾ പതിവില്ലെങ്കിലും ലാൻഡ്​ക്രൂസറിനായി അതും പാലിക്കാനാണ്​ ആരാധകരുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

14 വർഷം നീണ്ട ഇടവേളക്കുശേഷമാണ്​ ലാൻഡ്​ ക്രൂസർ ടൊയോട്ട പുനരവതരിപ്പിക്കുന്നത്​. ലാൻഡ് ക്രൂസർ എൽസി 300 ആണ്​ രണ്ട് തലമുറകൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഇടവേളക്കുശേഷം നിരത്തിലെത്തിയത്​. ലാൻഡ്​ ക്രൂസർ എന്ന ​െഎതിഹാസിക ഉത്​പന്നം പിറന്നിട്ട്​ 70 വർഷങ്ങൾ തികയുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്​. അതുകൊണ്ടുതന്നെ ജപ്പാൻ ഉൾപ്പടെയുള്ള തിരഞ്ഞെടുത്ത വിപണികളിൽ ആനിവേഴ്​സറി പതിപ്പും ലാൻഡ്​ ക്രൂസറിനായി ടൊയോട്ട ഒരുക്കിയിട്ടുണ്ട്​.

2021 ജൂണ്‍ 10നാണ് 2021 മോഡല്‍ ലാൻഡ് ക്രൂയിസറിനെ ടൊയോട്ട വിപണിയില്‍ അവതരിപ്പിക്കുന്നത്. നിലവില്‍ വിപണിയിലുള്ള ലാൻഡ് ക്രൂയിസർ 200 മോഡലിനേക്കാൾ 200 കിലോഗ്രാമോളം ഭാരം കുറച്ചാണ് പുതിയ ലാൻഡ് ക്രൂയിസർ 300 സീരീസ് എത്തിയിരിക്കുന്നത്. 

പുതിയ ടിഎൻജിഎ പ്ലാറ്റ്ഫോമിലാണ് വാഹനം എത്തുന്നത്. പ്ലാറ്റ്ഫോമിൽ മാറ്റമുണ്ടെങ്കിലും ലാൻഡ് ക്രൂയിസർ 200 പതിപ്പിന്റെ അതെ നീളവും വീതിയും ഉയരവുമാണ് ലാൻഡ് ക്രൂയിസർ 300 പതിപ്പിനും. 230 എംഎം ഗ്രൗണ്ട് ക്ലിയറൻസും അപ്പ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകളും അതേപടി തുടരുന്നു. ക്രോമിന്റെ അതിപ്രസരമുള്ള ഗ്രിൽ ആണ് മുൻ കാഴ്ചയിൽ ആകർഷണം. ലാൻഡ് ക്രൂയ്സറിന്റെ റോഡ് പ്രസൻസ് വർദ്ധിപ്പിക്കും വിധമാണ് പുത്തൻ ഗ്രിൽ ഡിസൈൻ ചെയ്‍തിരിക്കുന്നത്. ട്രൈ-ബീം എൽഇഡി പ്രൊജക്ടർ ഹെഡ്‍ലാംപുകൾ, റീഡിസൈൻ ചെയ്ത് സ്‌പോർട്ടി ഭാവത്തിലെത്തുന്ന ബമ്പറുകൾ, മസ്‍കുലാർ ആയ ബോണറ്റ്, 18-ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് എക്‌സ്റ്റീരിയറിലെ ആകർഷണങ്ങൾ.

 409 ബിഎച്ച്പി പവറും, 650 എൻഎം ടോർക്കും നിർമ്മിക്കുന്ന 3.5 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി6 പെട്രോൾ, 304.5 ബിഎച്ച്പി പവറും, 700 എൻഎം ടോർക്കും നിർമ്മിക്കുന്ന 3.3 ലിറ്റർ ട്വിൻ-ടർബോ വി6 ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിനുകളിലാണ് പുത്തൻ ടൊയോട്ട ലാൻഡ് ക്രൂയ്സർ എത്തുന്നത്. രണ്ട് എഞ്ചിനുകളും 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ ആണ് ഗിയർബോക്‌സ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona