യാരിസ് സെഡാന്റെ ഫെയ്‍സ് ലിഫ്റ്റ് പതിപ്പിനെ ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. ഫിലിപ്പീന്‍സില്‍ ഈ വാഹനം യാരിസ് എന്ന പേരിലാണ് അറിയിപ്പെടുന്നത്.

സെഡാനില്‍ 7 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇഎസ്പി, എന്നിവയെല്ലാം വാഹനത്തിന്റെ സുരക്ഷാ സവിശേഷതകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമെ പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് കീലെസ് എന്‍ട്രി, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇക്കോ, സ്പോര്‍ട്ട് എഞ്ചിന്‍ മോഡുകള്‍ എന്നിവയുള്‍പ്പെടെ 2021 യാരിസ് സവിശേഷതകളുടെ ഒരു നീണ്ട പട്ടികയാണ് അവതരിപ്പിക്കുന്നത്.

സെഡാന്റെ പുതുക്കിയ മുന്‍വശത്ത് പരിഷ്‌ക്കരിച്ച ബമ്പര്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഒപ്പം ട്വീക്ക് ചെയ്ത അപ്പര്‍ ഗ്രില്ലര്‍ എന്നിവ ഇടംപിടിച്ചിരിക്കുന്നു. എങ്കിലും ഏറ്റവും ശ്രദ്ധേയമാകുന്നത് ലെക്സസ് മോഡലുകളില്‍ ഇടംപിടിച്ചിരിക്കുന്ന സ്പിന്‍ഡില്‍ ഗ്രില്ലിന് സമാനമായ എയര്‍ഡാമിന്റെ സാന്നിധ്യമാണ്. അതോടൊപ്പം എല്‍-ആകൃതിയിലുള്ള ഫോഗ്ലൈറ്റ് എന്‍ക്ലോസറുകള്‍ ഡിസൈനും കാറിന്റെ മുന്‍വശത്തെ വ്യത്യസ്തമാക്കുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ ഉപയോഗിച്ച് നവീകരിച്ച ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ മാറ്റം ശ്രദ്ധേയമാണ്.

ടൊയോട്ട വിയോസ് ഫെയ്സ്ലിഫ്റ്റിന് 1.3 ലിറ്റര്‍, 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുകള്‍ തന്നെയാണ് കരുത്തേകുന്നത്. ബേസ് മോഡലുകളില്‍ ലഭ്യമാകുന്ന 1.3 ലിറ്റര്‍ എഞ്ചിന്‍ 98 bhp കരുത്തില്‍ 123 Nm torque ഉത്പാദിപ്പിക്കും. ഇത് അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. അതേസമയം 1.5 ലിറ്റര്‍ NA യൂണിറ്റ് 106 bhp പവറും 140 Nm torque ഉം വികസിപ്പിക്കാന്‍ പ്രാപ്തമാണ്. ഇതിന് സ്റ്റാന്‍ഡേര്‍ഡായി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ലഭ്യമാകുന്നതിന് പുറമേ 7-ഘട്ട സിവിടിയും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയില്‍ നിലവില്‍ മികച്ച വില്‍പ്പനയാണ് യാരിസിന് എന്നാണ് കമ്പനി പറയുന്നത്. 2020 ആദ്യ മൂന്നു മാസക്കാലത്തെ വിൽപ്പനയിൽ 2019 ജനുവരി – മാർച്ചിനെ അപേക്ഷിച്ച് 64% വളർച്ച കൈവരിച്ചെന്ന് ടി കെ എം പറയുന്നു.