തലസ്ഥാന നഗരിയിലെ ഗതാഗതഗക്കുരുക്ക് പരിഹരിക്കാന്‍ പൊലീസിന്റെ ചീറ്റ സ്ക്വാഡുകൾ
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഗതാഗതഗക്കുരുക്ക് പരിഹരിക്കാന്‍ പൊലീസിന്റെ ചീറ്റ സ്ക്വാഡുകൾ നിരത്തിലിറങ്ങി. നഗരത്തിൽ വർധിച്ചു വരുന്ന അപകടങ്ങൾ കുറയ്ക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ചീറ്റ സംവിധാനം ആരംഭിച്ചത്. മുഴുവൻ സമയവും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 10 ചീറ്റ സ്ക്വാഡുകളുണ്ടാകും.
തമ്പാനൂരിൽ ചീറ്റാ സ്ക്വാഡുകളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 10 ചീറ്റ പട്രോൾ ജീപ്പുകളും 30 പട്രോൾ ബൈക്ക് സംഘവുമാണ് സംവിധാനത്തിലുള്ളത്.
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാൻ അടുത്തിടെ ഡിജിപി വിളിച്ച യോഗത്തിലാണ് ചീറ്റാ സ്ക്വാഡുകൾ എന്ന ആശയം രൂപീകരിക്കുന്നത്. മുഴുവൻ സമയവും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 10 ചീറ്റ സ്ക്വാഡുകളുണ്ടാകും. നോർത്ത് സൗത്ത് എന്നിങ്ങനെ നഗരത്തെ രണ്ടായി തിരിച്ചാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.
ഗതാഗതക്കുരുക്ക് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും ഇവരെ വിളിക്കാം. ഓരോ ചീറ്റ ടീമിനും മൊബൈൽ നമ്പറുകളും നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ്, വൈദ്യുതിബോർഡ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിങ്ങനെ സർക്കാരിന്റെ വിവിധ സ്ഥാപനങ്ങൾക്കും ജോലി സംബന്ധമായ ആവശ്യങ്ങൾക്കു വേണ്ടിയുള്ള ട്രാഫിക് ക്രമീകരണത്തിനും ചീറ്റകളുടെ സേവനം ലഭ്യമാകും.
ചീറ്റ സ്ക്വാഡുകൾ സ്‍കൂളുകളിൽ ബോധവൽക്കരണ പരിപാടികളും നടത്തും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരീക്ഷണാടിസ്ഥാനത്തിൽ നഗരത്തില്‍ ചീറ്റ സ്ക്വാഡുകളുടെ പ്രവർത്തനം നടന്നു വരികയായിരുന്നു.
പ്രവർത്തന മേഖല :
കഴക്കൂട്ടം, തുമ്പ – ചീറ്റ ഒന്ന്
മെഡിക്കൽ കോളജ്, ശ്രീകാര്യം – രണ്ട്
പേരൂർക്കട, മണ്ണന്തല – മൂന്ന്
വട്ടിയൂർക്കാവ്, പൂജപ്പുര – നാല്
മ്യൂസിയം, കന്റോൺമെന്റ് – അഞ്ച്
ഫോർട്ട്, തമ്പാനൂർ – ആറ്
നേമം, കരമന – ഏഴ്
പേട്ട, വഞ്ചിയൂർ – എട്ട്
പൂന്തുറ, വലിയതുറ– 9
വിഴിഞ്ഞം, കോവളം, തിരുവല്ലം – 10
ചുമതലകൾ :
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുക
ഗതാഗതക്കുരുക്ക് ഒഴിവാക്കുക
റോഡിലെ കുഴികളും റോഡിലേയ്‌ക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളും വൈദ്യുത തൂണുകളുമൊക്കെ കണ്ടെത്തി നടപടികൾക്കായി റിപ്പോർട്ട് ചെയ്യുക
അപകടങ്ങൾ കുറയ്‌ക്കാൻ നടപടി സ്വീകരിക്കുക
