ഇതാ നിരവധി കിടിലൻ ഫീച്ചറുകളുമായി എത്തുന്ന പുതിയ ടിവിഎസ് റൈഡര്‍ 125നെക്കുറിച്ച് അറിയേണ്ടതെല്ലാം 

പ്രമുഖ ആഭ്യന്തര ഇരുചക്ര വാഹന ബ്രാൻഡായ ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ 125 സിസി ജനപ്രിയ ബൈക്കായ ടിവിഎസ് റൈഡറിന്റെ പുതിയ വേരിയന്റ് വിപണിയിൽ അവതരിപ്പിച്ചു. വമ്പൻ മൈലേജ് നൽകുന്ന ഈ ബൈക്കിന്റെ പുതിയ വേരിയന്റിൽ നിരവധി പ്രീമിയം ഫീച്ചറുകൾ കമ്പനി നൽകിയിട്ടുണ്ട്. ചില പുതിയ നൂതന കണക്റ്റിവിറ്റി സവിശേഷതകളും പുതിയ ടിഎഫ്‍ടി ഡിസ്പ്ലേയും ബൈക്കിൽ കമ്പനി അവതരിപ്പിച്ചു. 

സിംഗിൾ വേരിയന്റിലാണ് ഇത് വന്നിരിക്കുന്നത്. ഇതിന്റെ എക്‌സ്-ഷോറൂം വില 99,990 രൂപയാണ്. ഇത് ഇപ്പോൾ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന വിലയാണ്. പഴയ മോഡലിനെ അപേക്ഷിച്ച് 9000 രൂപയോളം വർധിച്ചു. വിക്കഡ് ബ്ലാക്ക്, ഫിയറി യെല്ലോ എന്നിങ്ങനെ രണ്ട് കളര്‍ ഓപ്‍ഷനുകളില്‍ എത്തുന്ന ഈ ബൈക്കിന്റെ ബുക്കിംഗും കമ്പനി ആരംഭിച്ചു. ഈ ഫീച്ചറുകളെല്ലാം കൂടാതെ ബൈക്കിന്റെ ഡിസൈനിൽ എൻജിനിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇതാ പുതിയ ടിവിഎസ് റൈഡര്‍ 125നെക്കുറിച്ച് അറിയേണ്ടതെല്ലാം. 

എന്തുകൊണ്ട് നിങ്ങളൊരു ടിവിഎസ് റോണിൻ വാങ്ങണം? ഇതാ ചില പ്രധാന കാരണങ്ങൾ!

വിപുലമായ ഫീച്ചറുകൾ
99 കണക്റ്റഡ് ഫീച്ചറുകളാണ് ഈ ബൈക്കിൽ കമ്പനി നൽകിയിരിക്കുന്നത്. ടിവിഎസ് റൈഡർ 125 ന് ഇപ്പോൾ ഒരു പുതിയ 5 ഇഞ്ച് ഡിജിറ്റൽ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു, അതിൽ നിരവധി സവിശേഷതകൾ സജ്ജീകരിച്ചിരിക്കുന്നു. Smart Xconnect കണക്റ്റിവിറ്റി കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതിനാൽ നിങ്ങൾക്ക് ഇത് നിങ്ങളുടെ ഫോണിലേക്ക് കണക്റ്റുചെയ്യാനാകും. ഫോണിലേക്ക് കണക്റ്റുചെയ്യുമ്പോൾ, അറിയിപ്പ് അലേർട്ടുകളും കാലാവസ്ഥാ വിവരങ്ങളും ടേൺ-ബൈ-ടേൺ നാവിഗേഷനും നിങ്ങൾക്ക് ലഭിക്കും. ഡിസ്‌പ്ലേ വലുതാണ്. അതുകൊണ്ട് തന്നെ അത് വായിക്കുന്നത് എളുപ്പമാക്കുന്നു. 

പെട്രോള്‍ പമ്പിലേക്കുള്ള വഴി
ഈ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ കുറഞ്ഞ ഇന്ധന മുന്നറിയിപ്പ് ലൈറ്റും ഉണ്ട്. അതായത് ഇന്ധനം കുറഞ്ഞാല്‍ ഈ ബൈക്ക് നിങ്ങൾക്ക് അടുത്തുള്ള പെട്രോൾ പമ്പിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകും. അടുത്തുള്ള പെട്രോൾ പമ്പിലേക്കുള്ള വഴി ഈ സ്ക്രീൻ ഓട്ടോമാറ്റിക്കായി കാണിക്കുകയും ചെയ്യും. 

വോയിസ് അസിസ്റ്റ്, പാർക്കിംഗ് ലൊക്കേഷൻ അപ്ഡേറ്റുകൾ
ഇന്ധന മുന്നറിയിപ്പ് സംവിധാനം കൂടാതെ, വോയ്‌സ് അസിസ്റ്റിന്റെ സവിശേഷതയും ബൈക്കിൽ നൽകിയിട്ടുണ്ട്, ഇതിന്റെ സഹായത്തോടെ നിങ്ങൾക്ക് നാവിഗേഷൻ അല്ലെങ്കിൽ സംഗീതം പോലുള്ള സവിശേഷതകളെ സംസാരിച്ചുകൊണ്ട് നിയന്ത്രിക്കാനാകും. അതേ സമയം, നിങ്ങൾക്ക് ഈ സ്ക്രീനിന്റെ തെളിച്ചം ക്രമീകരിക്കാനും കഴിയും. മെറ്റാവേഴ്‌സിൽ പുറത്തിറക്കുന്ന ആദ്യ ബൈക്ക് കൂടിയാണിത്.

എഞ്ചിനും മൈലേജും
8.37 kW പവറും 11.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 124.8 സിസി എയർ, ഓയിൽ കൂൾഡ് 3V എൻജിനാണ് ടിവിഎസ് റൈഡറിന്‍റെ ഹൃദയം. പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റർ വേഗത കൈവരിക്കാൻ ബൈക്കിന് 5.9 സെക്കൻഡുകള്‍ മാത്രം മതി. മണിക്കൂറിൽ 99 കിലോമീറ്ററാണ് ബൈക്കിന്റെ ഉയർന്ന വേഗത. ഈ എഞ്ചിനിൽ അഞ്ച് സ്പീഡ് ഗിയർബോക്‌സ് സജ്ജീകരിച്ചിരിക്കുന്നു.

ഹൈനസിന് 'ഒന്നൊന്നര പണി'യുമായി ടിവിഎസ്; സ്വപ്ന വിലയില്‍ റോണിന്‍റെ അവതാരം, ചരിത്രത്തില്‍ ആദ്യം

ഡിസൈൻ
ബൈക്കിന്റെ ലുക്കിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഡൈനാമിക് ഫ്രണ്ട് ഫാസിയ, സ്‌കള്‍പ്റ്റഡ് ഫ്യുവല്‍ ടാങ്ക്, ബോഡി-കളര്‍ എഞ്ചിന്‍ ഗാര്‍ഡ്, വീതിയേറിയ ഹാന്‍ഡില്‍ബാര്‍ തുടങ്ങിയ സവിശേഷതകളുള്ള ടിവിഎസ് റൈഡര്‍ 125-ന് സ്പോര്‍ടി, യൂത്ത്ഫുള്‍ പ്രൊഫൈലാണ് അവതരിപ്പിക്കുന്നത്. നേരായ റൈഡിംഗ് സ്റ്റാന്‍സ് ഉള്ള ബൈക്കിന് സുഖപ്രദമായ സ്പ്ലിറ്റ് സീറ്റുകളുമുണ്ട്. കുറഞ്ഞ സീറ്റ് ഉയരം 780 mm ഒപ്റ്റിമല്‍ നിയന്ത്രണവും കൈകാര്യം ചെയ്യലും ഉറപ്പാക്കുന്നു. 17 ഇഞ്ച് ടയറുകളുണ്ട്. സുഖപ്രദമായ യാത്രയ്‌ക്കായി ഗ്യാസ്-ചാർജ്ജ് ചെയ്‌ത 5-ഘട്ട ക്രമീകരിക്കാവുന്ന മോണോ-ഷോക്ക് സസ്പെൻഷൻ ഇതിന് ലഭിക്കുന്നു.

എതിരാളി
പുതിയ ടിവിഎസ് റൈഡർ ഹീറോ ഗ്ലാമർ എക്സ്ടെക്കുമായി നേരിട്ട് മത്സരിക്കും. 84,838 രൂപ മുതലാണ് ഹീറോ ഗ്ലാമർ എക്സ്ടെക്കിന്‍റെ വില. കഴിഞ്ഞ വര്‍ഷമാണ് 125 സിസി വിഭാഗത്തിലേക്ക് റൈഡറിനെ ടിവിഎസ് അവതരിപ്പിക്കുന്നത്. ടിവിഎസ് എന്ന ബ്രാന്‍ഡിന് 125 സെഗ്മെന്റിലേക്കുള്ള ഒരു തിരിച്ചുവരവ് അടയാളപ്പെടുത്തിയ മോഡല്‍ കൂടിയായിരുന്നു റൈഡര്‍ 125.