തിരുവനന്തപുരം: റെയില്‍പ്പാളത്തിലൂടെ കൂകിപ്പായുന്നൊരു വിമാനത്തില്‍ യാത്ര ചെയ്യുന്ന അനുഭവത്തെപ്പറ്റി ചിന്തിച്ചിച്ചുണ്ടോ? പഴകിത്തുരുമ്പിച്ച ട്രെയിന്‍ കോച്ചുകള്‍ മാത്രം കണ്ടുശീലിച്ച മലയാളികള്‍ക്ക് അതൊരു സ്വപ്‍നം തന്നെയായിരിക്കും. എന്നാല്‍ ഇനി അങ്ങനൊരു യാത്രാനുഭവമാണ് കേരളത്തിന്റെ ജനപ്രിയ ട്രെയിനായ വേണാട് എക്സ്പ്രസ് സമ്മാനിക്കുക.

പുതിയ ലിങ്ക് ഹോഫ്‍മാൻ ബുഷ് അഥവാ എല്‍എച്ച്‌ബി കോച്ചുമായിട്ടാണ് വേണാട് യാത്ര ആരംഭിച്ചിരിക്കുന്നത്. വിമാനത്തിന്റെ ഉൾവശം പോലെ മനോഹരവും ഞെരുങ്ങാതെ കാല് നീട്ടി ഇരിക്കാനുള്ള സൗകര്യവും ഇനി മുതൽ വേണാടിൽ ലഭിക്കും.

തിരുവനന്തപുരത്തിനും ഷൊർണൂരിനുമിടയിലാണ് വേണാട് എക്സ്പ്രസ് ഓടുന്നത്. ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിനാണ് ഇത്. സുരക്ഷിതത്വത്തിനും ശുചിത്വത്തിനും പ്രാധാന്യം നൽകിയിരിക്കുന്ന പുത്തൻ കോച്ചുകൾ നിലവിലുള്ളതിനെക്കാൾ കൂടുതൽ കോച്ചുകൾ സജ്ജീകരിക്കാൻ സൗകര്യമുള്ളതാണ്.

ശുചിമുറിയില്‍ ആളുണ്ടോ എന്ന് അറിയാന്‍ വാതിലില്‍ ഇന്‍ഡിക്കേഷന്‍ സംവിധാനം, മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ സീറ്റിനരികെ പ്ലഗ് പോയിന്റ്, സെക്കന്‍ഡ് സിറ്റിംഗ് കോച്ചില്‍ ലഘുഭക്ഷണ കൗണ്ടര്‍ എന്നിവയാണ് വേണാട് എക്‌സ്പ്രസില്‍ ഒരുക്കിയിരിക്കുന്ന പുതിയ സംവിധാനങ്ങള്‍. എസി കോച്ചില്‍ ട്രെയിന്‍ എവിടെ എത്തി എന്നറിയിക്കാന്‍ വേണ്ടി എല്‍ഇഡി ബോര്‍ഡുകള്‍ വൈകാതെ സജ്ജമാക്കും. ഒരു എസി ചെയര്‍ കാര്‍, പതിനഞ്ച് സെക്കന്‍ഡ് ക്ലാസ് സിറ്റിംഗ്, മൂന്ന് ജനറല്‍ തേഡ് ക്ലാസ്, പാന്‍ട്രികാര്‍, രണ്ട് ലഗേജ് കംബ്രേക്ക് വാന്‍ എന്നീ കോച്ചുകളാണ് വേണാട് എക്‌സ്പ്രസില്‍ ഉള്ളത്. ജനറല്‍ കോച്ചില്‍ പുഷ്ബാക്ക് സീറ്റുകളാണ് ഉള്ളത്.

ഹെഡ് ഓൺ ജനറേഷൻ വഴി എൻജിനിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ഫാനുകളും ലൈറ്റുകളും പ്രവർത്തിക്കുന്നത്. ശതാബ്ദി മാതൃകയിൽ നീലനിറമാണ് വേണാടിനും. 1972ലാണ് ആദ്യ വേണാട് എക്സ്പ്രസ് സര്‍വ്വീസ് തുടങ്ങുന്നത്.