Asianet News MalayalamAsianet News Malayalam

നാട്ടുകാര്‍ വണ്ടി വാങ്ങാന്‍ മടിക്കുന്നു, പക്ഷേ കയറ്റുമതിയില്‍ ഇന്ത്യ മിന്നിത്തിളങ്ങുന്നു!

ആഭ്യന്തര വിപണിയില്‍ വില്‍പ്പന ഇടിയുമ്പോഴും വാഹന കയറ്റുമതിയില്‍ വന്‍ കുതിപ്പ്. ഇതാ വിശദമായ കണക്കുകള്‍

New vehicle exports from India climb 73 percent in FY2022
Author
Mumbai, First Published Nov 17, 2021, 9:17 AM IST

2021 ഒക്ടോബറിൽ ആഭ്യന്തര പാസഞ്ചർ വാഹനങ്ങളുടെയും (Passenger Vehicles) ഇരുചക്രവാഹനങ്ങളുടെയും (Two Wheeler) വിൽപ്പന യഥാക്രമം 27 ശതമാനവും 25 ശതമാനവും വീതം ഇടിഞ്ഞപ്പോൾ, നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ ഏഴ് മാസങ്ങളിൽ (ഏപ്രില്‍ - ഒക്ടോബര്‍) രാജ്യത്ത് നിന്നുള്ള വാഹന കയറ്റുമതി (Vehicle Export) മികച്ച വളർച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാം (SIAM) പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്, ഇന്ത്യയിൽ നിർമ്മിച്ച പാസഞ്ചർ വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, ത്രീ-വീലറുകൾ, ക്വാഡ്രിസൈക്കിളുകൾ എന്നിവയുടെ ആകെ കയറ്റുമതി 2021 ഏപ്രിൽ-ഒക്‌ടോബർ കാലയളവിൽ 3.2 ദശലക്ഷം കവിഞ്ഞതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

32,47,934 യൂണിറ്റുകളാണ് ആകെ കയറ്റുമതി. മുന്‍ കാലയളവില്‍, അതായത് 2020 ഏപ്രിൽ മുതല്‍ ഒക്ടോബർ വരെ 18,76,447 യൂണിറ്റുകള്‍ ആയിരുന്നു കയറ്റുമതി. അതായത് 73 ശതമാനം വാര്‍ഷിക വളര്‍ച്ച.  പ്രധാന ആഗോള വിപണികൾ തുറന്നതോടെ, കയറ്റുമതി അടിസ്ഥാനമാക്കിയുള്ള വളർച്ചയിലേക്ക് ഇന്ത്യന്‍ വാഹനലോകം തിരിച്ചെത്തിയെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതാ സെഗ്‌മെന്റ് തിരിച്ചുള്ള വാഹന കയറ്റുമതിയുടെ വിശദവിവരങ്ങള്‍.

കാർ കയറ്റുമതിയില്‍ 66 ശതമാനം വർദ്ധനവ്
മൊത്തം 3,24,340 യൂണിറ്റുകളുടെ കയറ്റുമതി ചെയ്‍ത പാസഞ്ചര്‍ വാഹന വിഭാഗം കയറ്റുമതിയില്‍ പ്രതിവർഷം 66 ശതമാനം വർദ്ധനവ് കാണിക്കുന്നു.   204 ശതമാനം വാർഷിക വളർച്ചയോടെ, 1,24,708 യൂണിറ്റുകളുള്ള മാരുതി സുസുക്കിയാണ് കയറ്റുമതിയിലും മുന്നിൽ നിൽക്കുന്നത്. മൊത്തം കാർ കയറ്റുമതിയുടെ 38 ശതമാനവും മാരുതിക്ക് സ്വന്തമാണ്. ബലേനോ, എസ്-പ്രസോ, ഡിസയർ, സ്വിഫ്റ്റ്, വിറ്റാര ബ്രെസ, ജിംനി എന്നിവയാണ് കയറ്റുമതിയില്‍ ആദ്യ ആറ് മോഡലുകളും.

2020 സാമ്പത്തിക വർഷത്തിൽ ഫോർഡ് ആണ് ഇന്ത്യയിൽ നിന്ന് പാസഞ്ചർ വെഹിക്കിൾ (പിവി) കയറ്റുമതിയില്‍ കിരീടം സ്വന്തമാക്കിയതെങ്കില്‍ 2021 സാമ്പത്തിക വർഷത്തിൽ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ഈ സ്ഥാനത്തേക്ക് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കയറ്റുമതി റാങ്കിംഗിൽ 51,179 യൂണിറ്റുകളുമായി മാരുതി സുസുക്കിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഹ്യുണ്ടായി. ജനപ്രിയമായ പുതിയ ക്രെറ്റ എസ്‌യുവി (17,368 യൂണിറ്റുകൾ), ഗ്രാൻഡ് ഐ10 ഹാച്ച്ബാക്ക്, വെർണ സെഡാൻ (16,927 വീതം) എന്നിവയാണ് കമ്പനിയുടെ മികച്ച മൂന്ന് കയറ്റുമതി മോഡലുകൾ. പുതിയ മോഡലായ അൽകാസർ എസ്‌യുവി (1,465) കയറ്റുമതി ചെയ്യാൻ കമ്പനി ആരംഭിച്ചിട്ടുണ്ട്.

27,214 യൂണിറ്റുകളുള്ള കിയ ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. 31 ശതമാനം വാർഷിക വളർച്ച.  കമ്പനിയുടെ കയറ്റുമതി നയിക്കുന്നത് സെൽറ്റോസ് (17,992), സോനെറ്റ്(10,002) എന്നിവയാണ്. 2021 ഏപ്രിൽ-ജൂലൈ വരെ മൂന്നാം സ്ഥാനത്തായിരുന്ന ഫോക്‌സ്‌വാഗൺ ഇന്ത്യയെക്കാൾ മുന്നിലാണ് കിയ മുന്നേറിയത്. 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളിൽ ഫോക്‌സ്‌വാഗൺ ഇന്ത്യ 25,102 യൂണിറ്റുകൾ കയറ്റി അയച്ചു, അതിൽ വെന്റോ സെഡാൻ (17,814), പോളോ ഹാച്ച്ബാക്ക് (7,288) എന്നിവ ഉൾപ്പെടുന്നു. 15 ശതമാനമാണ് വാർഷിക വളർച്ച. 

നിസാൻ മോട്ടോർ ഇന്ത്യയും കയറ്റുമതിയില്‍ 198 ശതമാനം വർധിച്ച് 21,627 യൂണിറ്റുകളുമായി ശക്തമായ വളർച്ച രേഖപ്പെടുത്തി. പ്രധാനമായും സണ്ണി സെഡാനാണ് (15,665) കമ്പനിയുടെ കയറ്റുമതി താരം.  മാഗ്‌നൈറ്റ് എസ്‌യുവിയും ഗോ പ്ലസ് എം‌പി‌വിയും 4,646 യൂണിറ്റുകൾ വീതം സംഭാവന ചെയ്യുന്നു.

ആഭ്യന്തര ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങിയെങ്കിലും കയറ്റുമതി പ്രവർത്തനങ്ങൾ തുടരുന്ന ഫോർഡ് ഇന്ത്യ ചെന്നൈ തുറമുഖത്ത് നിന്ന് 18,022 വാഹനങ്ങൾ കടല്‍കടത്തി. എപ്പോഴത്തെയും പോലെ, 15,382 യൂണിറ്റുകളുള്ള ഇക്കോസ്‌പോർട്ട് എസ്‌യുവി ആയിരുന്നു ഫോര്‍ഡിന്‍റെ കയറ്റുമതിവീരന്‍. 

13,027 യൂണിറ്റുകളോടെ റെനോ ഇന്ത്യ 300 ശതമാനത്തിലധികം കയറ്റുമതി വളർച്ച കൈവരിച്ചു.  മുൻ വർഷം 2,932 യൂണിറ്റായിരുന്നു കയറ്റുമതി. 7,347 യൂണിറ്റുകളുള്ള കിഗറും ട്രൈബറും 5,659 യൂണിറ്റുകളുള്ള ക്വിഡും റെനോയുടെ കയറ്റുമതി വിപണിയിലെ പ്രധാന ഉൽപ്പന്നങ്ങളായിരുന്നു.

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ കയറ്റുമതിയില്‍ 10,471 യൂണിറ്റുകൾ രജിസ്റ്റർ ചെയ്‍തു. 9,244 യൂണിറ്റുകളുള്ള പുതിയ സിറ്റിയാണ് മികച്ച പ്രകടനം കാഴ്‍ചവച്ചത്.

ഇരുചക്രവാഹന കയറ്റുമതി, 77 ശതമാനം വളർച്ച
ആഭ്യന്തര വിപണിയിൽ പ്രത്യേകിച്ച് എൻട്രി ലെവൽ ഉൽപ്പന്നങ്ങൾക്ക് ഡിമാൻഡ് കുറയുന്ന ഇരുചക്രവാഹന വ്യവസായം പക്ഷേ, കയറ്റുമതി വിപണിയിലെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 26,19,293 യൂണിറ്റുകളുമായി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 77 ശതമാനമാണ് ടൂവീലര്‍ കയറ്റുമതിയിലെ വളര്‍ച്ച. 12,91,085 യൂണിറ്റുകളും 56 ശതമാനം വർദ്ധനവും അക്കൌണ്ടില്‍ എഴുതിച്ചേര്‍ത്ത് ബജാജ് ഓട്ടോയാണ് ഈ വിഭാഗത്തിലെ രാജാവ്. കൂടാതെ മൊത്തം ഇരുചക്രവാഹന കയറ്റുമതിയുടെ 49 ശതമാനവും ബജാജിന് സ്വന്തമാണ്. 

ഈ വിഭാഗത്തിലെ ഇന്ത്യയുടെ മറ്റൊരു താരമായ ടിവിഎസ് മോട്ടോർ കമ്പനി, 6,42,854 യൂണിറ്റുകളും 92 ശതമാനം വർധനവും നേടി മികച്ച പ്രകടനം രേഖപ്പെടുത്തി.  മൊത്തം കയറ്റുമതിയുടെ 24.54 ശതമാനമാണ് ടിവിഎസിന്‍റെ സംഭാവന. ഇതിനർത്ഥം ബജാജ് ഓട്ടോയും ടിവിഎസും ചേർന്ന് ഇന്ത്യയുടെ മൊത്തം ഇരുചക്രവാഹന കയറ്റുമതിയുടെ 75 ശതമാനവും നിയന്ത്രിക്കുന്നു എന്നാണ്.

2,12,817 യൂണിറ്റുകൾ കയറ്റുമതി ചെയ്‍ത ഹോണ്ട മോട്ടോർസൈക്കിൾ ആന്‍ഡ് സ്‍കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) 117 ശതമാനം വാർഷിക വളർച്ച കൈവരിച്ചപ്പോൾ, ഹീറോ മോട്ടോകോർപ്പ് 1,76,806 യൂണിറ്റുകൾ കയറ്റി അയച്ച്, സമാനമായ 115 ശതമാനം വളർച്ച രേഖപ്പെടുത്തി.  ഇന്ത്യ യമഹ, സുസുക്കി, റോയൽ എൻഫീൽഡ്, പിയാജിയോ എന്നിവയെല്ലാം ഈ വിഭാഗത്തില്‍ മികച്ച കയറ്റുമതി വളർച്ച രേഖപ്പെടുത്തി. 

മുച്ചക്ര വാഹന കയറ്റുമതി ഉയർന്നത്  54 ശതമാനം 
രാജ്യത്തു നിന്നുള്ള മുച്ചക്ര വാഹന വ്യവസായികളുടെ കയറ്റുമതി കണക്കുകളും മികച്ചതാണ്. 2022 സാമ്പത്തിക വർഷത്തിലെ ആദ്യ ഏഴ് മാസങ്ങളിൽ മൊത്തം 3,00,708 യൂണിറ്റാണ് ഈ വിഭാഗത്തിലെ കയറ്റുമതി.  54 ശതമാനമാണ് വാര്‍ഷികാടിസ്ഥാനത്തിലെ വളർച്ചാ നിരക്ക്. 

Follow Us:
Download App:
  • android
  • ios