Asianet News MalayalamAsianet News Malayalam

വൈറസ് വണ്ടി കയറി വരില്ല; കര്‍ണാടക അതിര്‍ത്തിയില്‍ കേരളത്തിന്‍റെ അണുനാശന ഇടനാഴി!

കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റിലും വെഹിക്കിള്‍ സാനിറ്റൈസേഷന്‍ ചേംബര്‍ സജ്ജമാക്കി മോട്ടോര്‍വാഹന വകുപ്പ്.

New Vehicle Sanitizing Chamber In Kerala Karnataka Border Thalapady
Author
Thalapady, First Published Apr 23, 2020, 2:44 PM IST

കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റിലും വെഹിക്കിള്‍ സാനിറ്റൈസേഷന്‍ ചേംബര്‍ സജ്ജമാക്കി മോട്ടോര്‍വാഹന വകുപ്പ്. 16 അടി ഉയരവും 13 അടി വീതിയും എട്ടടി നീളവുമുണ്ട് ഈ ഇടനാഴിക്ക്. ഇതിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ 40 ചെറുദ്വാരങ്ങളിലൂടെ അണുനാശിനി കലര്‍ന്ന വെള്ളം സ്‌പ്രേ ചെയ്യും. 

ഇടനാഴിയിലേക്ക് ഒരു വാഹനം പ്രവേശിക്കാന്‍ തുടങ്ങുന്നതിന് അരമീറ്റര്‍ അകലെയായി രണ്ടുഭാഗത്തും സെന്‍സറുണ്ട്. വാഹനം പ്രവേശിച്ചുതുടങ്ങുമ്പോള്‍ ഈ സെന്‍സര്‍ പ്രവര്‍ത്തിക്കുകയും പമ്പിങ് തുടങ്ങുകയും ചെയ്യും. ഒരുതവണ ടാങ്ക് നിറയുമ്പോള്‍ അതില്‍ അഞ്ചുലിറ്ററോളം സോഡിയം ഹൈപ്പോ ക്ലോറൈഡ് ചേര്‍ക്കും. ഈ മിശ്രിതമാണ് അണുനാശിനിയായി സ്‌പ്രേ ചെയ്യുന്നത്.  വശങ്ങളില്‍ ഇരുഭാഗത്തും നാലു തട്ടുകളിലായും മുകളില്‍ മൂന്നു വരികളിലായും നിര്‍മിച്ച പൈപ്പുകളില്‍നിന്നാണ് വെള്ളം പമ്പുചെയ്യുക.  

ഒന്നരമുതല്‍ രണ്ടു വരെ മിനിറ്റെടുത്താകും വാഹനങ്ങള്‍ ഇടനാഴിയിലൂടെ പുറത്തെത്തുക. വാഹനം കടന്നുപോയി കഴിയുമ്പോള്‍ പമ്പിങ് തനിയെ നിലയ്ക്കും. ഈ ഇടനാഴിക്ക് അഞ്ചുമീറ്റര്‍ തെക്കുമാറി ആയിരം ലിറ്ററിന്റെ ഒരു സിന്തറ്റിക് ടാങ്കും സ്ഥാപിച്ചു. ചെക്ക് പോസ്റ്റിലെ മോട്ടോര്‍വാഹന ഓഫീസിന്റെ ശുദ്ധജല ടാങ്കില്‍ നിന്ന് ഈ സിന്തറ്റിക് ടാങ്കിലേക്ക് വെള്ളമെത്തിക്കുകയാണ് ചെയ്യുക. ലോക് ഡൗണ്‍ കാലത്ത് പ്രതിദിനം 350 വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ടെന്നും ഇതിന് പ്രതിദിനം 2000 ലിറ്റര്‍ വെള്ളം വേണ്ടിവരുമെന്നുമാണ് കണക്ക്. 

രണ്ടുലക്ഷത്തിലധികം രൂപ ചെലവുള്ള ഈ സംവിധാനം പയ്യന്നൂര്‍ റോട്ടറി ക്ലബ്ബാണ് സ്‌പോണ്‍സര്‍ ചെയ്‍തത്. കാഞ്ഞങ്ങാട്ടെ കൃപാസ് ഇന്നൊവേറ്റീവ് ടെക്‌നോളജിയാണ് ഇടനാഴി നിര്‍മിച്ചത്. 

Follow Us:
Download App:
  • android
  • ios