രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എക്‌സ്‌യുവി 500 എസ്‌യുവി ബിഎസ്6 പതിപ്പിന്‍റെ ബുക്കിങ്ങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മഹീന്ദ്ര പുറത്തുവിട്ട വിവരം അനുസരിച്ച് മുമ്പ് അടിസ്ഥാന വേരിയന്‍റായിരുന്ന W3 ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ ഇനിയെത്തില്ല. W5, W7, W9, W11(O) എന്നീ നാല് വേരിയന്റുകളിലായിരിക്കും ഇനി എക്‌സ്‌യുനി 500 എത്തുകയെന്നാണ് വിവരം. ഈ നാല് മോഡലുകള്‍ക്കാണ് ഇപ്പോള്‍ ബുക്കിങ്ങ് സ്വീകരിക്കുന്നത്. 5000 രൂപയാണ് ബുക്കിങ്ങ് തുക ഈടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണിന് ശേഷം വില വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് കമ്പനി നേരത്തെ അറിയിച്ചിരിന്നത്. 

മെക്കാനിക്കലായുള്ള മാറ്റങ്ങള്‍ മാത്രമാണ് വാഹനത്തില്‍ വരുത്തിയിട്ടുള്ളതെന്നാണ് സൂചന. വാഹനത്തിന്റെ ഡിസൈനിലും ഇന്റീരിയറിലും എക്‌സ്റ്റീരിയറിലുമുള്ള ഫീച്ചറും മുന്‍മോഡലിലേത് തുടരുന്നുണ്ട്. അതേസമയം, എക്‌സ്‌യുവി 500-ന്റെ പെട്രോള്‍ മോഡലും ഈ വര്‍ഷം പ്രതീക്ഷിക്കാം. എംസ്റ്റാലിയന്‍ പെട്രോള്‍ എന്‍ജിനാണ് ഇതില്‍ നല്‍കുകയെന്നാണ് വിവരം.

2.2 ലിറ്റര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 153 ബിഎച്ച്പി പവറും 360 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ട്രാന്‍സ്മിഷനില്‍ മാറ്റം വരുത്തിയിട്ടില്ല. ആറ് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് പുതിയ മോഡലിലും ട്രാന്‍സ്മിഷന്‍ ഒരുക്കുകയെന്നാണ് സൂചനകള്‍. ഡീസല്‍ പര്‍ട്ടികുലേറ്റ് ഫില്‍ട്ടര്‍, സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷന്‍, ടു വേ ഓക്‌സിഡേഷന്‍ കാറ്റലിസ്റ്റ് എന്ന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിബിള്‍ ജിയോമെട്രി ടര്‍ബോചാര്‍ജര്‍ സംവിധാനത്തിലുള്ള എംഹോക്ക് എന്‍ജിനാണ് പുതിയ മോഡലിലുള്ളത്.  

2011ൽ അരങ്ങേറ്റം കുറിച്ച എക്സ്‌യുവി 500 മഹീന്ദ്ര, പിന്നീട് ഏതാനും തവണ പരിഷ്കരിച്ചിരുന്നു. കൂടുതൽ പുതുമയുള്ള മുഖം നൽകാനായി പൂർണമായും നവീകരിച്ച  രൂപകൽപ്പനയാണ് എക്സ്‌യുവി 500 എസ്‌യുവിയുടെ രണ്ടാം തലമുറയ്ക്കായി മഹീന്ദ്ര തിരഞ്ഞെടുത്തിരിക്കുന്നത്. യുഎസിലെ മിഷിഗനിലുള്ള നോർത്ത് അമേരിക്കൻ ടെക്നിക്കൽ സെന്ററിന്റെ വൈദഗ്ധ്യമാവും മഹീന്ദ്ര പുതിയ എസ്‌യുവിക്കായി പ്രയോജനപ്പെടുത്തുക. ഒപ്പം ഇറ്റാലിയൻ ഡിസൈൻ ഹൗസായ പിനിൻഫരിനയുടെ സേവനവും ലഭ്യമാണ്.