യമഹ മോട്ടോർ ഇന്തോനേഷ്യയാണ് (Yamaha Motor Indonesia)  പുതിയ ബൈക്കിനെ പ്രഖ്യാപിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ (Yamaha) പുതുക്കിയ 2022 MT-25 മോട്ടോർസൈക്കിളിനെ അവതരിപ്പിച്ചു. യമഹ മോട്ടോർ ഇന്തോനേഷ്യയാണ് (Yamaha Motor Indonesia) പുതിയ ബൈക്കിനെ പ്രഖ്യാപിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പുതിയ കളർ ഓപ്ഷനുകളിലാണ് ക്വാർട്ടർ ലിറ്റർ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ പുതിയ പെയിന്റ് സ്‍കീമുകൾ മാറ്റിനിര്‍ത്തിയാൽ, പുതിയ ബൈക്കിൽ മറ്റ് പ്രധാന അപ്‌ഡേറ്റുകളൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതുതായി അവതരിപ്പിച്ച ഓപ്ഷനുകളിലൊന്നിൽ യമഹയുടെ സിഗ്നേച്ചർ മെറ്റാലിക് ബ്ലൂ നിറവും ടാങ്ക് പാനലുകളിലും ടെയിൽ സെക്ഷനിലും ഇളം നീല നിറവും ചേർത്തിരിക്കുന്നു. ബോഡി കളേര്‍ഡ് വിലുകള്‍ കൂടി ഉൾപ്പെടുന്നതാണ് ഈ പുതിയ പെയിന്‍റ് സ്‍കീം. ഇതിനുപുറമെ, ബേസ് ഗ്രേ കളർ ഓപ്ഷനിൽ ഓറഞ്ച്, സിയാൻ ഹൈലൈറ്റുകൾ ഉൾപ്പെടുത്തി മെറ്റാലിക് ഡാർക്ക് ഗ്രേ പെയിന്റ് ഓപ്ഷനിലും മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്നു. ഈ അപ്‌ഡേറ്റ് ഒഴികെ ബാക്കി ഡിസൈനിൽ മാറ്റമില്ല.

ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന MT-15 മോട്ടോർസൈക്കിളിലും കാണാവുന്ന MT-09 അടിസ്ഥാനമാക്കിയ ബാഹ്യ രൂപകൽപ്പന ബൈക്ക് തുടരുന്നു. എൽഇഡികളുള്ള റോബോട്ട് ശൈലിയിലുള്ള ഹെഡ്‌ലാമ്പും ഒരൊറ്റ പ്രൊജക്ടറും ബൈക്കിന്റെ ചില പ്രധാന ബാഹ്യ സവിശേഷത ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. വശങ്ങളിൽ, അതിന്റെ മസ്കുലർ ലുക്ക് സംഭാവന ചെയ്യുന്ന എയർ സ്‍കൂപ്പുകൾ ഫീച്ചർ ചെയ്യുന്നു.

 250 സിസി, പാരലൽ-ട്വിൻ എഞ്ചിൻ ഹൃദയമായി തുടരുന്നു. ഇത് ജനപ്രിയ YZF-R25 മോട്ടോർസൈക്കിളിലും കാണപ്പെടുന്നു. ഈ എഞ്ചിൻ പരമാവധി 35.5bhp കരുത്തും 23.6Nm യും പുറപ്പെടുവിക്കും. ട്രാൻസ്മിഷൻ ഓപ്ഷനിൽ 6-സ്പീഡ് ഗിയർബോക്സ് ഉൾപ്പെടുന്നു. പുതിയ യമഹ MT-25 ഇന്ത്യൻ വിപണിയിൽ ഉടൻ ലോഞ്ച് ചെയ്യാൻ സാധ്യതയില്ല. ബജാജ് പൾസർ 250, സുസുക്കി ജിക്‌സർ 250, കെടിഎം 200 ഡ്യൂക്ക് എന്നിവയ്‌ക്ക് എതിരാളിയായ FZ-25 നേക്കഡ് ബൈക്ക് കമ്പനി ഇതിനകം തന്നെ രാജ്യത്ത് വില്‍ക്കുന്നുണ്ട്.