കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ മാസത്തില്‍ നടത്താനിരുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോയും മാറ്റി. ഏപ്രില്‍ 10 മുതല്‍ 19 വരെ നടക്കേണ്ടിയിരുന്ന 2020 എഡിഷന്‍ ന്യൂയോര്‍ക്ക് ഓട്ടോഷോ ഓഗസ്റ്റ് മാസത്തിലേക്കാണ് മാറ്റിവെച്ചിട്ടുള്ളത്. ഓഗസ്റ്റ് 26, 27 ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്കും 28 മുതല്‍ സെപ്റ്റംബര്‍ ആറ് വരെ പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം ഒരുക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. 

പങ്കെടുക്കുന്നവരുടെയും പ്രദര്‍ശനം നടത്തുന്നവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ന്യൂയോര്‍ക്ക് ഓട്ടോ ഷോ മാറ്റിവെയ്ക്കുന്നതെന്ന് സംഘാടകരായ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഓട്ടോമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മാര്‍ക്ക് ഷീന്‍ബെര്‍ഗ് പറഞ്ഞു. പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും പ്രഥമ പരിഗണന നല്‍കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 120 വര്‍ഷം പഴക്കമുള്ള ന്യൂയോര്‍ക്ക് ഓട്ടോ ഷോ 1900 ലാണ് ആരംഭിച്ചത്. 330 മില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക നേട്ടമാണ് ന്യൂയോര്‍ക്ക് ഓട്ടോഷോ നല്‍കിയിരുന്നത്. 

കൊറോണ വൈറസില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനായാണ് സംഘാടകര്‍ ഷോ മാറ്റിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അറിയിച്ചു. ന്യൂയോര്‍ക്ക് ഓട്ടോഷോ എന്നത് രാജ്യത്തിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമായ ഒരു പരിപാടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൊറോണയെ തുടര്‍ന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമായ ജനീവ മോട്ടോര്‍ ഷോയുടെ 2020 എഡിഷന്‍ നേരത്തെ റദ്ദാക്കിയിരുന്നു. മാര്‍ച്ച് അഞ്ച് മുതല്‍ 15 വരെ നടത്താനിരുന്ന മോട്ടോര്‍ ഷോയുടെ 90-ാമത് എഡീഷനാണ് റദ്ദാക്കിയത്. 

ജനീവയിലും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മറ്റ് പല ഭാഗങ്ങളിലും നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വടക്കന്‍ ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ വ്യാപകമാണ്. മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം ഒരുക്കുന്നതിന് മുന്നോടിയായ മാര്‍ച്ച് രണ്ടാം തീയതി മുതല്‍ മാധ്യമങ്ങള്‍ക്കായുള്ള വാഹന പ്രദര്‍ശനം ആരംഭിക്കേണ്ടതായിരുന്നു. 

മോട്ടോര്‍ ഷോ തുടരുമെന്നു തന്നെയാണ് തുടക്കത്തില്‍ സംഘാടകര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അവസാനം ഈ വര്‍ഷത്തെ മോട്ടോര്‍ ഷോ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇവന്റ് മറ്റൊരു തീയതിയിലേക്ക് മാറ്റിവെയ്ക്കാനും സംഘാടകര്‍ തയ്യാറായില്ല. കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ 1000 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ പരിപാടി ഉപേക്ഷിക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്.