ഈ വർഷം ഓഗസ്റ്റിൽ നടക്കാനിരുന്ന 2020 ലെ ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോ (എൻ‌വൈ‌എ‌എസ്) പൂര്‍ണമായും റദ്ദാക്കി. കോവിഡ് -19  മൂലമാണ് തീരുമാനം.  സോഷ്യൽ മീഡിയ ചാനലുകൾ വഴിയാണ് ഈ വിവരം സംഘാടകർ പുറത്തുവിട്ടത്. ന്യൂയോർക്ക് ഓട്ടോ ഷോയുടെ ഉടമസ്ഥരും സംഘാടകരുമായ ഗ്രേറ്റർ ന്യൂയോർക്ക് ഓട്ടോമൊബൈൽ ഡീലേർസ് അസോസിയേഷനാണ് ഇക്കാര്യം അറിയച്ചത്. 

ഈ വർഷം ഏപ്രിൽ 10 നും 19 നും ഇടയിൽ നടക്കേണ്ടിയിരുന്ന ഓട്ടോ പിന്നീട് ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 6 വരെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഈ ഷോയാണ് ഇപ്പോള്‍ പൂര്‍ണമായും ഒഴിവാക്കിയത്. അടുത്ത വര്‍ഷത്തെ ഷോ 2021 ഏപ്രിൽ 2 മുതൽ ഏപ്രിൽ 11 വരെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊറോണ വൈറസ് രോഗികൾക്കുള്ള ഫീൽഡ് ഹോസ്പിറ്റലായി സ്ഥലം കരുതിവച്ചിരിക്കുന്നതിനാൽ ഓട്ടോ ഷോയുടെ വേദിയായ ജേക്കബ് കെ. ജാവിറ്റ്സ് കൺവെൻഷൻ സെന്റർ മറ്റു പരിപാടികൾ ഒന്നും നടത്താതെ അടച്ചിരിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. നിലവിൽ ഇവിടെ രോഗികളില്ലെങ്കിലും, ഭാവി മുന്നിൽ കണ്ടു കൊണ്ട്  ഈ പ്രദേശം സ്റ്റാൻഡ്-ബൈ മോഡിലാണ്. 2020 ഷോയ്ക്കുള്ള എല്ലാ ടിക്കറ്റ് തുകയും തിരികെ നൽകുമെന്നും സംഘാടകർ അറിയിച്ചു. 

കൊറോണയെ തുടര്‍ന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമായ ജനീവ മോട്ടോര്‍ ഷോയുടെ 2020 എഡിഷന്‍ നേരത്തെ റദ്ദാക്കിയിരുന്നു. മാര്‍ച്ച് അഞ്ച് മുതല്‍ 15 വരെ നടത്താനിരുന്ന മോട്ടോര്‍ ഷോയുടെ 90-ാമത് എഡീഷനാണ് റദ്ദാക്കിയത്. ഈ വർഷം ഓഗസ്റ്റ് 16 ന് നടക്കേണ്ടിയിരുന്ന പെബിൾ ബീച്ച് കോൺകോർസ് ഡി എലഗൻസിന്റെ 2020 പതിപ്പും റദ്ദാക്കി. പ്രദർശനം 2021 ഓഗസ്റ്റ് 15 ന് പുനക്രമീകരിച്ചു.