Asianet News Malayalam

ഇന്നോവയെ വിഴുങ്ങിയ മിടുക്കന്‍റെ പുതിയ പതിപ്പ് വരുന്നു, ഇത്തവണ ലക്ഷ്യം ഇക്കൂട്ടര്‍!

നാലാം തലമുറ കാര്‍ണിവല്‍ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ് കിയ

Next gen Kia Carnival to get a 4 seater option
Author
Mumbai, First Published Apr 28, 2020, 9:44 AM IST
  • Facebook
  • Twitter
  • Whatsapp

ഇന്ത്യൻ എംയുവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഇരുട്ടടിയുമായി കിയയുടെ കാര്‍ണിവല്‍ എത്തിയത്. ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ കിയ മോട്ടോർസ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ പ്രീമിയം കാർണിവൽ എംപിവിയെ പുറത്തിറക്കിയത്. വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് വാഹനം. 

ഇപ്പോഴിതാ നാലാം തലമുറ കാര്‍ണിവലിന്റെ പ്രവര്‍ത്തനങ്ങളിലാണ് കിയ മോട്ടോഴ്‌സ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിദേശങ്ങളിലുള്ള കിയ കാര്‍ണിവല്‍ ഇനി 4 സീറ്റര്‍ വേരിയന്റിലും വിപണിയിലെത്തുമെന്നാണ് സൂചന. നിലവില്‍ 7 സീറ്റ്, 8 സീറ്റ്, 9 സീറ്റ്, 11 സീറ്റ് വേരിയന്റുകളിലാണ് കാര്‍ണിവല്‍ എംപിവി ലഭിക്കുന്നത്. 

2021 കിയ കാർണിവൽ സമ്പന്നരായ ഉപഭോക്താക്കളെ ലക്ഷ്യമാക്കിയാണ് എത്തുന്നത്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കിടയിലും മറ്റ് കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഇടയിലും നാല് സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ ധാരാളം വിറ്റുപോകുന്നുണ്ട്. കൂടുതല്‍ ഇരിപ്പുസുഖം നല്‍കുന്ന സീറ്റുകളാണ് ഇത്തരം വാഹനങ്ങളില്‍ നല്‍കുന്നത്. മാത്രമല്ല, വാഹനത്തില്‍ ഇരുന്നു കൊണ്ടുതന്നെ ജോലികള്‍ നിര്‍വഹിക്കാന്‍ കഴിയും.

അടുത്ത തലമുറ എന്‍3 പ്ലാറ്റ്‌ഫോമിലാണ് നാലാം തലമുറ കാര്‍ണിവല്‍ നിര്‍മിക്കുന്നത്. പുതിയ കാര്‍ണിവലിന് ഓപ്ഷണലായി ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ അതേ 2.2 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ തുടര്‍ന്നേക്കും. ഈ വര്‍ഷം രണ്ടാം പകുതിയില്‍ (മിക്കവാറും ഓഗസ്റ്റ്, സെപ്റ്റംബര്‍) അടുത്ത തലമുറ കിയ കാര്‍ണിവല്‍ ആഗോള അരങ്ങേറ്റം നടത്തും.

അതേസമയം ആദ്യം എത്തിയ കാര്‍ണിവല്‍ മോഡലിന് ഇന്ത്യൻ വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് എന്നാണ് വില്‍പ്പന കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് വിൽപ്പനയ്‌ക്കെത്തിയതിന് ശേഷം വെറും മൂന്ന് മാസത്തിനുള്ളിൽ മൊത്തം 3,000 കാർണിവലുകൾ വിൽക്കാൻ കിയയ്ക്ക് കഴിഞ്ഞു. മാർച്ചിൽ മാത്രം 1,117 യൂണിറ്റ് പ്രീമിയം എംപിവി കമ്പനി വിപണിയിൽ എത്തിച്ചു. 24.95 ലക്ഷം മുതൽ 33.95 ലക്ഷം വരെയാണ് കാർണിവലിന്റെ വില. 

പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭിക്കുന്ന കാർണിവലിന് 7, 8, 9 എന്നിങ്ങനെ മൂന്ന് സീറ്റിംഗ് ഓപ്‌ഷനുകളാണ് കിയ നൽകിയിരിക്കുന്നത്. ബേസ് പ്രീമിയം പതിപ്പിൽ 7 അല്ലെങ്കിൽ 8 ആയിരിക്കും. 7 അല്ലെങ്കിൽ 9 സീറ്റ് ഫോർമാറ്റിൽ ആണ് പ്രസ്റ്റീജ് എത്തുന്നത്. അതേസമയം ഏറ്റവും ഉയർന്ന പതിപ്പായ ലിമോസിൻ 7-സീറ്റർ ആയിരിക്കും.

അടിസ്ഥാന വകഭേദമായ പ്രീമിയത്തിൽ (ഏഴ്, എട്ട് സീറ്റുകളിൽ ലഭിക്കും) ടച്ച് സ്‍ക്രീ ഇൻഫോടൈൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ, ക്രൂസ് കൺട്രോൾ, പുഷ് ബട്ടൻ സ്റ്റാർട്ട്, 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.

രണ്ടാമത്തെ വകഭേദമായ പ്രസ്റ്റീജിൽ എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, ഐസ് ക്യൂബ് എൽഇഡി ഫോഗ് ലാംപ്, എൽഇഡി ടെയിൽ ലാംപ്, ഡ്യുവൽ പാനൽ ഇലക്ട്രിക് സൺറൂഫ്, കോർണർ ബ്രേക്ക് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഏഴ്, ഒമ്പത് സീറ്റ് വകഭേദങ്ങളിൽ പ്രസ്റ്റീജ് ലഭിക്കും. 

എം‌പിവിയുടെ ഏറ്റവും ഉയർന്ന മോഡലായിരിക്കും ലിമോസിൻ പതിപ്പ്. സ്റ്റാൻഡേർഡായി ആഡംബര VIP സീറ്റുകളുള്ള ഏഴ് സീറ്റർ വാഹനമാണിത്. വാഹനത്തിലെ എല്ലാ അപ്ഹോൾസ്റ്ററികളും നാപ്പ ലെതറിനാൽ നിർമ്മിച്ചതാണ്. സ്റ്റിയറിംഗ് വീലിന് പോലും ലെതർ റാപ്പിംഗ് ലഭിക്കും. 

Follow Us:
Download App:
  • android
  • ios