2021-ൽ ആരംഭിച്ച പിഎം ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ (എൻഎംപി), ലോജിസ്റ്റിക് ചെലവുകൾ കുറയ്ക്കുന്നതിന് സംയോജിതവും ആസൂത്രിതവുമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ലക്ഷ്യമിടുന്നു.

ദില്ലി: ദേശീയ പാത അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതികളിൽ ഒരു കിലോമീറ്ററിന് 15 കോടി രൂപ വരെ ലാഭിക്കാമെന്ന് വിദ​ഗ്ധോപദേശം. പിഎം ഗതി ശക്തി സംരംഭത്തിന് കീഴിലുള്ള നെറ്റ്‌വർക്ക് പ്ലാനിംഗ് ഗ്രൂപ്പ് (എൻപിജി) ആണ് നിർദേശം മുന്നോട്ടുവെച്ചത്. എൻ‌എച്ച്‌എ‌ഐ പദ്ധതികൾക്കായുള്ള അലൈൻ‌മെന്റ് പരിഷ്‌ക്കരിച്ചതിന് ശേഷം വിവിധ എക്‌സ്‌പ്രസ് വേ ഇടനാഴികൾ സംയോജിപ്പിച്ച് റോഡുകളുടെ നീളം കുറച്ചാൽ കിലോമീറ്ററിന് 15 കോടി ലാഭിക്കാമെന്ന് എൻപിജി തലവൻ സുമിത ദവ്‌റ പറഞ്ഞു.

പിഎം ഗതി ശക്തി സംരംഭത്തിന് കീഴിൽ സ്ഥാപിതമായ എൻപിജി, 2021 ഒക്ടോബറിൽ ആരംഭിച്ചതുമുതൽ 143.26 ബില്യൺ ഡോളർ മൂല്യമുള്ള 119 അടിസ്ഥാന സൗകര്യ പദ്ധതികൾ വിലയിരുത്തിയിട്ടുണ്ട്. 660 മില്യൺ ഡോളർ മൂല്യമുള്ള 200-ലധികം സംസ്ഥാന ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ മെച്ചപ്പെടുത്താനു് എൻപിജി ശുപാർശ ചെയ്തിരുന്നു. റോഡുകളിലും റെയിൽ ഗതാഗതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പുറമേ, പുതിയ ആശുപത്രികൾ, ജലസേചന പദ്ധതികൾ, പുതിയ സ്‌കൂളുകൾ തുറക്കൽ, റോഡ് കണക്റ്റിവിറ്റി ആവശ്യകതകൾ എന്നിവയുടെ കുറവ് കണ്ടെത്തുന്നതുൾപ്പെടെ സാമൂഹിക മേഖലാ ആസൂത്രണത്തിനുള്ള സംവിധാനങ്ങൾ എൻപിജി വികസിപ്പിച്ചു.

2021-ൽ ആരംഭിച്ച പിഎം ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ (എൻഎംപി), ലോജിസ്റ്റിക് ചെലവുകൾ കുറയ്ക്കുന്നതിന് സംയോജിതവും ആസൂത്രിതവുമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ലക്ഷ്യമിടുന്നു. വിദ്യാഭ്യാസം, റെയിൽവേ, റോഡ് ഗതാഗതം, ഹൈവേകൾ, ആരോഗ്യം, വൈദ്യുതി, ഷിപ്പിംഗ് തുടങ്ങിയ വിവിധ മന്ത്രാലയങ്ങൾക്ക് സമഗ്രമായ ഡാറ്റ നൽകുന്നത് എൻപിജിയുടെ ചുമതലയാണ്.