ടോൾ പ്ലാസയിലെ എല്ലാ ക്യാഷ് ലെയ്‌നുകളും 2021 ജനുവരി 1 മുതൽ ഫാസ്റ്റ് ടാഗ് പാതകളായി മാറുകയാണ്. അതിനാൽ, ടോൾ പ്ലാസകളിൽ ജനുവരി 1 മുതൽ പണമടയ്ക്കൽ ഉണ്ടാകില്ല. ഫാസ്‍ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പുതിയൊരു സംവിധാനം ഒരുക്കാനൊരുങ്ങുകയാണ് ദേശീയപാത അതോറിറ്റി എന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രീ പെയ്‍ഡ് കാര്‍ഡുകള്‍ അവതരിപ്പിച്ചേക്കുമെന്നാണ് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെട്രോ ട്രെയിനുകളിലേതു പോലെ മെഷീന്‍ ടാപ്പിങ് സൗകര്യമുള്ള കാര്‍ഡുകളായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ടെന്‍ഡര്‍ ക്ഷണിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവിൽ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ പണം കൊടുത്തു കടന്നുപോകാന്‍ ഒരു ലൈന്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. ഇത് കാരണം പലയിടത്തും വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാന്‍ സാധിക്കുന്നത്. പ്രീപെയ്ഡ് കാർഡ് സേവനം ഇത്തരക്കാർക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. 50 രൂപ വില വരുന്ന കാര്‍ഡ് റീചാര്‍ജ് ചെയ്യാം. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഫാസ്ടാഗ് ലൈനിലേക്കു കയറുന്നത് പല തരത്തിലുള്ള തര്‍ക്കങ്ങള്‍ക്കും ഇടയാക്കാറുണ്ട്. തിരക്കൊഴിവാക്കാനാണ് മെഷീനിലെ സെന്‍സറിനു മുകളില്‍ കാണിച്ചു കടന്നുപോകാവുന്ന കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നത്. പ്രീ-പെയ്ഡ് കാര്‍ഡ് ടോള്‍ മാനേജ്‌മെന്റ് സംവിധാനവുമായി ബന്ധപ്പെടുത്തും.

ടെന്‍ഡര്‍ ലഭിക്കുന്ന കമ്പനി എല്ലാ ടോള്‍ ബൂത്തുകളിലും 3 മാസത്തേക്ക് കാര്‍ഡ് വില്‍പ്പന, റീചാര്‍ജ്, ടോള്‍ പ്ലാസ ജീവനക്കാര്‍ക്കു പരിശീലനം എന്നിവയും നല്‍കണമെന്നു വ്യവസ്ഥകളിലുണ്ട്. ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ 70 ശതമാനം വാഹനങ്ങളിലും ഫാസ്ടാഗ് സംവിധാനം നടപ്പാക്കികഴിഞ്ഞു. രാജ്യത്തെ പ്രതിദിന ടോള്‍ പിരിവ് 92 കോടി രൂപയായി ഉയര്‍ന്നതായും ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി ഒരു വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തെ ടോള്‍പിരിവിന്റെ 75 ശതമാനം വര്‍ധനവാണ് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.