ദില്ലി: ദില്ലയില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പതുവയസ്സുകാരിക്ക് പരിക്കേറ്റു. നവി മുംബൈയില്‍ വച്ച് ചുമരിനോട് ചേര്‍ത്താണ് പെണ്‍കുട്ടിയെ കാറിടിച്ചത്. പരിക്കുകളോടെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സാക്ഷി സിംഗ് എന്ന പെണ്‍കുട്ടിയെ കമോത്തിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കമോത്ത് പൊലീസ് കേസെടുത്തു. 

44 കാരനായ നരേഷ് മെഹ്ത്രയാണ് കാര്‍ ഓടിച്ചിരുന്നത്. ലാ.് നഗര്‍ ഹൗസിംഗ് സൊസൈറ്റിയില്‍ താമസിക്കുന്ന ഇയാള്‍ അധ്യാപകനാണ്. പെണ്‍കുട്ടി വൈകീട്ട് 3.30 ഓടെ അപകടം നടന്ന സ്ഥലത്തുകൂടി നടന്നുവരികയായിരുന്നു. ഇതേ സമയം തന്നെയാണ് നരേഷ് കാറുമായി പുറത്തുകടന്നത്. 

ഒരു കാര്‍ കടന്നുപോകാന്‍ മാത്രം സ്ഥലമുള്ള ഗേറ്റിലൂടെയാണ് പെണ്‍കുട്ടിയും കാറും ഒരേ സമയം പുറത്തുകടന്നത്. നരേഷിന് കാറിന്‍റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കാര്‍ നിര്‍ത്താനായി ബ്രേക്കിന് പകരം ആക്സിലറേറ്ററില്‍ ചവിട്ടിയതോടെ വാഹനത്തിന്‍റെ നിയന്ത്രണം വിട്ടതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് നരേഷ് പൊലീസിനോട് പറഞ്ഞു. 

കേസില്‍ പരാതി നല്‍കാന്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ സമീപിച്ചെങ്കിലും അവര്‍ തയ്യാറായില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ പൊലീസ് സ്വമേദയാ കേസെടുത്തു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ നരേഷിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.