Asianet News MalayalamAsianet News Malayalam

സിഎസ്‍ഡി കാന്‍റീന്‍ വഴി ഇനി ഈ കാറുകള്‍ വാങ്ങാം, വിലയില്‍ വന്‍ മാറ്റം!

സിഎസ്‍ഡി അംഗീകരിച്ച എല്ലാ വിലക്കിഴിവുകളും ഓഫറുകളും രാജ്യമെങ്ങുമുള്ള സിഎസ്‍ഡി ഡിപ്പോകളിലൂടെ സൈനികര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമായിരിക്കും

Nissan And Datsun Cars Now Available At CSD Outlets
Author
Mumbai, First Published Jun 16, 2021, 12:03 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാൻ കാന്റീന്‍ സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്മെന്റ്‌സ് (സിഎസ്‍ഡി) വഴി വാഹനങ്ങള്‍ വാങ്ങുവാന്‍ സൌകര്യം ഒരുക്കുന്നതായി റിപ്പോര്‍ട്ട്. നിസാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡ് കാറുകള്‍ വാങ്ങാന്‍ കഴിയുമെന്ന് നിസാന്‍ ഇന്ത്യ അറിയിച്ചതായി കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. സി‌എസ്‌ഡി അംഗീകൃത കിഴിവുകളും വാഹനങ്ങൾക്ക് ലഭിക്കും. രാജ്യത്തുടനീളമുള്ള സി‌എസ്‌ഡി ഡിപ്പോകളിലൂടെ പ്രതിരോധ ഉദ്യോഗസ്ഥർക്ക് വാഹനങ്ങൾ തിരഞ്ഞെടുക്കാം. മാഗ്നൈറ്റ്, കിക്സ്, ഗോ, റെഡി-ഗോ എന്നു വാഹനങ്ങളാണ് നിലവിൽ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. സിഎസ്‍ഡി അംഗീകരിച്ച എല്ലാ വിലക്കിഴിവുകളും ഓഫറുകളും രാജ്യമെങ്ങുമുള്ള സിഎസ്‍ഡി ഡിപ്പോകളിലൂടെ ഡിഫെന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമായിരിക്കും.

വാങ്ങേണ്ട വാഹനം തെരഞ്ഞെടുക്കല്‍, ഡീലര്‍ രേഖകള്‍ അപ്‌ലോഡ് ചെയ്യല്‍, ലഭ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രഫോമ ഇന്‍വോയ്‌സ്, ഉപഭോക്തൃ രേഖകള്‍, പ്രാദേശിക വിതരണ ഓര്‍ഡര്‍ (എല്‍എസ്ഒ), കാന്റീന്‍ കാര്‍ഡ്, കെവൈസി, പെയ്മെന്റ് ട്രാന്‍സ്ഫര്‍ വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടെ സിഎസ്ഡി ഗുണഭോക്താക്കള്‍ക്ക് കാര്‍ വാങ്ങല്‍ പ്രക്രിയകളെല്ലാം ഓണ്‍ലൈനിലാണ്. നിസാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഷോപ്പ് അറ്റ് ഹോമില്‍ നിന്ന് വാഹനം ബുക്ക് ചെയ്യാനും ഡീലര്‍ഷിപ്പിനെ അറിയിച്ച് സിഎസ്ഡി ഓഫറുകള്‍ നേടാനും കഴിയും.

മിലിട്ടറി കാൻറീൻ വഴി വാങ്ങുമ്പോൾ വമ്പിച്ച വിലക്കുറവാണ് നിസാന്‍ മാഗ്നൈറ്റിന് ലഭിക്കുന്നത്. മാഗ്നൈറ്റ് അടിസ്ഥാന വകഭേദത്തിന് 5.59 ലക്ഷമാണ് എക്സ് ഷോറൂം വില. എന്നാൽ മിലിട്ടറി കാൻറീൻ വഴി വാങ്ങുമ്പോൾ ഇത് 4.82 ലക്ഷമായി കുറയും.6.31 ലക്ഷം വിലവരുന്ന ഗോ സി.വി.ടിക്ക് കാൻറീനിൽ 5.33 ലക്ഷം മാത്രമാണ് വിലവരിക. ഇതുപോലെ എല്ലാ വാഹനങ്ങൾക്കും വിലക്കിഴിവ് ലഭിക്കും. നിസാന്‍ മാഗ്‌നൈറ്റ് വേരിയന്റുകള്‍ക്ക് കിലോമീറ്ററിന് 29 പൈസയാണ് ഏറ്റവും കുറഞ്ഞ പരിപാലന ചെലവ്. പുതിയ നിസാന്‍ മാഗ്‌നൈറ്റ് എക്‌സ്ഇ വേരിയന്റിന് 4,82,306 രൂപയാണ് വില. 

നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്. പുതിയ എച്ച്ആര്‍എഒ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ലോകോത്തര സ്‌പോര്‍ട്‌സ് കാറായ നിസ്സാന്‍ ജിടി-ആറിലേത് പോലുള്ള  'മിറര്‍ ബോര്‍ സിലിണ്ടര്‍ കോട്ടിംഗ്' സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്നൈറ്റിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.  

XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. നൂതന സാങ്കേതികവിദ്യയും ജാപ്പനീസ് എഞ്ചിനീയറിംഗ് കരുത്തോടെയും രൂപകല്‍പ്പന ചെയ്തിരിക്കുന്ന വാഹനം  ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്‍തിരിക്കുന്നതാണെന്ന് കമ്പനി പറയുന്നു.

ധീരന്‍മാരായ പ്രതിരോധ ഉദ്യോഗസ്ഥരെ സേവിക്കുന്നതില്‍ നിസാന്‍ അഭിമാനിക്കുന്നതായി നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്‍തവ പറഞ്ഞു. നിസാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡ് കാറുകള്‍ക്കും എസ്‍യുവി വിഭാഗത്തില്‍ ഈയിടെ പുറത്തിറക്കിയ നിസാന്‍ മാഗ്‌നൈറ്റിനും മികച്ച പ്രതികരണം ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം അടുത്തിടെ സബ്‍സ്ക്രിപ്ഷൻ പ്രോഗ്രാമും നിസാൻ അവതരിപ്പിച്ചിരുന്നു. ഒറിക്സുമായി സഹകരിച്ചാണ് നിസാൻ സബ്‍സ്‍ക്രിപ്ഷൻ മോഡൽ അവതരിപ്പിച്ചിത്. പുതിയ നിസാൻ മാഗ്നൈറ്റ്, നിസാൻ കിക്ക്സ്, ഡാറ്റ്സൺ റെഡി-ഗോ എന്നിവ സബ്സ്ക്രിപ്ഷൻ പ്ലാനിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios