നിസ്സാൻ മോട്ടോർ കമ്പനിയുടെ പുതിയ സിഇഒ ആയി ഇവാൻ എസ്പിനോസയെ നിയമിച്ചു. സാമ്പത്തിക പ്രകടനത്തിലെ ഇടിവിനെത്തുടർന്ന് മക്കോട്ടോ ഉച്ചിഡ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് നിയമനം. ഹോണ്ടയുമായുള്ള ലയന ചർച്ചകൾ പരാജയപ്പെട്ടതും ഒരു കാരണമാണ്.

നിസാൻ മോട്ടോർ കമ്പനി തങ്ങളുടെ മുതിർന്ന എക്സിക്യൂട്ടീവ് ഇവാൻ എസ്പിനോസയെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. മാർച്ച് അവസാനം സ്ഥാനമൊഴിയുന്ന മക്കോട്ടോ ഉച്ചിഡയ്ക്ക് പകരക്കാരനായിട്ടാണ് അദ്ദേഹം നിയമിതനാകുന്നത്. 2003 മുതൽ നിസാനിൽ സേവനമനുഷ്ഠിക്കുന്ന എസ്‍പിനോസ നിലവിൽ ചീഫ് പ്ലാനിംഗ് ഓഫീസറാണ്. ഏപ്രിൽ ഒന്നിന് അദ്ദേഹം പുതിയ സിഇഒ ആയി ചുമതലയേൽക്കും. 

നിസാൻ, ഹോണ്ട ലയന ചർച്ചകൾ പരാജയപ്പെട്ട് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ സംഭവവികാസം എന്നതാണ് ശ്രദ്ധേയം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിസ്സാനും ഹോണ്ടയും തമ്മിലുള്ള ലയനത്തെക്കുറിച്ചുള്ള ചർച്ചകൾ ലോക ഓട്ടോമൊബൈൽ മേഖലയിൽ ഒരു കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ ഈ ചർച്ചകൾ മേശകളിലും പത്രസമ്മേളനങ്ങളിലും മാത്രമായി ഒതുങ്ങി. അതിനുശേഷമാണ് നിസാൻ സിഇഒ മക്കോട്ടോ ഉച്ചിഡയെ സ്ഥാനത്തുനിന്ന് നീക്കിയത്. 

സാമ്പത്തിക പ്രകടനത്തിലെ തുടർച്ചയായ ഇടിവും വമ്പൻ കമ്പനിയായ ഹോണ്ടയുമായുള്ള ലയന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നുമാണ് നിസ്സാൻ അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മക്കോട്ടോ ഉച്ചിഡയെ സ്ഥാനത്ത് നിന്ന് നീക്കിയതായി ആഗോള മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. കമ്പനിയുടെ ചീഫ് പ്ലാനിംഗ് ഓഫീസറായ ഇവാൻ എസ്പിനോസ ഏപ്രിൽ ആദ്യം മുതൽ സിഇഒ ആയി ചുമതലയേൽക്കുമെന്നും അദ്ദേഹം ബിസിനസ് മുന്നോട്ട് നയിക്കുമെന്നും ചൊവ്വാഴ്ച വൈകുന്നേരം ടോക്കിയോയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം നവംബർ മുതൽ കമ്പനിയുടെ നേതൃത്വത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. കമ്പനിയുടെ അർദ്ധ വാർഷിക വരുമാനത്തിൽ 94 ശതമാനം വൻ ഇടിവ് റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം, 9,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാനും ഉൽപ്പാദന ശേഷി 20 ശതമാനം കുറയ്ക്കാനും നിസ്സാൻ പദ്ധതിയിട്ടിരുന്നു. ചൊവ്വാഴ്ച നടന്ന ഒരു വാർ‍ത്താസമ്മേളനത്തിൽ, തന്റെ നേതൃത്വത്തെക്കുറിച്ചുള്ള സംശയങ്ങൾ കമ്പനിക്കുള്ളിലും വളർന്നുവരുന്നതായി ഉച്ചിഡ സമ്മതിച്ചു. "ഈ രീതിയിൽ സ്ഥാനമൊഴിയേണ്ടി വരുന്നത് നിർഭാഗ്യകരമാണ്. ഈ സാഹചര്യത്തിൽ നിന്ന് കരകയറുകയും സ്ഥിരത കൈവരിക്കുകയും ചെയ്യുക എന്നതാണ് നിസാന്‍റെ ഇപ്പോഴത്തെ ഏറ്റവും വലിയ മുൻഗണന," അദ്ദേഹം പറഞ്ഞു.

2019 ൽ ഉച്ചിഡ സിഇഒ ആയതിനുശേഷം, നിസ്സാന്റെ വിപണി മൂല്യം 40 ശതമാനത്തിലധികം കുറഞ്ഞിരുന്നു. 2019 ഡിസംബറിൽ കമ്പനിയുടെ മൂല്യം 2.91 ട്രില്യൺ ജാപ്പനീസ് യെൻ ആയിരുന്നു, ഇപ്പോൾ അത് 1.63 ട്രില്യൺ ജാപ്പനീസ് യെൻ (11 ബില്യൺ ഡോളർ) ആയി കുറഞ്ഞു. സിഇഒ ആയതിനുശേഷം എസ്‍പിനോസ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിസാനെ സാമ്പത്തിക ശക്തിയിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ്. 

കഴിഞ്ഞ വർഷം ഡിസംബറിൽ ജാപ്പനീസ് ഭീമൻ കാർ കമ്പനികളായ നിസാൻ, ഹോണ്ട, മിത്സുബിഷി എന്നിവ ഒന്നിച്ചു ചേരുമെന്ന് പ്രഖ്യാപിക്കുകയും ഒരു ജോയിന്റ് ഹോൾഡിംഗ് കമ്പനിക്കായി ഒരു ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്തിടെ ഹോണ്ടയുമായുള്ള ഈ പങ്കാളിത്ത ചർച്ചകൾ അവസാനിച്ചു. ഇത് കമ്പനിക്ക് വലിയ നഷ്‍ടമുണ്ടാക്കി. ഈ കരാർ വിജയിച്ചിരുന്നെങ്കിൽ, ടൊയോട്ട മോട്ടോർ കോർപ്പ്, ചൈനയുടെ ബിവൈഡി കമ്പനി തുടങ്ങിയ കമ്പനികൾക്കെതിരെ ശക്തമായി നിലകൊള്ളാൻ നിസാന് അവസരം ലഭിക്കുമായിരുന്നു. എന്നാൽ അധികാര സന്തുലിതാവസ്ഥയെച്ചൊല്ലി ഇരു കമ്പനികളും തമ്മിൽ തർക്കം നടന്നു. ഇതൊടുവിൽ 2025 ഫെബ്രുവരിയിൽ പങ്കാളിത്തം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചു.

ഇപ്പോൾ നിസ്സാൻ ഒരു പുതിയ പങ്കാളിത്തം തേടുകയാണ്. നിസാൻ ഒരു അമേരിക്കൻ ടെക്നോളജി കമ്പനിയുമായി ഒരു പങ്കാളിത്തത്തിന് പദ്ധതിയിടുന്നതായി അടുത്തിടെ ബ്ലൂംബ‍ഗ് റിപ്പോ‍ട്ട് ചെയ്‍തിരുന്നു. ഹോണ്ട കരാർ പരാജയപ്പെട്ടതിനെത്തുടർന്ന്, ഇലക്ട്രിക് വാഹന നിർമ്മാണത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന ഫോക്‌സ്‌കോണുമായി നിസാൻ ചർച്ചകൾ നടത്താനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.