രാജ്യത്തെ ലോക്ക് ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടിയതിന് പിന്നാലെ വാഹനങ്ങളുടെ വാറന്‍റി, ഷെഡ്യൂൾ ചെയ്ത സേവനങ്ങൾ മുതലായവയുടെ സമയപരിധി നീട്ടിയ വാഹന നിർമാതാക്കളുടെ പട്ടികയിൽ ഇടംപിടിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാനും. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ നഷ്ടപ്പെട്ട സൗജന്യ സര്‍വീസ് കാലാവധി ലോക്ക്ഡൗണിന് ശേഷം ഒരുമാസത്തേക്കു കൂടി നീട്ടി നല്‍കിയിരിക്കുകയാണ് നിസാന്‍.  

ലോക്ക് ഡൗണ്‍ തുടങ്ങത് മുതല്‍ അവസാനിക്കുന്നത് വരെയുള്ള കാലയളവില്‍ വാറന്‍റി അവസാനിച്ച വാഹനങ്ങള്‍ക്ക് ഒരു മാസത്തേക്ക് കൂടിയാണ് വാറന്‍റി നീട്ടിനല്‍കുന്നത്. ഈ കാലഘട്ടത്തില്‍ വാറന്‍റി അവസാനിച്ച വാഹനങ്ങള്‍ക്ക് എക്‌സ്‌റ്റെന്റഡ് വാറന്‍റി എടുക്കുന്നതിനുള്ള സംവിധാനങ്ങളും നിസാന്‍ ഒരുക്കും.

ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തുടനീളമുള്ള നിസാന്‍ ഷോറൂമുകളും നിസാന്റെ പ്ലാന്റും അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ കമ്പനി ഒരുക്കിയിട്ടുള്ള എമര്‍ജന്‍സി റോഡ് സൈഡ് അസിസ്റ്റന്‍സ് സേവനം 24 മണിക്കൂറും ലഭ്യമാകും.  നിസാന് പുറമെ, ഇന്ത്യയിലെ മറ്റ് വാഹനനിര്‍മാതാക്കളും വാഹനങ്ങളുടെ സര്‍വീസിനും വാറണ്ടിക്കും സമയം നീട്ടി നല്‍കിയിട്ടുണ്ട്.