Asianet News MalayalamAsianet News Malayalam

Magnite : മാഗ്നൈറ്റ് വിൽപ്പന 30,000 കടന്നു, ബുക്കിംഗ് 72,000; തലേവര തെളിഞ്ഞ് നിസാന്‍ ഇന്ത്യ

30,000-ാമത്തെ മാഗ്‌നൈറ്റ് ജാപ്പനീസ് കാർ നിർമ്മാതാവ് ഗുഡ്‍ഗാവിലെ ഒരു ഉപഭോക്താവിന് കൈമാറിയതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

Nissan Magnite sales cross 30000 units
Author
Mumbai, First Published Nov 26, 2021, 10:28 PM IST

ഏകദേശം ഒരു വർഷം മുമ്പാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ (Nissan India) ഇന്ത്യയിൽ മാഗ്‌നൈറ്റ് കോംപാക്റ്റ് എസ്‌യുവിയെ (Nissan Magnite) അവതരിപ്പിച്ചത്. ഇപ്പോള്‍ ഇതുവരെ ഈ വാഹനത്തിന്‍റെ 30000 യൂണിറ്റുകള്‍ കമ്പനി വിറ്റെന്നാണ് പുതിയ റിപ്പോര്‍ട്ട്. 30,000-ാമത്തെ മാഗ്‌നൈറ്റ് ജാപ്പനീസ് കാർ നിർമ്മാതാവ് ഗുഡ്‍ഗാവിലെ ഒരു ഉപഭോക്താവിന് കൈമാറിയതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഡിസംബറിൽ  4.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്ക് പുറത്തിറക്കിയ മാഗ്‌നൈറ്റ് നിസാന്റെ മികച്ച വിജയമായി മാറിയിരിക്കുന്നു. ഇതുവരെ ഇന്ത്യയിൽ 72,000 ബുക്കിംഗുകളും മാഗ്നൈറ്റ് നേടിക്കഴിഞ്ഞെന്നാണ് കണക്കുകള്‍.

2020 ഡിസംബര്‍ ആദ്യവാരമാണ് നിസാൻ ഇന്ത്യ സബ് കോംപാക്റ്റ് എസ്‌യുവിയായ മാഗ്നൈറ്റിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.  ഇന്ത്യയിലെ നിസാന്റെ തലേവര മാറ്റുന്നതിൽ മാഗ്‌നൈറ്റ് പ്രധാന പങ്കുവഹിച്ചു. പാസഞ്ചർ, യൂട്ടിലിറ്റി വാഹന വിഭാഗങ്ങളിലെ കമ്പനിയുടെ മെച്ചപ്പെട്ട വിപണി വിഹിതത്തിൽ അത് നന്നായി പ്രതിഫലിക്കുന്നു. പിവി വിഭാഗത്തിൽ, നിസ്സാൻ ഇന്ത്യയുടെ വിഹിതം ഒരു വർഷം മുമ്പ് 0.37 ശതമാനത്തിൽ നിന്ന് (4,431 യൂണിറ്റുകൾ) ഏപ്രിൽ-ഒക്ടോബർ കാലയളവിൽ 1.38 ശതമാനമായി (22,304 യൂണിറ്റുകൾ) വളർന്നു.

അതേസമയം, യുവി സെഗ്‌മെന്റിൽ, നിസാൻ ഒരു വർഷം മുമ്പ് 0.20 ശതമാനത്തിൽ നിന്ന് (924 യൂണിറ്റുകൾ) 2.78 ശതമാനം (21,297 യൂണിറ്റ്) വരെ വളർച്ച കൈവരിച്ചു. ഇതുവരെ വിറ്റഴിച്ച 30,000 മാഗ്‌നൈറ്റുകളിൽ 20,132 യൂണിറ്റുകളും ഈ സാമ്പത്തിക വർഷത്തിന്റെ (FY2022) ആദ്യ ഏഴു മാസങ്ങളിൽ വിറ്റതാണ്. മാഗ്‌നൈറ്റിന് ഓരോ മാസവും ശരാശരി 3,000 യൂണിറ്റ് വില്‍പ്പനകൾ ലഭിക്കുന്നുണ്ട്. ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന 2021 ജൂലൈയിൽ ആണ്. 4,073 യൂണിറ്റുകളായിരുന്നു ഈ ജൂലൈയില്‍ മാത്രം വിറ്റത്. 

30,000-ാമത്തെ മാഗ്‌നൈറ്റിന്റെ വിതരണത്തോടനുബന്ധിച്ച് ഗുരുഗ്രാം ഡീലർഷിപ്പിൽ നടന്ന പ്രത്യേക ചടങ്ങിലാണ് വാഹനം ഉപഭോക്താവിന് കൈമാറിയത്.  ഇന്ത്യാ സന്ദർശന വേളയിൽ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ, യൂറോപ്പ്, ഓഷ്യാനിയ (എഎംഐഇഒ) മേഖലകൾക്കായുള്ള നിസാൻ ചെയർപേഴ്‍സൺ ഗില്ലൂം കാർട്ടിയർ താക്കോൽ കൈമാറി. ഇന്ത്യൻ ഡിവിഷനിലെ ആദ്യ നിസാൻ മാഗ്‌നൈറ്റിന്റെ ലോഞ്ച് ചെയ്‍ത നിസാൻ ഇന്ത്യ ടീമിന് നിസാൻ ഗ്ലോബൽ പ്രസിഡൻറ്സ് അവാർഡും ചെയർപേഴ്‌സൺ സമ്മാനിച്ചു.

രണ്ട് പെട്രോൾ എഞ്ചിനുകളുമായാണ് മാഗ്നൈറ്റ് എത്തുന്നത്. ആദ്യത്തേത് 72 എച്ച്പി, 96 എൻഎം, 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ, രണ്ടാമത്തേത് 100 എച്ച്പി, 160 എൻഎം, 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ, ടർബോ-പെട്രോൾ യൂണിറ്റാണ്. ഗിയർബോക്‌സ് ഓപ്ഷനുകളുടെ കാര്യത്തിൽ, രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി 5-സ്പീഡ് മാനുവലുമായി ജോടിയാക്കുന്നു. ടർബോ-പെട്രോളിന് ഒരു CVT ഓട്ടോമാറ്റിക് ഓപ്ഷൻ കൂടി ലഭിക്കുന്നു, എന്നാൽ ഈ കോൺഫിഗറേഷനിൽ എഞ്ചിന്റെ ടോർക്ക് ഔട്ട്പുട്ട് 8Nm കുറയുന്നു.

ഈ സെഗ്‌മെന്റിലെ മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി സവിശേഷതകളും മൂല്യവും കലർന്നതിനാൽ, മാഗ്‌നൈറ്റിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റുകൾക്ക് കൂടുതൽ ഡിമാൻഡുണ്ട്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി 7.0 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേ, വോയ്‌സ് റെക്കഗ്നിഷൻ ടെക്‌നോളജി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ടയർ പ്രഷർ മോണിറ്റർ തുടങ്ങിയ ഫീച്ചറുകള്‍ ഈ വേരിയന്റുകളെ വേറിട്ടതാക്കുന്നു. പുഷ്-ബട്ടൺ സ്റ്റാർട്ട്, ക്രൂയിസ് കൺട്രോൾ എന്നിവയും ഇതിലുണ്ട്. 

നിസാൻ മാഗ്‌നൈറ്റിന് നിലവിൽ 5.71 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് ദില്ലി എക്‌സ് ഷോറൂം വില. റെനോ കിഗര്‍  കിയ സോണറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, ടാറ്റ നെക്സോണ്‍,  മാരുതി ബ്രസ, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍‌ തുടങ്ങിവയ്‌ക്ക് ഒപ്പം കോം‌പാക്റ്റ് എസ്‌യുവി വിഭാഗത്തിലാണ് മാഗ്‌നൈറ്റ് മത്സരിക്കുന്നത്.

XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.

നൂതന സാങ്കേതികവിദ്യയും ജാപ്പനീസ് എഞ്ചിനീയറിംഗ് കരുത്തോടെയും രൂപകല്‍പ്പന ചെയ്‍തിരിക്കുന്ന വാഹനം  ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്‍തിരിക്കുന്നതാണെന്ന് കമ്പനി പറയുന്നു. മികച്ച ഡിസൈനും അതിനൊത്ത രണ്ട് പെട്രോൾ എഞ്ചിനും താങ്ങാനാവുന്ന വിലയും കൂടി ആയതോടെ മാഗ്നൈറ്റിനെ ജനം ഹൃദയത്തോട് ചേര്‍ത്തെന്നു വേണം കരുതാന്‍. ഇതുവരെ ഇന്ത്യയില്‍ ഒരു നിസാൻ കാറിനും ലഭിക്കാതിരുന്ന സൗഭാഗ്യങ്ങളാണ് ജാപ്പനീസ് ബ്രാൻഡിന് മാഗ്നൈറ്റ് നേടിക്കൊടുത്തിരിക്കുന്നത്.

അക്ഷരാര്‍ത്ഥത്തില്‍ നിസാന്‍റെ മടങ്ങിവരവിനാണ് മാഗ്നൈറ്റിലൂടെ രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ചിരിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്.  അവതരിപ്പിച്ച ഉടന്‍ മാഗ്നൈറ്റിന് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയുണ്ടായി.  മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ് (ലോകത്തിനായി ഇന്ത്യയിൽ നിർമ്മിക്കുക) എന്നതാണ് തങ്ങൾ ഇപ്പോൾ പിന്തുടരുന്ന പോളിസി എന്ന് നിസാൻ ഇന്ത്യ പറയുന്നു. നിസാന് ഏറ്റവും അധികം പ്രതീക്ഷയുള്ള മോഡലാണ് മാഗ്നൈറ്റ്.

നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്. പുതിയ എച്ച്ആര്‍എഒ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ലോകോത്തര സ്‌പോര്‍ട്‌സ് കാറായ നിസ്സാന്‍ ജിടി-ആറിലേത് പോലുള്ള  'മിറര്‍ ബോര്‍ സിലിണ്ടര്‍ കോട്ടിംഗ്' സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്നൈറ്റിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

Follow Us:
Download App:
  • android
  • ios