Asianet News MalayalamAsianet News Malayalam

കളം പിടിക്കാന്‍ നിസാന്‍ മാഗ്നൈറ്റ് വരുന്നു

ജാപ്പനീസ് കാർ നിർമ്മാതാക്കളായ നിസാന്‍ ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് പുതിയ ബി-എസ്‍യുവിയായ, മാഗ്‌നൈറ്റിനെ ഈ മാസം 21-ന് അവതരിപ്പിക്കും

Nissan magnite SUV Launch Follow Up
Author
Mumbai, First Published Oct 14, 2020, 3:37 PM IST

ജാപ്പനീസ് കാർ നിർമ്മാതാക്കളായ നിസാന്‍ ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് പുതിയ ബി-എസ്‍യുവിയായ, മാഗ്‌നൈറ്റിനെ ഈ മാസം 21-ന് അവതരിപ്പിക്കും. സെഗ്മെന്റിലെ  എതിരാളികളേക്കാൾ ഡിസൈനിന്റെ കാര്യത്തിൽ ഒരു പടി മുന്നിലാവും മാഗ്‌നൈറ്റ്.

പങ്കാളികളായ നിസ്സാനും റെനോയും ഒന്നിച്ചു തയ്യാറാക്കിയ CMF-A പ്ലാറ്റ്ഫോമിൽ തന്നെയാവും മാഗ്‌നൈറ്റ് നിർമിക്കുക. കൂടുതൽ ഇന്റീരിയർ സ്പേസ്, 360-ഡിഗ്രി കാമറ, 8.0-ഇഞ്ച് ടച്ച്സ്ക്രീൻ, കണക്ടഡ് ടെക്, ക്രൂയിസ് കണ്ട്രോൾ എന്നിങ്ങനെ പല ആധുനിക ഫീച്ചറുകളും മാഗ്‌നൈറ്റിൽ ഉൾപ്പെടുത്തിയേക്കും. ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിനും 95 എച്ച്പി പവർ നിർമ്മിക്കുന്ന 1.0-ലിറ്റർ 3-സിലിണ്ടർ ടർബോ-പെട്രോൾ എൻജിനായിരിക്കും ലഭിക്കുക.

ഡ്യുവൽ-ടോൺ എക്സ്റ്റീരിയറാണ് മാഗ്നൈറ്റ് കൺസെപ്റ്റിന്റെ പ്രധാന സവിശേഷത. അതോടൊപ്പം ഒരു വലിയ ഒക്ടഗോണൽ ഗ്രില്ലും എസ്‌യുവിയുടെ മുൻവശത്തെ മനോരമാക്കാൻ ഇടംപിടിച്ചിട്ടുണ്ട്. ഇത് ഡാറ്റ്സൻ മോഡലുകളിൽ കാണുന്നതിന് സമാനമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാകും. സ്ലിം എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളും എൽ ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും മാഗ്നൈറ്റിന്റെ മുൻവശത്തെ മറ്റ് സവിശേഷതകളാണ്. ചുറ്റിനും ബ്ലാക്ക് വീൽ ആർച്ചുകളും ചങ്കി സ്‌കിഡ് പ്ലേറ്റും സമ്മാനിച്ചിരിക്കുന്നത് ഒരു മസ്ക്കുലർ രൂപത്തിലേക്ക് നയിക്കുന്നു.  മാഗ്നൈറ്റ് കൺസെപ്റ്റിന്റെ ഇന്റീരിയറിൽ ഡ്യുവൽ-ടോൺ കളർ സ്കീമിലാണ് നിസാൻ പൂർത്തിയാക്കിയിരിക്കുന്നത്. അതിൽ ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ് യൂണിറ്റ്, ഹപ്‌റ്റിക് ടച്ച് ബട്ടണുകളുള്ള സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും സമ്മാനിച്ചിരിക്കുന്നു.

ലെതറെറ്റ് ബിറ്റുകൾ, ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ തുടങ്ങിയവയും മാഗ്നൈറ്റിന്റെ സവിശേഷതകളാണ്. സബ്-4 മീറ്റർ അളവുകൾക്ക് മതിയായ ഇടം ക്യാബിനിൽ വാഗ്ദാനം ചെയ്യുന്നുമുണ്ട് കമ്പനി. നിസാന്‍റെ പങ്കാളിയായ റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം ഒരുക്കുന്നത്. റെനോയുടെ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സിഎംഎഫ്എ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെയും നിര്‍മ്മാണം. ഫീച്ചര്‍ സമ്പന്നമാവും നാലുമീറ്ററിൽ താഴെ വലിപ്പമുള്ള ഈ അഞ്ച് സീറ്റര്‍ വാഹനം.

6250 ആര്‍പിഎമ്മില്‍ 72 പിഎസ് പവറും 3500 ആര്‍പിഎമ്മില്‍ 96 എന്‍എം ടോർക്കും നിർമ്മിക്കുന്ന ട്രൈബറിലെ 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോൾ എൻജിൻ തന്നെയാവും നിസാന്റെ കോംപാക്ട് എസ്‌യുവിയിലും ഇടം പിടിക്കാൻ സാദ്ധ്യത. ആറ് സ്പീഡ് മാനുവലിനൊപ്പം സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും തെരഞ്ഞെടുക്കാന്‍ സാധിക്കും. 

നിസാന്റെ എസ്‍യുവി ചരിത്രത്തിലെ പരിണാമ കുതിപ്പാണ് നിസാന്‍ മാഗ്നൈറ്റ് കണ്‍സെപ്റ്റ് എന്നും ബാഹ്യഭാഗത്തേപോലെ തന്നെ  വാഹനത്തിന്റെ ഇന്റീരിയറുകളും പ്രീമിയം-നെസ്, റൂമിനെസ് എന്നിവ എടുത്തുകാണിക്കുന്നു എന്നും നിസാന്റെ എസ്‍യുവി പൈതൃകവും നൂതന സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയാണ് വാഹനം നിര്‍മ്മിക്കുന്നതെന്നുമാണ് കമ്പനി പറയുന്നത്. 

വാഹനത്തിന്‍റെ വില 5.25 ലക്ഷം രൂപ മുതല്‍ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ഈ വില യാതാര്‍ത്ഥ്യമായാല്‍ രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള കോംപാക്ട് എസ്‌യുവി ആയിരിക്കും മാഗ്നൈറ്റ്. വാഹനം ഈ വർഷം അവസാനമോ അല്ലെങ്കിൽ 2021 ആദ്യമോ ഷോറൂമുകളിൽ എത്തുമെന്നാണ് സൂചന. മാഗ്നൈറ്റിന്റെ 1,500-2,000 യൂണിറ്റുകൾ പ്രതിമാസ അടിസ്ഥാനത്തിൽ വിൽക്കാനാണ് നിസാൻറെ പദ്ധതി. 

Follow Us:
Download App:
  • android
  • ios