Asianet News MalayalamAsianet News Malayalam

ടോപ്പ് - സ്‍പെക്ക് മാഗ്നൈറ്റിനെ പരീക്ഷണത്തിനിറക്കി നിസാന്‍

മാഗ്നൈറ്റിന്‍റെ ടോപ്പ്-സ്‌പെക്കിന്റെ ചിത്രങ്ങള്‍ ആണ് ഇതെന്നാണ് സൂചന

Nissan Magnite Top Spec Variant Spotted Testing
Author
Mumbai, First Published Jul 30, 2020, 2:17 PM IST

ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ അവതരിപ്പിക്കുന്ന മോഡലാണ് മാഗ്‌നൈറ്റ്. ഈ വാഹനത്തിന്‍റെ കണ്‍സെപ്റ്റ് കമ്പനി അടുത്തിടെയാണ് അവതരിപ്പിച്ചത്. 

ഇപ്പോഴിതാ വാഹനം പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പൂര്‍ണമായും മൂടികെട്ടിയ നിലയിലായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം.  വാഹനത്തിലെ അലോയി വീലുകളും പിന്നിലെ സ്‌പോയിലറും വ്യക്തമാണ്. അതുകൊണ്ടു തന്നെ മാഗ്നൈറ്റിന്‍റെ ടോപ്പ്-സ്‌പെക്കിന്റെ ചിത്രങ്ങള്‍ ആണ് ഇതെന്നാണ് സൂചന. നേരത്തെ പരീക്ഷണയോട്ടം നടത്തിയിരുന്ന മോഡലില്‍ ഈ ഫീച്ചറുകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇതൊരു ടോപ്പ്-സ്‌പെക്ക് എന്ന് വിലയിരുത്തുന്നത്.

ഒറ്റ നോട്ടത്തിൽ നിസാൻറെ തന്നെ കിക്‌സ് എസ്‌യുവിയോട് സാമ്യതയുണ്ട് മാഗ്‌നൈറ്റ് കോൺസെപ്റ്റിന്റെ ഡിസൈൻ. പുത്തൻ ഡാറ്റ്‌സൺ റെഡിഗോയോട് സാദൃശ്യമുള്ള ഗ്രിൽ, നീളം കൂടിയ L ഷെയ്പ്പിലുള്ള ഫോഗ് ലാമ്പുകളും സ്‍കിഡ് പ്ലെയ്റ്റുകളും ചേർന്ന സ്‌പോർട്ടി ബമ്പർ, പൂർണമായും എൽഇഡി ആയ ഷാർപ് ലുക്കിലുള്ള ഹെഡ്‍ലാംപ് ആണ് മുൻകാഴ്ചയിൽ നിസാൻ മാഗ്‌നൈറ്റിനെ വേറിട്ടതാക്കുന്നു.

നിസാന്‍റെ പങ്കാളിയായ റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം ഒരുക്കുന്നത്. റെനോയുടെ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സിഎംഎഫ്എ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെയും നിര്‍മ്മാണം. ഫീച്ചര്‍ സമ്പന്നമാവും നാലുമീറ്ററിൽ താഴെ വലിപ്പമുള്ള ഈ അഞ്ച് സീറ്റര്‍ വാഹനം. 

6250 ആര്‍പിഎമ്മില്‍ 72 പിഎസ് പവറും 3500 ആര്‍പിഎമ്മില്‍ 96 എന്‍എം ടോർക്കും നിർമ്മിക്കുന്ന ട്രൈബറിലെ 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോൾ എൻജിൻ തന്നെയാവും നിസാന്റെ കോംപാക്ട് എസ്‌യുവിയിലും ഇടം പിടിക്കാൻ സാദ്ധ്യത. ആറ് സ്പീഡ് മാനുവലിനൊപ്പം സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും തെരഞ്ഞെടുക്കാന്‍ സാധിക്കും. 

കറുപ്പ് ക്ലാഡിങ്ങുകൾ ചേർന്ന പുറത്തേക്ക് തള്ളി നിൽക്കുന്ന വീൽ ആർച്ച്, ഡ്യുവൽ ടോൺ അലോയ് വീൽ, ഫ്‌ളോട്ടിങ് റൂഫ്, സിൽവർ നിറത്തിലുള്ള റൂഫ് റെയിലുകൾ, വലിപ്പം കൂടിയ സി-പില്ലർ എന്നിവയാണ് വശങ്ങളിലെ സ്‌പോർട്ടി ഘടകങ്ങൾ. ഒഴുക്കൻ ഡിസൈനിൽ തീർത്ത എൽഇഡി റാപ്പ് എറൗണ്ട് ടെയിൽ ലാമ്പുകളും, സ്കിഡ് പ്ലെയ്റ്റുകൾ ചേർന്ന പിൻ ബമ്പറുമാണ് പിൻ കാഴ്ച്ചയിൽ ആകർഷണം.

വാഹനത്തിന്‍റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തു വിട്ടിട്ടില്ല എങ്കിലും ധാരാളം ഇന്റീരിയർ സ്പേസ് ഉള്ള മോഡൽ ആയിരിക്കും മാഗ്‌നൈറ്റ് എന്ന് നിസ്സാൻ ഉറപ്പിക്കുന്നു. 8.0-ഇഞ്ച് ടച്ച്സ്ക്രീൻ, കണക്ടഡ് ടെക്, 360-ഡിഗ്രി കാമറ, ക്രൂയിസ് കണ്ട്രോൾ എന്നിങ്ങനെ പല ആധുനിക ഫീച്ചറുകളും മാഗ്‌നൈറ്റിൽ ഉൾപ്പെടുത്തും എന്നും നിസ്സാൻ വ്യക്തമാക്കിയിട്ടുണ്ട്.

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് പുത്തന്‍ വാഹനത്തെ നിസാന്‍ അവതരിപ്പിക്കുന്നത്. ഇതേ ശ്രേണിയിലേക്ക് നേരത്തെ കിക്ക്സിനെ അവതരിപ്പിച്ചെങ്കിലും കാര്യമായ വില്‍പ്പന വാഹനത്തിന് ലഭിക്കാത്തതും പുതിയ വാഹനത്തെപ്പറ്റി ചിന്തിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചുവെന്നു വേണം കരുതാന്‍.

ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്സ്‌യുവി 300, ടാറ്റ നെക്‌സോണ്‍, വരാനിരിക്കുന്ന കിയ സോണറ്റ് തുടങ്ങിയവരായിരിക്കും നിസാന്‍ മാഗ്‌നൈറ്റിന്റെ മുഖ്യ എതിരാളികൾ. ഏകദേശം 5.25 ലക്ഷം ആയിരിക്കും നിസാൻ മാഗ്‌നൈറ്റിന്‍റെ അടിസ്ഥാന മോഡലിന്റെ വില ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം നിലവിലെ സാഹചര്യത്തില്‍ വാഹനത്തിന്റെ വിപണിയിലെ അവതരണം 2021-ല്‍ മാത്രമേ നടക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios