ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ കമ്പനി ലോഗോ പരിഷ്‍കരിച്ചു. 2018 ആരിയ കൺസപ്റ്റിൽ ഇടംപിടിച്ച ലോഗോയാവും നിസാൻ മോട്ടോർ കമ്പനിയുടെ പുതിയ ഔദ്യോഗിക മുദ്ര. നിലവിലെ ത്രിമാന, ക്രോം ലോഗോയെ തീർത്തും ലളിതവൽക്കരിച്ചാണു നിസാൻ പുതിയ മുദ്ര യാഥാർഥ്യമാക്കുന്നത്. 

മേലിൽ ഏക വർണത്തിലുള്ള (മോണോക്രൊമാറ്റിക്) ദ്വിമാന  ലോഗോയാവും നിസ്സാൻ ഉപയോഗിക്കുക. ഭാവിയിൽ കമ്പനിയുടെ എല്ലാ വാഹനങ്ങളിലും ഈ പുത്തൻ ലോഗോയാവും ഉപയോഗിക്കുകയെന്നും നിസാൻ വ്യക്തമാക്കി. കമ്പനിയുടെ പ്രൗഢപാരമ്പര്യവും ചരിത്രവുമായുള്ള ബന്ധം വിച്ഛേദിക്കാതെ, ഭാവിയിലേക്കു നോക്കാനുള്ള ശ്രമമാണു പുതിയ ഔദ്യോഗിക മുദ്രയെന്നാണു നിസാന്‍ പറയുന്നത്. 

ഇന്ത്യയിലും പുതിയ ലോഗോ ഉപയോഗിക്കാനുള്ള നടപടി നിസ്സാൻ സ്വീകരിച്ചു തുടങ്ങി; കമ്പനി വെബ്സൈറ്റിൽ പുതിയ ലോഗോ ഇടംപിടിച്ചു കഴിഞ്ഞു. അരങ്ങേറ്റത്തിനൊരുങ്ങുന്ന പുത്തൻ കോംപാക്ട് എസ് യു വിയായ ‘മാഗ്നൈറ്റി’ൽ ഈ ലോഗോയാവും നിസ്സാൻ ഉപയോഗിക്കുക. 

അതേസമയം പ്രതിസന്ധികളിൽ നിന്നു കരകയറാനുള്ള തീവ്രയത്‍നത്തിലാണു കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ ഭാഗമായി നിർണായക നാഴികക്കല്ലായാണ് ഈ ലോഗോ മാറ്റത്തെ കമ്പനി കാണുന്നത് എന്നും വിലയിരുത്തലുകള്‍ ഉണ്ട്.