അടുത്ത 18 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന വാഹന മോഡലുകളുടെ വീഡിയോയുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍.  പുറത്തിറക്കാനിരിക്കുന്ന 12 മോഡലുകളെയും ഒരു ഫ്രെയിമിലെത്തിച്ചുള്ള വീഡിയോ ടീസര്‍ ആണ് കമ്പനി പ്രദര്‍ശിപ്പിച്ചത്. 

ഇതില്‍ ആദ്യം എത്തുക അടുത്തിടെ നിസാന്‍ പ്രഖ്യാപിക്കുകയും ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്ത സബ് കോംപാക്ട് എസ്‌യുവിയായിരിക്കും എന്നാണ് സൂചന. 

ഈ വാഹനത്തിന്റെ പേര് നിസാന്‍ മാഗ്നൈറ്റ് എന്നായിരിക്കും എന്ന് സൂചനകളുണ്ട്.  എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ നിര്‍മാതാക്കള്‍ നടത്തിയിട്ടില്ല.

എക്‌സ്‌ട്രെയില്‍, കിക്‌സ്, ജൂക്ക് തുടങ്ങിയ വാഹനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും പുതിയ സബ് കോംപാക്ട് എസ്‌യുവി ഒരുങ്ങുന്നതെന്ന് ടീസര്‍ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന എസ്‌യുവിയില്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ ഷേപ്പ് ഡിആര്‍എല്‍, റൂഫ് റെയില്‍, സ്ലോപ്പിങ്ങ് റൂഫ് ലൈന്‍, സ്‌പോയിലര്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭിച്ചേക്കും.