Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ പിറന്ന് കടല്‍ കടന്നൊരു 'നിസാന്‍ കുട്ടി'

ഇപ്പോഴിതാ ഇന്ത്യന്‍ നിര്‍മ്മിത മാഗ്നൈറ്റിന്‍റെ കയറ്റുമതിയും ആരംഭിച്ചരിക്കുകയാണ് കമ്പനി

Nissan starts export of Made in India Magnite
Author
Oragadam, First Published Jun 22, 2021, 1:09 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാൻ 2020 ഡിസംബര്‍ ആദ്യവാരമാണ് മാഗ്നൈറ്റ് സബ് കോംപാക്റ്റ് എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. വളരെപ്പെട്ടെന്നാണ് വാഹനം മികച്ച ബുക്കിംഗ് നേടിയത്. ഇപ്പോള്‍ വിപണിയിലും നിരത്തിലുമെല്ലാം നിസാന്‍ മാഗ്‌നൈറ്റിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. 

ഇപ്പോഴിതാ ഇന്ത്യന്‍ നിര്‍മ്മിത മാഗ്നൈറ്റിന്‍റെ കയറ്റുമതിയും ആരംഭിച്ചരിക്കുകയാണ് കമ്പനി എന്നാണ് പുതിയ വാര്‍ത്തകള്‍. നിലവില്‍ മൂന്നു വിദേശ രാജ്യങ്ങളിലേക്കാണ് വാഹനത്തിന്‍റെ കയറ്റുമതി തുടങ്ങിയിരിക്കുന്നതെന്നും കയറ്റുമതി ചെയ്യുന്ന വാഹനം പൂർണ്ണമായും ഇന്ത്യൻ നിർമ്മിതമാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്‍നാട്ടിലെ ഒരഗദത്തിലുളള നിസാന്‍ പ്ലാന്‍റിലാണ് വാഹനത്തിന്‍റെ നി‌ര്‍മ്മാണം. നിലവിൽ നേപ്പാൾ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് വാഹനം കയറ്റുമതി ചെയ്യുന്നത്. 

അക്ഷരാര്‍ത്ഥത്തില്‍ നിസാന്‍റെ മടങ്ങിവരവിനാണ് മാഗ്നൈറ്റിലൂടെ രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ചിരിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്.  അവതരിപ്പിച്ച ഉടന്‍ മാഗ്നൈറ്റിന് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയുണ്ടായി. തുട‌ർന്ന് കഴിഞ്ഞ മേയ് മാസം വരെ ഏകദേശം 15,000 യൂണിറ്റുകളിലധികം കാറുകൾ നിസാൻ ഇന്ത്യയിൽ നിർമ്മിച്ചു കഴിഞ്ഞു. ഇതിൽ 13000 കാറുകൾ ഇന്ത്യയിൽ വിറ്റഴിച്ചപ്പോൾ ബാക്കി വന്ന 1200 ഓളം വാഹനങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ് (ലോകത്തിനായി ഇന്ത്യയിൽ നിർമ്മിക്കുക) എന്നതാണ് തങ്ങൾ ഇപ്പോൾ പിന്തുടരുന്ന പോളിസി എന്ന് നിസാൻ ഇന്ത്യ പറയുന്നു. നിസാന് ഏറ്റവും അധികം പ്രതീക്ഷയുള്ള മോഡലാണ് മാഗ്നൈറ്റ്. നേപ്പാളിൽ നിന്ന് മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ 750 ഓളം ബുക്കിംഗുകളാണ് മാഗ്നൈറ്റിന് ലഭിച്ചത്.

നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്. പുതിയ എച്ച്ആര്‍എഒ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ലോകോത്തര സ്‌പോര്‍ട്‌സ് കാറായ നിസ്സാന്‍ ജിടി-ആറിലേത് പോലുള്ള  'മിറര്‍ ബോര്‍ സിലിണ്ടര്‍ കോട്ടിംഗ്' സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്നൈറ്റിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.  

XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. നൂതന സാങ്കേതികവിദ്യയും ജാപ്പനീസ് എഞ്ചിനീയറിംഗ് കരുത്തോടെയും രൂപകല്‍പ്പന ചെയ്തിരിക്കുന്ന വാഹനം  ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്‍തിരിക്കുന്നതാണെന്ന് കമ്പനി പറയുന്നു.

20ല്‍ അധികം ഫസ്റ്റ്-ക്ലാസ്, ബെസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകളാണ് വാഹനത്തിനുള്ളത്. നിസാന്റെ മികച്ച സാങ്കേതികവിദ്യകള്‍ മോഡല്‍ ശ്രേണിയിലുടനീളം നല്‍കിയിരിക്കുന്നു. എക്‌സ്‌ട്രോണിക് സിവിടി, ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി എറൗണ്ട് വ്യൂ മോണിറ്റര്‍, നിസാന്‍ കണക്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഫ്‌ളെയര്‍ ഗാര്‍നെറ്റ് റെഡ് (ടിന്റ്-കോട്ട്) നിറം ആദ്യമായി നിസാന്‍ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ അഞ്ച് മോണോടോണ്‍, 4 ഡ്യുവല്‍ ടോണ്‍ എന്നിവ ഉള്‍പ്പെടെ 9 വ്യത്യസ്ത നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ആകര്‍ഷണീയമായ ഹെഡ്‍ലാമ്പുകള്‍, ലൈറ്റ്സേബര്‍-സ്‌റ്റൈല്‍ ടേണ്‍ ഇന്‍ഡിക്കേറ്റര്‍, എല്‍-ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, മികച്ച ഇരിപ്പിട സൗകര്യങ്ങള്‍, വിശാലമായ ഇന്റീരിയര്‍ എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍. സാങ്കേതിക വിദഗ്ദ്ധരായ ഉപഭോക്താക്കള്‍ക്കായി നിസാന്റെ ഓപ്ഷണല്‍ 'ടെക് പായ്ക്കും അവതരിപ്പിക്കുന്നു. വയര്‍ലെസ് ചാര്‍ജര്‍,  എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, പഡില്‍ ലാമ്പുകള്‍, ഹൈ എന്‍ഡ് സ്പീക്കറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനത്തിലെ എറൗണ്ട് വ്യൂ മോണിറ്റര്‍ (എവിഎം) സംവിധാനം വാഹനത്തിന് മുകളില്‍ നിന്നുള്ള ഒരു വെര്‍ച്വല്‍ പക്ഷിയുടെ കാഴ്ച ഡ്രൈവര്‍ക്ക് നല്‍കും.

കോംപാക്‌ട് എസ്‌യുവി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് നിസാൻ മാഗ്നൈറ്റ്. നിലവിൽ 5.49 ലക്ഷം രൂപ മുതൽ 9.97 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഈ താങ്ങാനാവുന്ന വില നിർണയം തന്നെയാണ് വാഹനത്തെ വിപണിയിൽ ശ്രദ്ധേയമാക്കിയത്. അതോടൊപ്പം ആസിയാൻ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ സുരക്ഷ സ്വന്തമാക്കിയതും മാഗ്മൈറ്റിന്റെ വിൽപ്പനയ്ക്ക്  ഊര്‍ജ്ജം പകരുന്നു. ടാറ്റ നെക്സോൺ, കിയ സോണെറ്റ്, ഹ്യുണ്ടായ് വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, മഹീന്ദ്ര എക്സ് യു വി 400 തുടങ്ങിയവരാണ് മാഗ്നൈറ്റിന്‍റെ എതിരാളികള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios