ദില്ലി: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ലോക് സഭ കഴിഞ്ഞ ദിവസമാണ് പാസാക്കിയത്. ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കളെ മൂന്നു വര്‍ഷം ജയിലില്‍ അടയ്ക്കാനും ഉള്‍പ്പെടെയുള്ള വമ്പന്‍ ഭേദഗതികളോടെ എത്തുന്ന ബില്ലില്‍ പാര്‍ലമെന്‍റില്‍ ചൂടന്‍ ചര്‍ച്ചയാണ് നടന്നത്. 

എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ് ബില്ലില്‍ ഭേദഗതികള്‍ ആവശ്യപ്പെട്ട് പ്രധാനമായും രംഗത്തുവന്നത്. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കുമ്പോള്‍ രക്ഷിതാക്കളെ ശിക്ഷിക്കുന്ന വ്യവസ്ഥയ്‍ക്കെതിരെ പ്രേമചന്ദ്രൻ എം പി ആഞ്ഞടിച്ചു. കുട്ടികള്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിന് 25,000 രൂപ പിഴയും 3 വര്‍ഷം തടവും ലൈസന്‍സ് റദ്ദാക്കലുമാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇതിനെതിരെയായിരുന്നു പ്രേമചന്ദ്രന്‍റെ ഭേദഗതി നിര്‍ദ്ദേശം. പക്ഷേ ആ ഭേദഗതി അംഗീകരിച്ചില്ല. രക്ഷിതാക്കൾ കുട്ടികൾക്ക് വാഹനത്തിന്‍റെ താക്കോൽ നൽകാതിരുന്നാല്‍ മതിയല്ലോ എന്നായിരുന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി പ്രേമചന്ദ്രനു മറുപടിയായി സഭയില്‍ പറഞ്ഞത്. 

ബില്ലില്‍ എന്‍ കെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച 17 ഭേദഗതികളാണ് സഭ വോട്ടിനിട്ട് തള്ളിയത്.  ബില്ലിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പൊതുഗതാഗത സംവിധാനത്തെ തകര്‍ക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. പുതിയ നിയമഭേദഗതികള്‍ സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ വൻതോതിൽ കുറവുണ്ടാകുമെന്നും വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ലൈസൻസ്, അന്തഃസംസ്ഥാന സർവീസുകൾ എന്നിവ സ്വകാര്യകുത്തകകൾക്ക് തീറെഴുതുകയാണെന്നുമായിരുന്നു കോണ്‍ഗ്രസ് എം പി ആന്‍റോ ആന്‍റണിയുടെ ആരോപണം. ഗതാഗതമേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതോടെ സംസ്ഥാനസർക്കാരുകളുടെ നിയന്ത്രണത്തിലുള്ള ഗതാഗത സംവിധാനമില്ലാതായിത്തീരുമെന്നും ആന്‍റെ പറഞ്ഞു. എന്നാല്‍ അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ, പുതിയ സാങ്കേതിക വിദ്യകള്‍ക്കനുസരിച്ചാണ് ബില്ലിന്റെ രൂപകല്പനയെന്നും പുതിയ ഭേദഗതികൾ സംസ്ഥാന സർക്കാരുകളുടെ അവകാശം കവരില്ലെന്നും നിതിന്‍ ഗഡ്‍കരി വ്യക്തമാക്കി.  

ട്രാഫിക് പിഴശിക്ഷയില്‍ പത്തിരട്ടിയോളം വര്‍ദ്ധനയാണ് ബില്ലില്‍ നിര്‍ദ്ദേശിക്കുന്നത്.  ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാലും ആംബുലന്‍സുകളുടെ വഴി തടസപ്പെടുത്തിയാലും മദ്യപിച്ച് വാഹനം ഓടിച്ചാലും 10000 രൂപ വീതമാണ് ഇനി പിഴ. അമിതഭാരം കയറ്റിയാല്‍ 20,000 രൂപ (നിലവില്‍ 2000), ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇല്ലെങ്കില്‍ - 1000 (നിലവില്‍ 100), മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ - 5000  (നിലവില്‍ 1000), അമിതഭാരം കയറ്റിയാല്‍ 20,000 രൂപ (നിലവില്‍ 2000) എന്നിങ്ങനെ ബില്ലിലെ വ്യവസ്ഥകള്‍ നീളുന്നു.