Asianet News MalayalamAsianet News Malayalam

'സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി ഈ വണ്ടികള്‍ മാത്രം വാങ്ങുക'; നിര്‍ദ്ദേശവുമായി കേന്ദ്ര മന്ത്രി

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഈ വാഹനങ്ങള്‍ നിര്‍ബന്ധമാക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്

Nitin Gadkari says EV usage compulsory for all govt officials
Author
Delhi, First Published Feb 23, 2021, 1:28 PM IST

ദില്ലി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ശക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം  നിരവധി പദ്ധതികളാണ് ആവിഷ്‍കരിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‍കരി നിരന്തം ആഹ്വാനം ചെയ്യുന്നത്. ഇതിനുപിന്നാലെ ഇ-വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് മന്ത്രി എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹനം നിര്‍ബന്ധമാക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതും ചാര്‍ജിങ്ങ് സംവിധാനം ഒരുക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി നടത്തിയ ഗോ ഇലക്ട്രിക് ക്യാമ്പയിന്റെ ഭാഗമായാണ് ഗഡ്‍കരി ഈ നിര്‍ദേശം മുന്നോട്ടുവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സർക്കാർ മന്ത്രാലയങ്ങളിലെയും വകുപ്പിലെയും എല്ലാ ഉദ്യോഗസ്ഥർക്കും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം നിർബന്ധമാക്കണമെന്നാണ് നിതിന്‍ ഗഡ്‍കരി വ്യക്തമാക്കിയത്.  ദില്ലിയിൽ 10,000 ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം മാത്രം പ്രതിമാസം 30 കോടി ഡോളർ ലാഭിക്കാൻ കഴിയുമെന്നും ഗഡ്കരി ഓർമ്മിപ്പിച്ചു. ദില്ലിയിൽ നിന്ന് ആഗ്രയിലേക്കും ദില്ലിയിൽ നിന്ന് ജയ്പൂരിലേക്കും ഇന്ധന സെൽ ബസ് സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള അറിയിപ്പും ചടങ്ങിൽ ഉണ്ടായി. 
അന്തരീക്ഷ മലിനീകരണം ഉള്‍പ്പെടെ കുറയ്ക്കുന്നതിനായി മറ്റ് മേഖലകളിലും ഇലക്ട്രിക് പവര്‍ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ തന്‍റെ ഓഫീസിലെ ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നത് നിർബന്ധമാക്കണമെന്നും മന്ത്രി വൈദ്യുതി മന്ത്രി ആർ കെ സിംഗിനോട് ആവശ്യപ്പെട്ടു.

ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ശക്തമായ ബദലാകാന്‍ സാധിക്കുന്നത് ഇലക്ട്രിക്കിന് മാത്രമാണ്. പരമ്പരാഗത ഇന്ധനങ്ങളെക്കാള്‍ ചെലവും മലിനീകരണവും വൈദ്യതിക്ക് കുറവാണ്. ഊര്‍ജ മന്ത്രിയുടെ വകുപ്പിലും ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുമെന്നും മന്ത്രി നിതിന്‍ ഗഡ്‍കരി വ്യക്തമാക്കി. 

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിന് പുറമെ, വീടുകളിൽ പാചക വാതകം വാങ്ങുന്നതിന് പിന്തുണ നൽകുന്നതിനുപകരം ഇലക്ട്രിക് പാചക ഉപകരണങ്ങൾ വാങ്ങുന്നതിന് സർക്കാർ സബ്‍സിഡി നൽകണമെന്നും ഗതാഗത മന്ത്രി നിർദ്ദേശിച്ചു. വൈദ്യുതി ഉപകരണങ്ങളിൽ പാചകം ചെയ്യുന്നത് ശുദ്ധവും വാതകത്തിന്റെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഈ മാസം ആദ്യം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ദേശീയ തലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 'സ്വിച്ച് ദില്ലി' കാമ്പയിൻ ആരംഭിച്ചിരുന്നു. തുടർന്നുള്ള ആറ് ആഴ്ചയ്ക്കുള്ളിൽ വിവിധ ആവശ്യങ്ങൾക്കായി ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ സർക്കാർ നിയമിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഡെലിവറി ശൃംഖലകളും വൻകിട കമ്പനികളും റസിഡന്റ് വെൽഫെയർ അസോസിയേഷനുകളും മാർക്കറ്റ് അസോസിയേഷനുകളും മാളുകളും സിനിമാ ഹാളുകളും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും അവരുടെ പരിസരത്ത് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ദില്ലി ഇവി പോളിസി ആരംഭിച്ചതിനുശേഷം 6,000 ത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിയതായും അദ്ദേഹം അറിയിച്ചു. നഗരത്തിലുടനീളം 100 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡറുകളും ആം ആദ്മി സർക്കാർ നൽകിയിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios