ദില്ലി: നല്ല റോഡുകളിലൂടെ യാത്ര ചെയ്യണമെങ്കില്‍ വാഹനങ്ങള്‍ ടോള്‍ നല്‍കേണ്ടി വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി. ലോക് സഭയിൽ, റോഡ് ട്രാൻസ്പോർട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്‍റെ ഗ്രാന്‍റുകളെക്കുറിച്ച് നടന്ന ചർച്ചകൾക്ക് മറുപടി പറയുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

സർക്കാരിന് ആവശ്യത്തിന് ഫണ്ടില്ലാത്ത കാലത്തോളം ടോൾ സിസ്റ്റം ഉണ്ടായിരിക്കുമെന്നു വ്യക്തമാക്കിയ ഗഡ്‍കരി ടോൾ പിരിക്കുന്നത് കേന്ദ്ര സർക്കാർ തുടരുമെന്നും ഇങ്ങനെ പിരിച്ചുകിട്ടുന്ന പണം ഗ്രാമീണ മേഖലയിലും രാജ്യത്തെ ഉയർന്ന പ്രദേശങ്ങളിലുമുള്ള റോഡ് വികസനത്തിന് ഉപയോഗിക്കുമെന്നും വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 40,000 കിലോമീറ്റർ ഹൈവേ കേന്ദ്ര സർക്കാർ പണിതതായും അദ്ദേഹം പറഞ്ഞു. 

ടോൾ ഒരിക്കലും ഇല്ലാതാകില്ലെങ്കിലും പക്ഷേ ടോളായി അടയ്ക്കേണ്ട നിരക്കുകളിൽ മാറ്റമുണ്ടായേക്കാമെന്നും ഗഡ്‍കരി ലോക് സഭയില്‍ വ്യക്തമാക്കി.