ഇനി തലയില്‍ ഹെല്‍മെറ്റില്ലെങ്കില്‍ കലബുര്‍ഗിയിലെ പമ്പുകളില്‍ നിന്ന്  പെട്രോള്‍ ലഭിക്കില്ല. സെപ്തംബര്‍ 29 മുതലാണ് ഇത് നടപ്പിലാക്കുന്നത്. 

ബംഗളുരു: ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ അടയ്ക്കുന്ന പിഴത്തുക കൂടുതലാണെന്ന പരാതികള്‍ ഉയരുന്നതിനിടെ കൂടുതല്‍ കര്‍ശന നിബന്ധനകളുമായി കര്‍ണാടകയിലെ കലബുറഗി നഗരം. 

'നോ ഹെല്‍മറ്റ് നോ പെട്രോള്‍' എന്നതാണ് ഇപ്പോള്‍ കലബുറഗിയിലെ ട്രാഫിക് പൊലീസിന്‍റെ മുദ്രാവാക്യം. ഇനി തലയില്‍ ഹെല്‍മെറ്റില്ലെങ്കില്‍ കലബുറഗിയിലെ പമ്പുകളില്‍ നിന്ന് പെട്രോള്‍ ലഭിക്കില്ല. സെപ്തംബര്‍ 29 മുതലാണ് ഇത് നടപ്പിലാക്കുന്നത്. 

കലബുറഗി പൊലീസ് കമ്മീഷണര്‍ എം എന്‍ നാഗരാജാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. തുടര്‍ന്ന് പ്രദേശത്തെ പെട്രോള്‍ പമ്പുടമകളെ കണ്ട് ഹെല്‍മറ്റില്ലാതെ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചു. 

ആദ്യ ഒരാഴ്ച സംഭവത്തെക്കുറിച്ച് ആളുകളില്‍ അവബോധം ഉണ്ടാക്കുകയും ഹെല്‍മറ്റിന്‍റെ ആവശ്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്യും. തുടര്‍ന്ന് ഈ 'ഐഡിയ' നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്തംബര്‍ ഒന്നുമുതലാണ് പുതുക്കിയ മോട്ടോര്‍ വാഹന നിയമം നടപ്പിലാക്കിയത്. ഭീമമായ തുകയാണ് ട്രാഫിക് നിയംമ തെറ്റിച്ചാല്‍ പിഴയായി അടയ്ക്കേണ്ടത്.