രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനോ പുതുക്കുന്നതിനോ ഉള്ള ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ ഒഴിവാക്കിയതായി റോഡ് ഗതാഗത ഹൈവേ മന്ത്രാലയം 

രാജ്യത്ത് വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി കാര്യങ്ങളാണ് കേന്ദ്രവും വിവിധ സംസ്ഥാന സര്‍ക്കാരുകളും കഴിഞ്ഞ കുറച്ചുകാലമായി സ്വീകരിച്ചു വരുന്നത്. ഇപ്പോഴിതാ ഇലക്ട്രിക് വാഹന ഉടമകള്‍ക്കും ഇവികള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്കും പുതിയൊരു സന്തോഷവാര്‍ത്ത കൂടി എത്തിയിരിക്കുന്നു. ഇലക്ട്രിക് വാഹങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫീസ് ഒഴിവാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനോ പുതുക്കുന്നതിനോ ഉള്ള ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ ഒഴിവാക്കിയതായി റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അറിയിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിയ രജിസ്‌ട്രേഷന്‍ മാര്‍ക്ക് നല്‍കുന്നതിന് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ ഫീസ് അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്‍താവനയില്‍ പറഞ്ഞു. നേരത്തെ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫെയിം II പദ്ധതിയിലൂടെ കേന്ദ്രം സബ്‌സിഡികള്‍ വര്‍ധിപ്പിച്ചിരുന്നു.

ഇതിനായി ഫെയിം 2 (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്) പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. ഇതോടെ രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുറയും. കേന്ദ്ര വ്യവസായ വകുപ്പ് ജൂണ്‍ രണ്ടാം വാരം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ്​ ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്​സിഡി വർധിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്​. 

കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളിലെത്തുന്നത് ഉറപ്പാക്കുന്നതിനാണ് പദ്ധതി. പുതിയ ഭേദഗതി അനുസരിച്ച് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡി വര്‍ധിപ്പിച്ചു. ഇതോടെ ഇത്തരം വാഹനങ്ങളുടെ വില ഗണ്യമായി കുറയും. ഘന വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഓരോ കിലോവാട്ട് ഔറിനും നല്‍കിവരുന്ന സബ്‌സിഡി 15,000 രൂപയായി വര്‍ധിപ്പിച്ചു. പഴയ സബ്‌സിഡി തുകയേക്കാള്‍ 5,000 രൂപയുടെ വര്‍ധനയാണ് വരുത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona