തിരുവനന്തപുരം: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുവര്‍ഷം മുമ്പ് രൂപീകരിച്ച സേഫ് കേരള പദ്ധതി പെരുവഴിയില്‍. പദ്ധതി വെറും 354 വാഹന പരിശോധകരില്‍ മാത്രമായി ഒതുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഒരുവര്‍ഷമായിട്ടും ഇവര്‍ക്കാവശ്യമായ ഓഫീസുകളോ വാഹനങ്ങളോ നല്‍കാത്തതിനാല്‍ 14 ജില്ലകളിലായി നിയമിച്ച എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകള്‍ വലയുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

2018 ജൂണിലാണ് സേഫ് കേരള പദ്ധതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. സെപ്റ്റംബറില്‍ ഇതു സംബന്ധിച്ച് ഉത്തരവും വന്നു. 14 ജില്ലകളിലും ഓരോ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കുമെന്നും അവിടെ ഓരോ ആര്‍ടിഒമാരെയും ഓരോ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും വീതം നിയമിക്കും എന്നായിരുന്നു പ്രഖ്യാപനം. 

സംസ്ഥാനത്തൊട്ടാകെ 85 സ്‌ക്വാഡുകളെയാണ് നിയമിച്ചത്. 14 ആര്‍ടിഒമാര്‍, 99 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 255 എഎംവിഐമാര്‍ എന്നിവരെയാണ് നിയമിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥരെ നിയമിച്ചതല്ലാതെ കണ്‍ട്രോള്‍ റൂം സ്ഥാപിക്കുന്ന കാര്യം കടലാസിലൊതുങ്ങി. മാത്രമല്ല ഇവര്‍ നടത്തുന്ന പരിശോധനകളുടെ തുടര്‍നടപടികള്‍ക്ക് ഒരു ജീവനക്കാരെപ്പോലും അനുവദിച്ചില്ല. 

വാഹനമില്ലാത്തതിനാല്‍ ജില്ലാ ഓഫീസുകളിലെത്തുന്ന ഉദ്യോഗസ്ഥര്‍ ടൈംടേബിള്‍പ്രകാരം ഫീല്‍ഡിലേക്ക് പോവുകയാണ് ചെയ്യുന്നത്. യാത്രക്കായി ജില്ലാ ഓഫീസിലെ വാഹനത്തെ ആശ്രയിക്കേണ്ട ഗിതകേടിലാണിവര്‍.

ഇതൊക്കെക്കാരണം ഇപ്പോള്‍ ജില്ലാ ഓഫീസിന്റെ ശരാശരി 10 കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമാണ് സ്‌ക്വാഡുകളുടെ പരിശോധകള്‍ കാര്യമായി നടക്കാറുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.