Asianet News MalayalamAsianet News Malayalam

പിൻസീറ്റ് യാത്രികര്‍ക്ക് ഹെൽമെറ്റും സീറ്റ് ബെൽറ്റും; ഉടൻ പിടിവീഴില്ല, കാരണം

ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും കാറിലെ പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത സെക്രട്ടറി കഴിഞ്ഞ ദിവസമാണ് ഗതാഗത കമ്മീഷണർക്ക് കത്തയച്ചത്. 

not to impose law in seat belt and helmet for back seat passengers with immediate effect
Author
Thiruvananthapuram, First Published Jul 11, 2019, 9:15 AM IST

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും കാറിലെ പിൻസീറ്റിലെ യാത്രക്കാർക്ക് സീറ്റ് ബെൽറ്റും ഉടൻ നിർബന്ധമാക്കില്ല. ആദ്യ ഘട്ടമെന്ന നിലയിൽ ബോധവത്ക്കരണം നടത്താനാണ് ഗതാഗതവകുപ്പിന്‍റെ തീരുമാനം

ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും കാറിലെ പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത സെക്രട്ടറി കഴിഞ്ഞ ദിവസമാണ് ഗതാഗത കമ്മീഷണർക്ക് കത്തയച്ചത്. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു നിർദ്ദേശം. 

കോടതി ഉത്തരവ് പാലിക്കാത്തവർക്ക് പരിരക്ഷ നൽകില്ലെന്ന ഇൻഷുറൻസ് കമ്പനികളുടെ  കടുത്ത നിലപാടിനെ തുടർന്നായിരുന്നു നീക്കം. ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രികര്‍ക്ക് ഹെൽമറ്റും കാറുകൾ ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രികര്‍ക്ക് സീറ്റ് ബെൽറ്റും നിര്‍ബന്ധമാണെങ്കിലും കേരളത്തില്‍ ഇത് പൂര്‍ണമായും നടപ്പിലാക്കിയിരുന്നില്ല. 

ഇത്തരം യാത്രകളിലെ അപകടങ്ങളും മരണങ്ങളും സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നതിന് പിന്നാലെ ഇവ നിയമലംഘനമായി കണക്കാക്കി ഇൻ‍ഷുറന്‍സ് കമ്പനികള്‍ നഷ്‍ടപരിഹാരം നല്‍കില്ലെന്ന നിലപാട് എടുത്തതോടെയാണ് നിയമം കര്‍ശനമാക്കാന്‍ ഗതാഗതവകുപ്പ് ശ്രമം തുടങ്ങിയത്.

എന്നാല്‍ തീരുമാനം ധൃതിയില്‍ നടപ്പിലാക്കിയാല്‍ പ്രതിഷേധത്തിന് ഇടയാകുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ആദ്യഘട്ടത്തില്‍ ബോധവത്കരണം നടത്താനാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. അടുത്തയാഴ്ച വിവിധ വകുപ്പുകളുടെ ആലോചനായോഗം നടത്തും. 

അതിന് ശേഷമായിരിക്കും പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായി ബോധവത്ക്കരണ പരിപാടി ആരംഭിക്കുക. സംസ്ഥാനവ്യാപകമായി രണ്ട് ദിവസത്തെ ബോധവത്ക്കരണ പരിപാടിയാണ് ഗതാഗതവകുപ്പ് ലക്ഷ്യമിടുന്നത്.

Follow Us:
Download App:
  • android
  • ios