Asianet News MalayalamAsianet News Malayalam

വീണ്ടും വിപ്‍ളവം, 250 കിമീ മൈലേജുമായി ഒരു സ്‍കൂട്ടര്‍!

സ്‍കൂട്ടറിന്‍റെ അടിസ്ഥാന വേരിയൻറിന് 69,900 രൂപയാണ്​ എക്സ്ഷോറൂം വില

Okaya Freedum Electric Scooter Launched In India
Author
Mumbai, First Published Sep 21, 2021, 6:46 PM IST

രു ഇലക്ട്രിക്ക് വാഹന വിപ്ലവത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. നിരവധി കമ്പനികളാണ്  ഈ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. ഇപ്പോഴിതാ പുതിയൊരു ഇലക്ട്രിക്ക് സ്‍കൂട്ടര്‍ കൂടി വിപണിയില്‍ എത്തിയിരിക്കുകയാണ്. ഒകായാ പവര്‍ ഗ്രൂപ്പ് പുറത്തിറക്കുന്ന ഒകായ ഫ്രീഡം എന്ന സ്‍കൂട്ടറാണ് എത്തിയിരിക്കുന്നത്. സ്‍കൂട്ടറിന്‍റെ അടിസ്ഥാന വേരിയൻറിന് 69,900 രൂപയാണ്​ എക്സ്ഷോറൂം വിലയെന്നും ഉയര്‍ന്ന വേരിയന്‍റിന് ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ചാണ്​ കമ്പനി അവകാശപ്പെടുന്നതെന്നും കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിരവധി ആധുനിക സംവിധാനങ്ങളും ഫ്രീഡത്തിൽ കമ്പനി നല്‍കിയിട്ടുണ്ട്​. ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ, പാർക്കിങ്​ സ്ഥലങ്ങളിൽ നിന്ന് എളുപ്പത്തിൽ പുറത്തുകടക്കുന്നതിനുള്ള റിവേഴ്​സ്​ മോഡ്, റീജനറേറ്റീവ് ബ്രേക്കിങ്​, വീൽ ലോക്​, ആൻറി-തെഫ്റ്റ് അലാറം, എൽഇഡി ഡേടൈം റണ്ണിങ്​ ലാമ്പുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ തുടങ്ങിയവയും സ്‍കൂട്ടറില്‍ ഉണ്ട്​. മുൻവശത്ത് ഒരു ഡിസ്​കും പിന്നിൽ ഒരു ഡ്രമ്മും ആണ് ബ്രേക്കിംഗ്. മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ സിംഗിൾ ഷോക്ക് അബ്സോർബറുമാണ് സസ്പെൻഷൻ. 

മൊത്തം നാല് വകഭേദങ്ങളും 12 കളർ ഓപ്ഷനുകളുമാണ്​ സ്‍കൂട്ടര്‍ എത്തുന്നത്. വിവധതരം ബാറ്ററികളിലും മോ​ട്ടോറുകളിലും ഒകായ ഇ.വികൾ ലഭ്യമാണ്​. 250 വാട്ട് ബിഎൽഡിസി ഹബ് മോട്ടോറാണ് ഒകായ ചില മോഡലുകളിൽ ഉപയോഗിക്കുന്നത്​. ഫ്രീഡത്തിന് 25 കിലോമീറ്റർ വേഗത നൽകാൻ ഈ മോട്ടോറിന് കഴിയും. ഈ സ്​കൂട്ടറിന് 70-80 കിലോമീറ്റർ റൈഡിങ്​ റേഞ്ചും ലഭിക്കും. ഒരു ഹൈ സ്​പീഡ് വേരിയൻറും 250 കിലോമീറ്റർ റേഞ്ചുള്ള വേരിയൻറും ഫ്രീഡത്തിനുണ്ടാകും. 48 വോൾട്ട് 30 എ.എച്ച്​ ലിഥിയം അയൺ ബാറ്ററി പതിപ്പ് പൂർണ്ണമായി ചാർജ് ചെയ്യാൻ 4 മുതൽ 5 മണിക്കൂർ വരെ എടുക്കും. മറുവശത്ത് ലെഡ് ആസിഡ് ബാറ്ററി പതിപ്പ് ചാർജ്​ ചെയ്യാൻ 8 മുതൽ 10 മണിക്കൂർ വരെ എടുക്കും.

ഹിമാചൽ പ്രദേശിലെ ബഡ്ഡിയിൽ സ്ഥിതി ചെയ്യുന്ന പുതിയ പ്ലാൻറിലാണ്​ ഒകായ ഫ്രീഡം നിർമിക്കുന്നത്​. 14 പുതിയ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒകായ ലക്ഷ്യമിടുന്നതാണ്​ കമ്പനി അധികൃതർ പറയുന്നു. നിലവിൽ ഒകായയുടെ വാഹനനിരയിൽ മൂന്ന് ഇലക്ട്രിക് സ്​കൂട്ടറുകൾ ഉണ്ട്. ഫ്രീഡത്തിനെക്കൂടാതെ അവിയോൺ ​ഐക്യൂ സീരീസ്​, ക്ലാസിക് ഐക്യു സീരീസ്​ എന്നിവയാണ്​ മറ്റുള്ളവ.  കമ്പനിക്ക് രാജ്യത്തുടനീളം നിലവില്‍ 120 ഡീലർഷിപ്പുകളുണ്ട്. 800 എണ്ണം കൂടി തുടങ്ങാൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios