ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാരില്‍ ഒരാളായ ബ്ലൂ സ്മാര്‍ട്ട് ഇലക്ട്രിക് മൊബിലിറ്റിയും ഒകായാ പവര്‍ ഗ്രൂപ്പും കൈകോര്‍ക്കുന്നു. ബ്ലൂ-സ്മാര്‍ട്ട് ഇലക്ട്രിക് മൊബിലിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നല്‍കുമെന്ന് ഒകായാ പവര്‍ ഗ്രൂപ്പ് സ്ഥിരീകരിച്ചു. അതുപോലെ തന്നെ പുതിയ പങ്കാളിത്തത്തോടെ, ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും, ഇത് സേവനം എളുപ്പത്തില്‍ സ്വീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഈ പങ്കാളിത്തം ഒരു പ്രധാന നാഴികക്കല്ലാണെന്നും സുരക്ഷ, വിശ്വാസ്യത, കാര്യക്ഷമത എന്നിവയില്‍ അചഞ്ചലമായ പ്രതിബദ്ധതയോടെ മലിനീകരണ രഹിത ഹരിത ഗതാഗത മാര്‍ഗ്ഗം പ്രദാനം ചെയ്യുന്നതിനുള്ള ശക്തമായ ചുവടുവെപ്പാണെന്നും ഒകായാ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ അന്‍ഷുല്‍ ഗുപ്‍ത പറഞ്ഞു.

അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഫ്‌ലീറ്റ് സേവനത്തില്‍ കാറുകള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നതിനും ദിവസം മുഴുവന്‍ പുതിയ നിരക്കുകള്‍ സ്വീകരിക്കാന്‍ ആരംഭിക്കുന്നതിനും സഹായിക്കും. ഇവി റൈഡ്-ഹെയ്ലിംഗ് സേവനത്തിന്റെ പ്രവര്‍ത്തനം വര്‍ദ്ധിക്കുന്നതോടെ, നഗരത്തിലുടനീളം മലിനീകരണ തോത് കുറയ്ക്കുന്നതിന് ഇത് സഹായിക്കും.

രാജ്യത്തെ തെരഞ്ഞെടുത്ത നഗരങ്ങളിലുടനീളം കമ്പനി മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായും ഇന്ത്യയില്‍ ആരംഭിച്ചതിനുശേഷം 60,000 ത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമായി എന്നും വരും മാസങ്ങളില്‍ ഉപഭോക്തൃ ലക്ഷ്യം 10 ദശലക്ഷമായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ബ്ലൂസ്മാര്‍ട്ട് ഇലക്ട്രിക് മൊബിലിറ്റി സ്ഥാപകന്‍ അന്‍മോള്‍ ജഗ്ഗി പറഞ്ഞു.