Asianet News MalayalamAsianet News Malayalam

വില കുറഞ്ഞ വണ്ടികള്‍ ഉണ്ടാക്കാന്‍ ഒല ഇലക്ട്രിക്

അടുത്ത വര്‍ഷം തന്നെ കമ്പനി ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടേയും വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടറുകളുടേയും നിർമ്മാണത്തിലേക്ക് കടക്കും

Ola Electric confirms it will work on e two wheelers in next year
Author
Mumbai, First Published Nov 14, 2021, 10:20 PM IST

ടുത്ത വർഷം മുതൽ ഇലക്ട്രിക് മോട്ടോർസൈക്കിളുകളും (E-Bike) വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടറുകളും (E-Scooter) വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഒല ഇലക്ട്രിക് (Ola Electric). കമ്പനി സിഇഒ ഭവിഷ് അഗർവാൾ ഇക്കാര്യം സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇ-സ്‌കൂട്ടറുകളിൽ നിന്ന് ഇ-ബൈക്കുകളിലേക്കും ഇ-കാറുകളിലേക്കും ഇവി ശ്രേണി വികസിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായി ഭവിഷ് അഗർവാൾ നേരത്തെ ഒരു ബ്ലോഗ് പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു.

ഇലക്ട്രിക് ബൈക്കുകളിലും വിലകുറഞ്ഞ ഇ-സ്‌കൂട്ടറുകളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ സമയക്രമം സ്ഥിരീകരിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അടുത്ത വര്‍ഷം തന്നെ കമ്പനി ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടേയും വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടറുകളുടേയും നിർമ്മാണത്തിലേക്ക് കടക്കുമെന്ന് ഇലക്ട്രെക്കിന്റെ ഒരു വാർത്താ കുറിപ്പ് റീ ട്വീറ്റ് ചെയ്‍തുകൊണ്ട് ഭവിഷ് അഗർവാൾ വ്യക്തമാക്കി. 

ഇലക്ട്രിക് മോട്ടോർസൈക്കിളുകളും കാറുകളും വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിന് സെപ്റ്റംബറിൽ ഒല ഇലക്ട്രിക് 200 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. 2025ന് ശേഷം ഇന്ത്യയിൽ ഇലക്ട്രിക്ക് ടൂ വീലറുകള്‍ മാത്രമാക്കാനുള്ള ഇവി സ്റ്റാർട്ടപ്പിന്റെ പദ്ധതികളുടെ ഭാഗമാണ് ഫണ്ട് സമാഹരണമെന്ന് അഗർവാൾ ട്വീറ്റ് ചെയ്‍തിരുന്നു. ഈ ദശകത്തിന്റെ മധ്യത്തോടെ രാജ്യത്തെ റോഡുകളിൽ പെട്രോൾ ഓടുന്ന ഇരുചക്രവാഹനങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് കമ്പനി വിഭാവനം ചെയ്യുന്നത്. 

തങ്ങളുടെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ  സ്‍കൂട്ടറുകളായ ഒല S1, S1 പ്രോ എന്നിവ ഈ വർഷം ഓഗസ്റ്റിൽ അവതരിപ്പിച്ചിരുന്നു. ഈ മോഡൽ നിലവിൽ ദില്ലി, ബെംഗളൂരു, കൊൽക്കത്ത, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിൽ ടെസ്റ്റ് ഡ്രൈവുകളും വാഗ്ദാനം ചെയ്യുന്നു. ഒരു യൂണിറ്റ് റിസർവ് ചെയ്‍ത പലർക്കും വാങ്ങൽ പ്രക്രിയ പൂർത്തിയാക്കുന്നതിന് മുമ്പ് ഉൽപ്പന്നവും അതിന്റെ പ്രകടനവും പരിശോധിക്കാൻ കഴിയുന്ന തരത്തിലാണ് ടെസ്റ്റ് റൈഡുകൾ ക്രമീകരിച്ചിരിക്കുന്നത്. ഒരു നിർദ്ദിഷ്ട തീയതി ഇതുവരെ ലഭ്യമല്ലെങ്കിലും, ടെസ്റ്റ് റൈഡുകൾ അവസാനിച്ചതിന് ശേഷം ആദ്യ ബാച്ച് ഡെലിവറി ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. സെപ്റ്റംബറിൽ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ വിൽപ്പന പ്രക്രിയ ആരംഭിച്ചിരുന്നതായും  നിലവിലുള്ള ഓർഡറുകൾ നിറവേറ്റുന്ന തിരക്കിലാണെന്നും പുതിയ പർച്ചേസ് വിൻഡോ ഡിസംബർ 16 ന് വീണ്ടും തുറക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. 

എസ്1, എസ്1 പ്രോ എന്നീ രണ്ട് വകഭേദങ്ങളിൽ ഒല ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാണ്. ഒല S1 ന് ഒരു ലക്ഷം രൂപ വിലയുണ്ട്. ഇതിന് ഒറ്റ ചാർജിൽ ഏകദേശം 120 കിലോമീറ്റർ റേഞ്ച് ലഭിക്കും. എസ് 1 പ്രോയ്ക്ക് 1.30 ലക്ഷം രൂപയാണ് വില.  ഒറ്റ ചാർജിൽ 180 കിലോമീറ്റർ റേഞ്ച് ലഭിക്കും. ഈ വിലകള്‍ എക്‌സ് ഷോറൂം വിലകളാണ്, ഓഫറിലെ സബ്‌സിഡികളെ ആശ്രയിച്ച് സംസ്ഥാനങ്ങൾ തോറും ഇത് വ്യത്യാസപ്പെടും.

Follow Us:
Download App:
  • android
  • ios