Asianet News MalayalamAsianet News Malayalam

ഇന്ധനക്ഷാമം ഉണ്ടാകില്ല, ഈ സ്‍കൂട്ടറിന്‍റെ 'വയര്‍ നിറയ്ക്കാന്‍' കിടിലന്‍ സംവിധാനം!

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഈ സ്‌കൂട്ടറിന്റെ പല വിശദാംശങ്ങളും പങ്കുവെച്ചുകൊണ്ടിരിക്കുകയാണ് കമ്പനി

Ola Electric scooter customers to get Hypercharger support in 400 cities in India
Author
Mumbai, First Published Jul 25, 2021, 8:34 PM IST

പുതിയ ഇലക്ട്രിക്ക് സ്‍കൂട്ടറിലൂടെ വാഹനവിപണിയില്‍ ഒരു വിപ്ലവത്തിന് തന്നെയാണ് ഓണ്‍ലൈന്‍ ടാക്സി സേവനദതാക്കളായ ഓല തയ്യാറെടുക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പല വിശദാംശങ്ങളും പങ്കുവെച്ചുകൊണ്ടിരിക്കുകയാണ് കമ്പനി. 400 ഇന്ത്യൻ നഗരങ്ങളിൽ ഇൻസ്റ്റാൾ ചെയ്‍തിട്ടുള്ള 'ഹൈപ്പർചാർജർ' സജ്ജീകരണത്തിൽ നിന്ന് ഉപഭോക്താക്കൾക്ക് ചാർജിംഗ് പിന്തുണ ലഭിക്കുമെന്ന് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടയർ I, ടയർ II നഗരങ്ങളിലാകും ചാർജിംഗ് സൗകര്യങ്ങളിൽ ഭൂരിഭാഗവും സജ്ജീകരിക്കുകയെന്നും ഓല ഇലക്ട്രിക് ഉപഭോക്താക്കൾക്ക് ബ്രാൻഡിന്റെ ഹൈപ്പർചാർജിംഗ് സ്റ്റേഷനുകളുടെ വ്യാപകമായ ശൃംഖല ഉപയോഗപ്പെടുത്താനാകുമെന്നും കമ്പനി അറിയിച്ചു. നഗരം തിരിച്ചുള്ള ചാർജിംഗ് ലൊക്കേഷനുകളുടെ വിശദാംശങ്ങൾ ഓലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. വെറും 18 മിനിറ്റിനുള്ളിൽ 0 മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ ഇലക്ട്രിക് സ്‍കൂട്ടറിന് കഴിയുമെന്ന് കമ്പനി മുമ്പ് പ്രഖ്യാപിച്ചിരുന്നു. 75 കിലോമീറ്റർ ദൈർഘ്യമുള്ള പകുതി സൈക്കിൾ പരിധിക്ക് ഇത് മതിയാകും. പൂർണ ശ്രേണി പരിധി 150 കിലോമീറ്ററോളം വരുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. 

വാഹനം ഹോം ഡെലിവറി ചെയ്യാനാണ് ഒലയുടെ നീക്കമെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു​. പരമ്പരാഗത ഡീലർഷിപ്പ്​ സങ്കൽപ്പത്തിന്​ പകരം എക്​സ്​പീരിയൻസ്​ സെൻററുകൾ തുറക്കുകയും വാഹന ഡെലിവറി ഉൾപ്പടെയുള്ളവയിൽ വിപ്ലവകരമായ കാര്യങ്ങൾ ​അവതരിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയ്ക്കാണ് ഒല ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നേരത്തേ 499 രൂപക്ക്​ വാഹനം ബുക്ക്​ ചെയ്യാനുള്ള അവസരവും ഓല ഒരുക്കിയിരുന്നു. ബുക്കിംഗ്​ തുടങ്ങി 24 മണിക്കൂറിനുള്ളിൽ ഒരുലക്ഷം എന്ന മാജിക്​ സംഖ്യയില്‍ എത്താനും ഓലയ്ക്ക് സാധിച്ചു. ജൂലൈ 15നാണ്​ ഇലക്ട്രിക്ക് സ്​കൂട്ടർ ബുക്കിംഗ് കമ്പനി​ ആരംഭിച്ചത്​. ബുക്കിംഗ്​ എന്നതിനുപകരം റിസർവേഷൻ എന്നാണ്​ കമ്പനി ഈ പ്രക്രിയയെ വിളിച്ചത്​. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രീ ബുക്കിങ്​ ലഭിക്കുന്ന വാഹനമായി ഒല സ്‍കൂട്ടര്‍ മാറി.

നിലവില്‍ വിപണിയിലുള്ള ഇലക്ട്രിക്ക് സ്‍കൂട്ടറുകൾ മൂന്നും നാലും നിറങ്ങളിൽ ലഭിക്കുമ്പോൾ ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ 10 നിറങ്ങളിലാണ് വിപണിയില്‍ എത്തുക. ഗ്ലോസി, മാറ്റ് ഫിനിഷിൽ ചുവപ്പ്, പിങ്ക്, മഞ്ഞ, സിൽവർ, വെളുപ്പ്, കറുപ്പ് നിറങ്ങളിലെല്ലാം ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ ലഭ്യമാകും എന്നാണ് സൂചന.  സ്‍കൂട്ടരിന്‍റെ പേര് സംബന്ധിച്ചും നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. സീരീസ് എസ് എന്നായിരിക്കും ഒല സ്‍കൂട്ടറിന്റെ പേരെന്നാണ് റിപ്പോര്‍ട്ടുകളില്‍ ഒന്ന്. എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകൾ പ്രതീക്ഷിക്കാം. 125 സിസി സ്‍കൂട്ടറുകളുടെ സമാന വിലയ്ക്ക് അവതരിപ്പിക്കാനാണ് ഒലയുടെ ശ്രമമെന്നും അങ്ങനെയെങ്കിൽ ഒരു ലക്ഷം രൂപയ്ക്ക് താഴെയാവും ഒല ഇലക്ട്രിക്ക് സ്‍കൂട്ടറിന്റെ വിലയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്‍പീഡ്, ഏറ്റവും വലിയ ബൂട്ട് സ്പേസ്, അതിനനൂതന സാങ്കേതികവിദ്യ തുടങ്ങിയവ, ഒല ഇലക്ട്രിക്കില്‍ നിന്നുള്ള വിപ്ലവകരമായ ഉത്പന്നത്തെ  ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്‌കൂട്ടറാക്കി മാറ്റും എന്നാണ് കമ്പനി പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

Follow Us:
Download App:
  • android
  • ios