Asianet News MalayalamAsianet News Malayalam

ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ ഉടന്‍ എത്തിയേക്കും

സ്‍കൂട്ടറിന്റെ അവതരണത്തിന് ഒരുങ്ങുകയാണ് ഒല എന്നാണ് കമ്പനിയുടെ ചെയർമാനും ഗ്രൂപ്പ് സിഇഓയുമായ ഭവിഷ് അഗർവാൾ നൽകുന്ന സൂചന

Ola Electric Scooter Launch Soon
Author
Mumbai, First Published Jun 27, 2021, 9:07 AM IST

ഓണ്‍ലൈന്‍ ടാക്സി സേവനദതാക്കളായ ഓല ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാണത്തിലേക്ക് കടക്കുകയാണെന്ന് കേട്ടുതുടങ്ങിയിട്ട് കുറച്ചുനാളുകളായി.  ഇപ്പോഴിതാ ഇത് സംബന്ധിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു. സ്‍കൂട്ടറിന്റെ അവതരണത്തിന് ഒരുങ്ങുകയാണ് ഒല എന്നാണ് കമ്പനിയുടെ ചെയർമാനും ഗ്രൂപ്പ് സിഇഓയുമായ ഭവിഷ് അഗർവാൾ നൽകുന്ന സൂചന എന്ന് അദ്ദേഹത്തിന്‍റെ ട്വീറ്റിനെ ഉദ്ദരിച്ച് കാര്‍ ആൻഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒല സ്‍കൂട്ടറുകൾക്ക് ഏതൊക്കെ നിറം വേണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്നും കറുപ്പ് നിറം ഏതായാലും ഉറപ്പിച്ചിട്ടുണ്ട് എന്നും അഗർവാൾ ട്വീറ്റ് ചെയ്തു. ഒപ്പം സ്‍കൂട്ടിന്റെ ഏകദേശ ചിത്രം പോസ്റ്റ് ചെയ്‍തിട്ടുണ്ട്. ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏറ്റെർഗോയുടെ ആപ്പ്സ്‌കൂട്ടറിന് സമാനമാണ് ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ എന്ന് ചിത്രം ഉറപ്പിക്കുന്നു.

2020 മെയ് മാസത്തില്‍ ഓല ഇലക്ട്രിക് ആംസ്റ്റർഡാം ആസ്ഥാനമായുള്ള എറ്റെർഗോയെ ഏറ്റെടുത്തിരുന്നു. എറ്റര്‍ഗോ ആപ്പ്‌സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഒലയുടെ ആദ്യ സ്‌കൂട്ടര്‍ എന്നായിരുന്നു ആദ്യം മുതലുള്ള റിപ്പോര്‍ട്ടുകള്‍. 2021 മാര്‍ച്ചില്‍ പുറത്തുവന്ന സ്‍കൂട്ടറിന്‍റെ ആദ്യ ഔദ്യോഗിക ചിത്രങ്ങളില്‍ ഈ സാമ്യം പ്രകടമായിരുന്നു. ഫ്യൂച്ചറിസ്റ്റിക് ബോഡി പാനലുകള്‍ ലഭിച്ചിരിക്കുന്നു. ഇരട്ട ഹെഡ് ലാമ്പുകള്‍, താഴ്ത്തി സ്ഥാപിച്ച ടേണ്‍ സിഗ്‌നലുകള്‍ എന്നിവ കാണാന്‍ കഴിയും. കറുത്ത അലോയ് വീലുകള്‍, റാപ്പ്എറൗണ്ട് എല്‍ഇഡി ടെയ്ല്‍ ലാംപുകള്‍, കറുത്ത ഗ്രാബ് റെയിലുകള്‍ എന്നിവയും ലഭിച്ചു.

എറ്റര്‍ഗോ ആപ്പ്‌സ്‌കൂട്ടറിന്റെ അതേ അണ്ടര്‍ പിന്നിംഗ്‌സ് ലഭിക്കും. ഉയര്‍ന്ന ഊര്‍ജ സാന്ദ്രതയുള്ള ബാറ്ററികള്‍ സ്വാപ്പ് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്‍താല്‍ 240 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഒല ഇലക്ട്രിക് സ്‌കൂട്ടറിന് വെറും 3.9 സെക്കന്‍ഡ് മതിയാകും. 4ജി സപ്പോര്‍ട്ട്, ബ്ലൂടൂത്ത്, വൈഫൈ, നാവിഗേഷന്‍, ഒടിആര്‍ അപ്ഡേറ്റുകള്‍, ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍ സവിശേഷതകളോടെ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ടെലിസ്‌കോപിക് സിംഗിള്‍ ഷോക്ക് ഹെഡ്സ്റ്റോക്കും തിരശ്ചീനമായി സ്ഥാപിച്ച ഷോക്ക് അബ്‌സോര്‍ബറും സസ്പെന്‍ഷന്‍ നിര്‍വഹിക്കും. മുന്നില്‍ 200 എംഎം ഡിസ്‌ക്കും പിന്നില്‍ 180 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും.

ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ രാജ്യത്ത് വിൽപനയ്ക്കുള്ള പെട്രോൾ സ്‍കൂട്ടറുകളുമായുള്ള താരതമ്യം ചെയ്യുമ്പോള്‍ തികച്ചും മത്സരക്ഷമമായ വിലകളിൽ ഇ സ്‍കൂട്ടർ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം.  ആദ്യ വർഷത്തിൽ ഒരു ദശലക്ഷം ഇ-സ്‍കൂട്ടറുകളുടെ വിൽപ്പനയാണ് ഓല ശ്രമിക്കുന്നതെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങൾ നല്‍കുന്ന സൂചന.

വാഹനങ്ങളുടെ പ്രാരംഭ ബാച്ചുകൾ നെതർലാൻഡിലെ നിർമാണ കേന്ദ്രത്തിൽ നിന്നും ഇറക്കുമതി ചെയ്യാനാണ് നീക്കം. പ്രാദേശിക ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നിറവേറ്റുന്നതിന് ഇന്ത്യയിൽ ഒരു സൗകര്യം ഒരുക്കാൻ നീക്കമുണ്ട്.  കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ ഇത് പ്രാവര്‍ത്തികമാക്കാനാണ് കമ്പനിയുടെ നീക്കം. ഏകദേശം രണ്ടു ദശലക്ഷം യൂണിറ്റ് വാർഷിക ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇ-സ്‍കൂട്ടർ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

തമിഴ്‍നാട്ടിലെ കൃഷ്‍മഗിരി ജില്ലയില്‍ 500 ഏക്കറിലാണ് ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന പ്ലാന്റ് സ്ഥാപിക്കുന്നത്. ഈ മെഗാഫാക്റ്ററിയിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മിക്കുന്നത്. പ്രതിവര്‍ഷം ഇരുപത് ലക്ഷം യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതായിരിക്കും മെഗാഫാക്റ്ററി. ആഭ്യന്തര വിപണിയിലെ വില്‍പ്പന കൂടാതെ ഏഷ്യ, യൂറോപ്പ്, തെക്കേ അമേരിക്ക വിപണികളിലേക്ക് കയറ്റുമതി ചെയ്യും. ഈ വര്‍ഷം ജൂണ്‍ മാസത്തോടെ ആദ്യ ഘട്ടം പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ പ്രതിവര്‍ഷം ഇരുപത് ലക്ഷം യൂണിറ്റ് സ്‌കൂട്ടറുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ടാകും. 2022 ഓടെ മെഗാഫാക്റ്ററിയുടെ ആകെ ശേഷി ഒരു കോടി യൂണിറ്റായി വിപുലീകരിക്കും. മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍, ഓരോ രണ്ട് സെക്കന്‍ഡിലും ഒരു സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ കഴിയുമെന്നാണ് ഒല കണക്കുകൂട്ടുന്നത്. 

അടുത്തിടെ രാജ്യത്ത്  ഒല ഇലക്ട്രിക്ക് ഹൈപ്പര്‍ചാര്‍ജര്‍ നെറ്റ്‍വര്‍ക്ക് അവതരിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന ചാര്‍ജിംഗ് ശൃംഖല സ്ഥാപിക്കാനുള്ള പദ്ധതിയാണിതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ഏറ്റവും വിപുലവും പ്രാപ്യതയുള്ളതുമായ ഇലക്ട്രിക് ഇരുചക്ര വാഹന ചാര്‍ജിംഗ് ശൃംഖലയായിരിക്കും ഒല ഹൈപ്പര്‍ചാര്‍ജര്‍ നെറ്റ്വര്‍ക്ക് എന്ന് കമ്പനി അവകാശപ്പെടുന്നു. 400 നഗരങ്ങളിലായി ഒരു ലക്ഷത്തിലധികം ചാര്‍ജിംഗ് പോയിന്‍റുകള്‍ സ്ഥാപിക്കും. ആദ്യ വര്‍ഷം മാത്രം ഇന്ത്യയിലെ 100 നഗരങ്ങളിലായി 5,000 ചാര്‍ജിംഗ് പോയിന്‍റുകള്‍ ഓല സ്ഥാപിക്കുന്നു, ഇത് രാജ്യത്ത് നിലവിലുള്ള ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്‍റെ ഇരട്ടിയിലധികം വരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios