വെബ്സൈറ്റിലെ ചില സാങ്കേതിക തകരാറുകള്‍ കാരണം വൈകിയ വില്‍പ്പന ഇപ്പോൾ ഓല ഇലക്ട്രിക് വീണ്ടും തുടങ്ങി

2021 സെപ്റ്റംബര്‍ 8 മുതല്‍ S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള വില്‍പ്പന മോഡലുകൾക്കായുള്ള വിപണനം ആരംഭിക്കാനായിരുന്നു ഓല പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വെബ്സൈറ്റിലെ ചില സാങ്കേതിക തകരാറുകള്‍ കാരണം വൈകുകയായിരുന്നു. ഇപ്പോൾ ഓല ഇലക്ട്രിക് S1 ശ്രേണിയിലുള്ള ഇലക്ട്രിക് സ്‍കട്ടറുകൾക്കായി ഓൺലൈൻ വിൽപ്പന ആരംഭിച്ചതായി മിന്‍റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ബുക്കിംഗുകളും വാങ്ങലുകളും പൂർണമായും ഓൺലൈനിൽ നടത്തുന്ന മാതൃകയാണ് കമ്പനി പിന്തുടരുന്നത്.

ഒല സ്‍കൂട്ടര്‍ വാങ്ങുന്നത് എങ്ങനെ?
ഒല ആപ്പിലെ പര്‍ച്ചേസ് വിന്‍ഡോ കഴിഞ്ഞ ദിവസം തുറന്നു. ബുധനാഴ്‍ച വൈകുന്നേരം 6 മുതലാണ് കമ്പനി​ പർച്ചേസ്​ വിൻഡോ തുറന്നത്​. നേരത്തേ വാങ്ങുന്നവർക്ക്​ മുൻഗണനാ ഡെലിവറി ലഭിക്കും. വാഹനം വാങ്ങലും നിറങ്ങളുടെ തെരഞ്ഞെടുപ്പും ടെസ്​റ്റ്​ ഡ്രൈവ്​ ബുക്കിങുമെല്ലാം ഓൺലൈനായാണ്​ നിർവഹിക്കേണ്ടത്​. വാഹനം ഹോം ​ഡെലിവറി ആയി വീട്ടിലെത്തിക്കും.

വാങ്ങല്‍ പ്രക്രിയ
ജൂലൈ 15 ന് ഓല സ്​കൂട്ടറുകൾക്ക് ബുക്കിംഗ്​ സ്വീകരിച്ചുതുടങ്ങിയിരുന്നു. നേരത്തെ റിസർവേഷൻ ഉള്ള ആർക്കും ഓൺലൈനായി ഓല സ്​കൂട്ടറുകളുടെ വാങ്ങൽ നടപടികളിലേക്ക് കടക്കാം. മുഴുവൻ വാങ്ങൽ പ്രക്രിയയും പരിധികളില്ലാതെ ഡിജിറ്റൽ ആയാണ്​ ലഭ്യമാക്കുന്നതെന്ന്​ കമ്പനി അധികൃതർ പറയുന്നു. ഷോറൂമുകൾ സന്ദർശിക്കാതെ വീട്ടിൽ ഇരുന്ന്​ ഓല സ്​കൂട്ടർ വാങ്ങാം. മുൻഗണനാ ക്രമത്തിലായിരിക്കും ഡെലിവറി നടക്കുക. സ്റ്റോക്​ അവസാനിക്കുന്നതുവരെ മാത്രമേ വിൻഡോ തുറന്നിരിക്കുകയുള്ളൂ.

ആവശ്യമായ വകഭേദവും ഇഷ്​ടപ്പെടുന്ന നിറവും തിരഞ്ഞെടുക്കുക എന്നതാണ് വാഹനം വാങ്ങുന്നതി​ന്‍റെ ആദ്യ പടി. എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട്​​ വേരിയൻറുകളാണ്​ ഒലക്കുള്ളത്​. 10 നിറങ്ങളിൽ നിന്നും 2 ഫിനിഷുകളിൽ നിന്നും ഇഷ്​ടമുള്ളതും​ തിരഞ്ഞെടുക്കാം. ആദ്യം ഓർഡർ ചെയ്​തതിന്​ ശേഷവും വേണമെങ്കിൽ വേരിയൻറിനേയും നിറത്തെയും മാറ്റാനും സാധിക്കും. പക്ഷേ വാഹനം ഡെലിവറിക്കായി പുറപ്പെടുന്നതുവരെ മാത്രമേ ഇത്​ സാധ്യമാവുകയുള്ളൂ.

പണം അടയ്ക്കുന്നത് എങ്ങനെ?
ഓല ഫിനാൻഷ്യൽ സർവീസസ് (OFS)ഉപഭോക്​താക്കൾക്ക്​ തിരഞ്ഞെടുക്കാൻ സൗകര്യപ്രദമായ ഇൻ-ക്ലാസ് ഫിനാൻസിങ്​ ഓപ്ഷനുകൾ നൽകുമെന്ന്​ കമ്പനി പറയുന്നു. ഡൗൺപേയ്​മെൻറ്​ അടച്ചശേഷം ധനസഹായം ആവശ്യമുണ്ടെങ്കിൽ ഓല ഫിനാൻഷ്യൽ സർവീസസ് ​സഹായിക്കും. ഐഡിഎഫ്​സി ഫസ്റ്റ് ബാങ്ക്, എച്ച്​ഡിഎഫ്​സി, ടാറ്റ ക്യാപിറ്റൽ എന്നിവയുൾപ്പെടെയുള്ള ബാങ്കുകളുമായി ചേർന്നാണ്​ ഒല നിലവില്‍ പ്രവർത്തിക്കുന്നത്​. ഇഎംഐകൾ 2999 രൂപയിലും (ഓല എസ് 1 ) 3199 രൂപയിലും (ഓല എസ് 1 പ്രോ) ആരംഭിക്കും. എച്ച്ഡിഎഫ്​സി ബാങ്ക് ഓല ഇലക്ട്രിക് ആപ്പുകളിൽ മിനിറ്റുകൾക്കുള്ളിൽ യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് പ്രീ-അപ്രൂവ്ഡ് വായ്​പ നൽകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona