തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് ഓട്ടം നിര്‍ത്തിയ വാഹനങ്ങള്‍ ഓണ്‍ലൈന്‍ ടാക്സി കമ്പനി തിരികെ നല്‍കുന്നില്ലെന്ന് പരാതി. തലസ്ഥാന നഗരിയിലെ അറുപതോളം ഡ്രൈവര്‍മാരാണ് ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒലയുടെ ഉപവിഭാഗമായ ഒല ഫ്ലീറ്റിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 95 ദിവസത്തില്‍ അധികമായി ജോലിയില്ലാതായതോടെ ഈ ഡ്രൈവര്‍മാര്‍ കടുത്ത പ്രതിസന്ധിയിലാണ്. 

കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി ഒല ഫ്ലീറ്റിനു കീഴില്‍ ജോലി നോക്കുന്ന തൊഴിലാളികളാണ് ഇവര്‍. കഴിഞ്ഞ മൂന്നുമാസമായി തങ്ങള്‍ കടുത്ത ദുരിതത്തിലാണെന്ന് ഇവര്‍ പറയുന്നു. ലോക്ക് ഡൗണിന് തൊട്ടു മുമ്പ് മാര്‍ച്ച് 21 ന് വാഹനങ്ങള്‍ സറണ്ടര്‍ ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ഇതനുസരിച്ച് വാഹനം തിരിച്ചേല്‍പ്പിച്ചു. എന്നാല്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നിട്ടും  വാഹനങ്ങള്‍ തിരികെ നല്‍കാന്‍ കമ്പനി തയ്യാറാവുന്നില്ലെന്നാണ് ഇവരുടെ പരാതി. 

2017 ഓഗസ്റ്റില്‍ ആണ് ഇവര്‍ക്ക് ഒല ഫ്ലീറ്റ് കാറുകള്‍ നല്‍കുന്നത്. 21000 രൂപ വീതം കെട്ടിവച്ച ശേഷമായിരുന്നു ഗ്രാന്‍ഡ് ഐ10 കാറുകള്‍ നല്‍കിയത്. ഈ തുകയ്ക്ക് പുറമേ ഒരുദിവസം 820 രൂപ വച്ച് കമ്പനിക്ക് അടയ്ക്കണമെന്നും നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഈ കാറുകള്‍ ഡ്രൈവര്‍മാരുടെ സ്വന്തം പേരിലേക്ക് മാറ്റി നല്‍കുമെന്നുമായിരുന്നു കരാര്‍. ഇങ്ങനെ കാറിന്‍റെ യതാര്‍ത്ഥ വിലയെക്കാള്‍ ലക്ഷക്കണിന് രൂപ പല ഡ്രൈവര്‍മാരും കമ്പനിക്ക് നല്‍കിക്കഴിഞ്ഞതായി ഡ്രൈവര്‍മാര്‍ പറയുന്നു. നിലവില്‍ 5 ലക്ഷം രൂപമുതല്‍ 8 ലക്ഷം രൂപവരെ അടച്ചവരുണ്ട്. മാത്രമല്ല ദിനംപ്രതി 820 രൂപ കൂടാതെ വാഹനം ഓടിക്കിട്ടുന്ന മൊത്തം തുകയില്‍ നിന്നും 100 രൂപയുടെ 20 മുതല്‍ 26 ശതമാനം വരെ മാതൃകമ്പനിയായ ഒലയ്ക്കും ഒരുദിവസം നല്‍കിയിരുന്നു. ഇന്ധനച്ചെലവും സ്വയം വഹിക്കണം എന്നാണ് കരാര്‍. 

മാര്‍ച്ച് 21ന് വാഹനങ്ങള്‍ സറണ്ടര്‍ ചെയ്‍തപ്പോള്‍ 1200 രൂപ വീതം ആഴ്‍ചതോറും നല്‍കുമെന്ന് കമ്പനി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ആകെ മൂന്നുതവണ മാത്രമാണ് ഈ തുക ലഭിച്ചത്. തുടര്‍ച്ചയായി മൂന്നുമാസത്തോളം ജോലിയില്ലാതായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇവര്‍. സ്വന്തമായി വാഹനമുള്ള ഡ്രൈവര്‍മാരുടെ സര്‍വ്വീസുകള്‍ ഒല തന്നെ നഗരത്തില്‍ നടത്തുന്നുണ്ടെന്നും ഇവര്‍ പറയുന്നു. വാഹനങ്ങള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കമ്പനിയെ സമീപിച്ചെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് കമ്പനി കബളിപ്പിക്കുകയാണെന്നാണ് ഇവരുടെ പരാതി.

തുടര്‍ന്ന് കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഫീസില്‍ എത്തിയപ്പോള്‍ ഓഫീസ് അടച്ചുപൂട്ടിയ നിലയിലായിരുന്നുവെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. പിടിച്ചെടുത്ത വാഹനങ്ങള്‍ പലയിടങ്ങളില്‍ നാശത്തിന്‍റെ വക്കിലാണെന്നും ഒന്നുകില്‍ വാഹനങ്ങളോ അല്ലെങ്കില്‍ തങ്ങള്‍ ഇതുവരെ അടച്ച പണമോ തിരികെ വേണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് ഈ ഡ്രൈവര്‍മാര്‍. 

ഡ്രൈവര്‍മാരുടെ ഈ പരാതി സംബന്ധിച്ച് ഒല ഫ്ലീറ്റിനോട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രതികരണം തേടിയിരുന്നു. പക്ഷേ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും കമ്പനി ഇതുവരെ നല്‍കിയിട്ടില്ല.