Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ നിര്‍മ്മിത സ്‍കൂട്ടറുകളെ ആഗോള വിപണിയില്‍ എത്തിക്കാന്‍ ഒല

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറിയില്‍ നിന്ന്, ഒല ഇലക്ട്രിക് ക്രമേണ കയറ്റുമതി യൂണിറ്റുകളിലേക്കും ശ്രദ്ധിക്കുമെന്ന് സിഇഒ ഭവിഷ് അഗര്‍വാള്‍

Ola to bring Indian-made scooters to global market
Author
Mumbai, First Published Sep 6, 2021, 10:38 PM IST
  • Facebook
  • Twitter
  • Whatsapp

ഈ സ്വാതന്ത്ര്യ ദിനത്തിലാണ് രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം സൃഷ്‍ടിച്ച്, ഒലയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണിയിലെ ആദ്യ പതിപ്പായ ഒല എസ്1 അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഓല തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിനെ കടല്‍ കടത്താന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ നിര്‍മ്മിത ഒല സ്‍കൂട്ടറുകളെ ആഗോള വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ നീക്കം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറിയില്‍ നിന്ന്, ഒല ഇലക്ട്രിക് ക്രമേണ കയറ്റുമതി യൂണിറ്റുകളിലേക്കും ശ്രദ്ധിക്കുമെന്ന് സിഇഒ ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കി. ഒരു ട്വീറ്റിനുള്ള മറുപടിയായിട്ടായിരുന്നു ഭവിഷ് അഗര്‍വാളിന്റെ പ്രതികരണം. ഇതിന്റെ ആദ്യപടിയായി യുഎസിലേക്കുള്ള മോഡലിന്റെ കയറ്റുമതി 2022 ന്റെ തുടക്കത്തില്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓല ഇലക്ട്രിക് ഫാക്ടറിയുടെ ഒരു ഘട്ടം ഏതാണ്ട് പൂര്‍ത്തിയായെന്നും, നിലവിലെ ഉത്പാദനം പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിവര്‍ഷം രണ്ട് ദശലക്ഷം യൂണിറ്റാണ് ഈ കണക്ക്. എന്നാല്‍ മുഴുവന്‍ സൗകര്യവും പൂര്‍ത്തിയാക്കി എല്ലാ മേഖലയും പ്രവര്‍ത്തിക്കുമ്പോള്‍, ഓരോ വര്‍ഷവും 10 ദശലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ എത്തുന്ന സ്‍കൂട്ടര്‍ മാറ്റ്, മെറ്റാലിക് ഫിനിഷിംഗില്‍, അതിശയകരമായ പത്തു നിറങ്ങളിലാണ് എത്തുക. സംസ്ഥാന സര്‍ക്കാര്‍ സബ്‍സിഡികളും, രജിസ്ട്രേഷനും ഇന്ഷുറന്‍സും ഉള്പ്പെടെ 99,999 രൂപയാണ് ഒല എസ്1 ഇലക്ട്രിക് സ്‍കൂട്ടറിന്റെ വില.
മികച്ച ഡിസൈനില്‍ പൂര്‍ണമായും ഇന്ത്യയിലാണ് ഒല എസ്1 ഇലക്ട്രിക് സ്‍കൂട്ടറുകളുടെ നിര്‍മ്മാണം. ഇരട്ട ഹെഡ്ലാമ്പുകള്‍, എര്‍ഗണോമിക്, ഫ്ളൂയിഡിക് ബോഡി, മികച്ച അലോയ് വീലുകള്‍, ശില്‍പ്പചാരുതിയുള്ള സീറ്റുകള്‍, രണ്ടു ഹെല്‍മറ്റുകള്‍ക്ക് അനുയോജ്യമായ ഏറ്റവും വലിയ ബൂട്ട് സ്പേസ് എന്നിവയാണ് പ്രധാന സവിശേഷതകള്‍.

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്‍പീഡാണ് ഒല എസ്1 വാഗ്ദാനം ചെയ്യുന്നത്.  മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗതയില്‍ ഈ സ്‍കൂട്ട്ര‍ കുതികുതിക്കും. മൂന്ന് സെക്കന്‍ഡിന് ഉള്ളില്‍ 0-40 കി.മീ വേഗത കൈവരിക്കാനാവും. ഒറ്റച്ചാര്‍ജില്‍ 181 കി.മീ വരെ സഞ്ചരിക്കാം. ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ ഹൈപ്പര്‍ഡ്രൈവ് മോട്ടോറാണ് വാഹനത്തിന് കരുത്തേകുക. 3.97 കി.വാട്ട് ബാറ്ററി ഒറ്റചാര്‍ജ്ജില്‍ 181 കിലോമീറ്റര്‍ പരിധിക്ക് ആവശ്യമായ വൈദ്യുതി സംഭരിക്കും. ബാറ്ററി മാനേജ്മെന്റ് സിസ്റ്റവും ഉണ്ട്.

ഇരുചക്രവാഹനങ്ങളില്‍ ഇതുവരെ ലഭ്യമായതില്‍ ഏറ്റവും നൂതനമായ സാങ്കേതികവിദ്യയാണ് ഓല എസ്1 കൊണ്ടുവരുന്നത്. ഒക്ടാ-കോര് പ്രോസസര്, 3 ജിബി റാം, 4ജി, വൈഫൈ, ബ്ലൂടൂത്ത് എന്നിവയിലൂടെയുള്ള അതിവേഗ കണക്റ്റിവിറ്റി എന്നിവക്കൊപ്പം ഒല സ്വന്തമായി രൂപകല്പന ചെയ്ത സ്മാര്ട്ട് വിസിയു, വാഹനത്തിന് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രകടനം നല്കും. 7 ഇഞ്ച് ടച്ച് സ്ക്രീന് ഡിസ്പ്ലേകളോടെയാണ് അഡ്വാന്സ്ഡ് എച്ച്എംഐ. താക്കോല് ഇല്ലാതെ സ്മാര്ട്ട്ഫോണ് വഴിതന്നെ സ്‍കൂട്ടര്‍ തനിയെ ലോക്ക് ആവുകയും അണ്‍ലോക്ക് ആവുകയും ചെയ്യും. വോയ്സ് റെക്കഗ്നിഷനാണ് മറ്റൊരു സവിശേഷത.

മൂവ് ഒഎസ് അധിഷ്‍ഠിതമായ ഓല മൂഡ്‍സ്, യാത്രാനുഭവത്തെ മറ്റൊരു തലത്തിലെത്തിക്കും. ഈ വിഭാഗത്തിലെ ഏറ്റവും നിശബ്ദമായ സ്‍കൂട്ടര്‍ അനുഭവവും ഇത് സമ്മാനിക്കും. ബോള്‍ട്ട്, കെയര്‍, വിന്റേജ്, വണ്ടര്‍ എന്നിങ്ങനെ വ്യത്യസ്‍തമായ ശബ്‍ദ ഭാവങ്ങള്‍ റൈഡറുടെ താല്‍പ്പര്യം അനുസരിച്ച് തെരഞ്ഞെടുക്കാനുള്ള സംവിധാവും ഒല എസ്1 സീരിസിലുണ്ട്. നോര്‍മല്‍, സ്പോര്‍ട്‍സ്, ഹൈപ്പര്‍ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളുമുണ്ട്.

ആന്റിതെഫ്റ്റ് അലേര്ട്ട് സിസ്റ്റം, ജിയോ ഫെന്സിങ് തുടങ്ങിയവ ഉള്ക്കൊള്ളിച്ച് സുരക്ഷ സവിശേഷതകളിലും ഏറെ മുന്നിലാണ് ഒല എസ്1. മുന്നിലും പിന്നിലുമുള്ള ഡിസ്‍ക് ബ്രേക്കുകള്‍ യാത്രക്കാരനെ നഗര ബ്ലോക്കുകളിലും, ട്രാഫിക്കിലും സുരക്ഷിതനാക്കും. ഹില്‍ ഹോള്‍ഡ് സംവിധാനം, നാവിഗേഷന്‍ എളുപ്പമാക്കുകയും ചെയ്യും. 499 രൂപയ്‍ക്ക് ഇപ്പോള്‍ ഒല എസ്1 റിസര്‍വ് ചെയ്യാം.  ഒല എസ്1-നായുള്ള ഔദ്യോഗിക ബുക്കിങ് 2021 സെപ്റ്റംബര്‍ 8 മുതല്‍ ആരംഭിക്കും. ഒക്ടോബറില്‍ 1000 നഗരങ്ങളിലും പട്ടണങ്ങളിലുമായി വിതരണവും തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Follow Us:
Download App:
  • android
  • ios