കൊവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സുരക്ഷിത യാത്രയൊരുക്കാനുള്ള പദ്ധതിയില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് സേവനദാതാക്കളായ ഓല. ഇതിനായി 'റൈഡ് സേഫ് ഇന്ത്യ' എന്ന പേരിലുള്ള പദ്ധതിയുമായിട്ടാണ് കമ്പനിയുടെ വരവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ സംരംഭത്തിന്റെ ഭാഗമായി, വാഹനങ്ങള്‍ക്കുള്ള ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും ഉള്‍ക്കൊള്ളുന്ന നിരവധി പദ്ധതികളും ഓല ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. പുതിയ സംരംഭത്തിനായി ഏകദേശം 500 കോടി രൂപയോളം നിക്ഷേപിക്കുമെന്നും ഓല അറിയിച്ചു. കമ്പനി നിലവില്‍ 200 -ല്‍ അധികം നഗരങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഇതിനായി കോവിഡ്-റെഡി ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. 

ഇന്ത്യയിലുടനീളം 500 -ലധികം ഫ്യൂമിഗേഷന്‍ സെന്ററുകളുടെ ഒരു ശൃംഖല ബ്രാന്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളെ ഓരോ 48 മണിക്കൂറിലും നിര്‍ബന്ധിത ഫ്യൂമിഗേഷന്‍ വിധേയമാക്കും. കാറുകൾ, ത്രീ-വീലറുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിങ്ങനെ ഓലയുടെ എല്ലാ വാഹനങ്ങളിലും ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ബന്ധമാക്കുമെന്നാണ് സൂചന.

ഓലയുടെ സുരക്ഷാ സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'റൈഡ് സേഫ് ഇന്ത്യ' വെബ്‌സൈറ്റ് ഉപയോക്താക്കള്‍ക്കും ഡ്രൈവര്‍മാര്‍ക്കും സന്ദര്‍ശിക്കാം. ഈ പ്ലാറ്റ്‌ഫോം വഴി കമ്പനി ഉപഭോക്താക്കളില്‍ നിന്ന് ഫീഡ്ബാക്കും ആശയങ്ങളും സ്വീകരിക്കുമെന്നും ആണ് റിപ്പോര്‍ട്ടുകള്‍.