Asianet News MalayalamAsianet News Malayalam

മെഡല്‍വേട്ടയ്ക്ക് തിരികൊളുത്തിയ ചാനുവിന് 'പടക്കുതിരയെ' സമ്മാനിച്ച് റെനോ!

റെനോയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ പത്ത് വര്‍ഷം പിന്നിടുന്നതിന്റെ ആഘോഷത്തിന്റെ ഭാഗം കൂടിയായിട്ടാണ് രാജ്യത്തിന് നേട്ടം സമ്മാനിച്ച താരത്തെ കമ്പനി ആദരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Olympic medal winner Mirabai Chanu gets awarded a Kiger compact SUV From Renault India
Author
Mumbai, First Published Aug 20, 2021, 8:04 PM IST

ടോക്യോ ഒളിംപിക്സിന്‍റെ ആദ്യ ദിനം തന്നെ ഭാരദ്വേഹനത്തില്‍ ഇന്ത്യക്ക് വെള്ളിത്തിളക്കം സമ്മാനിച്ച രാജ്യത്തിന്‍റെ അഭിമാനമായ താരമാണ്  മീരാബായ് ചാനു. വെള്ളിയിലൂടെ ചാനു നല്‍കിയ തുടക്കം സമാപന ദിവസം സ്വര്‍ണത്തിലൂടെ നീരജ് ചോപ്ര കൂടുതല്‍ മധുരമുള്ളതാക്കിയപ്പോള്‍ ഒളിംപിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡല്‍ വേട്ടയാണ് ടോക്യോയില്‍ കണ്ടത്.

മെഡല്‍ നേട്ടത്തിനുശേഷം രാജ്യത്ത് തിരിച്ചെത്തിയ മീരാബായ് ചാനുവിന് രാജ്യം അതിഗംഭീര വരവേല്‍പ്പ് നല്‍കുകയും ചെയ്‍തു. ഇപ്പോഴിതാ മീരാഭായ് ചാനുവിന് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ ഒരു സമ്മാനം നല്‍കിയിരിക്കുന്നു. ഫ്രഞ്ച് കമ്പനിയുടെ ഏറ്റവും മികച്ച സബ്‌കോംപാക്റ്റ് എസ്‍യുവി മോഡലായ കിഗര്‍ ആണ് ആ സമ്മാനം എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

റെനോയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ പത്ത് വര്‍ഷം പിന്നിടുന്നതിന്റെ ആഘോഷത്തിന്റെ ഭാഗം കൂടിയായിട്ടാണ് രാജ്യത്തിന് നേട്ടം സമ്മാനിച്ച താരത്തെ കമ്പനി ആദരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മീരഭായിയുടെ മെഡല്‍ നേട്ടത്തോടെ ഒരു രാജ്യത്തിന്റെ അഭിമാനമാണ് അവര്‍ വാനോളം ഉയര്‍ത്തിയിരിക്കുന്നതെന്നും റെനോ അറിയിച്ചു. എല്ലാ പരിമിതികളെയും അതിജീവിക്കാന്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാകുന്ന ജീവിതവും നേട്ടവുമാണ് താരം കൈവരിച്ചിരിക്കുന്നതെന്നാണ് റെനോ പറയുന്നത്.

Olympic medal winner Mirabai Chanu gets awarded a Kiger compact SUV From Renault India

കിഗര്‍ 2021 ഫെബ്രുവരി അവസാനവാരമാണ് ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചത്. RXE, RXL, RXT, RXZ എന്നീ നാല് വേരിയന്റുകളില്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ള കൈഗറിന് 5.64 ലക്ഷം രൂപ മുതല്‍ 10.09 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. പങ്കാളികളായ നിസാനും റെനോയും ഒന്നിച്ചു തയ്യാറാക്കിയ CMF-A പ്ലാറ്റ്ഫോമിൽ തന്നെയാണ് കിഗെർ തയ്യാറാക്കുന്നത്. ഇരട്ട സ്ലാറ്റ് ക്രോം ഗ്രിൽ, മൂന്ന് എൽ ഇ ഡികളുള്ള ഹെഡ്‌ലാംപ്, എൽഇഡി ഡേടൈം റണ്ണിങ് ലാംപ്, സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, ഫംക്ഷനൽ റൂഫ് റയിൽ എന്നിവയൊക്കെ കൈഗറിലുണ്ട്.

അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗർ. പ്ലാനറ്റ് ഗ്രേ, ഐസ് കൂൾ വൈറ്റ്, മൂൺലൈറ്റ് ഗ്രേ, മഹാഗണി ബ്രൗൺ, കാസ്പിയൻ ബ്ലൂ, റേഡിയൻറ് റെഡ് വിത്ത് മിസ്റ്ററി ബ്ലാക്ക് റൂഫ് എന്നിങ്ങനെ 6 നിറങ്ങളിലാണ് റെനോ കിഗെർ എത്തുന്നത്. റെനോയുടെ സ്വന്തം വിങ് ഗ്രിൽ, രണ്ടായി ഭാഗിച്ച ഹെഡ്‍ലാംപ് ക്ലസ്റ്റർ, C ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവ ലഭിക്കുന്നു. കിഗെറിന് ഒരു കൂപെ എസ്‌യുവി ഡിസൈൻ ഭാഷ്യം ആണ് ഉള്ളത്. ഹെക്‌സഗോണൽ എസി വെന്റുകൾക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ്, ചാരനിറത്തിലുള്ള ലേയേർഡ് ഡാഷ്‌ബോർഡ്, സെന്റർ കൺസോളിലും പവർ വിൻഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകൾ എന്നിവയാണ് റെനോ കിഗെറിന്റെ ഇന്റീരിയറിൽ.

പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, പിഎം 2.5 എയർ ഫിൽട്ടർ എന്നിവയാണ് കിഗെറിന്റെ ഉയർന്ന ട്രിമ്മുകളിൽ നൽകിയിരിക്കുന്നു. ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ ആണ് ഒന്ന്. 72 പിഎസ് പവറും 96 എൻഎം ടോർക്കും ഇത് നിർമ്മിക്കുന്നു. ഈ എൻജിൻ 5-സ്പീഡ് മാന്വൽ, എഎംടി ഗിയർബോക്‌സുകളോടൊപ്പം ലഭിക്കും. 98 ബിഎച്പി പവറും 160 എൻഎം ടോർക്കും നിർമ്മിക്കുന്ന നിസ്സാൻ മാഗ്‌നൈറ്റിലെ 1.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനിലും കിഗെർ എത്തുന്നു. 5-സ്പീഡ് മാന്വൽ, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ഈ എൻജിനോടൊപ്പമുള്ള ഗിയർബോക്‌സുകൾ.

അതേസമയം ഏഴ് ലക്ഷം ഉപയോക്താക്കളുടെ നിറവിലാണ് കമ്പനി 10 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നാണ് റെനോ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി റെനോ കിഗറിന്റെ പുതിയ ഒരു പതിപ്പ് കൂടി ഇന്ത്യന്‍ നിരത്തുകളിൽ എത്തിച്ചിരിക്കുകയാണ് കമ്പനി. ആഘോഷങ്ങളുടെ ഭാഗമായി കിഗറിന്റെ RXT(O) എന്ന പുതിയ വേരിന്റാണ് റെനോ അവതരിപ്പിച്ചത്. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ മോഡലിന്റെ ഓട്ടോമാറ്റിക്-മാനുവല്‍ പതിപ്പാണ് റെനോ എത്തിച്ചിട്ടുള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios