ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ വിപണിയിലെത്തിയത്. വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്‍ത ശേഷം രാജ്യത്തെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ കാറുകളെയും ഡ്രൈവുകളെയും ഏറെ സ്‍നേഹിക്കുന്ന രാഷ്‍ട്രീയക്കാരായ ഒരു അച്ഛനും മകനും ഥാറിന്‍റെ ടെസ്റ്റ് ഡ്രൈവിനു ശേഷം നടത്തിയ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണല്‍ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ലയും പിതാവ് ഫാറൂഖ് അബ്‍ദുല്ലയുമാണ് ഈ ഥാര്‍ പ്രേമികള്‍. ഒമറിന് കഴിഞ്ഞ ദിവസം പുതിയ ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ അവസരം ലഭിച്ചു. ശ്രീനഗറിലെ ഒരു ഡീലർഷിപ്പ് അദ്ദേഹത്തെയും പിതാവ് ഫാറൂഖ് അബ്ദുല്ലയെയും ക്ഷണിക്കുകയായിരുന്നു. തുടര്‍ന്നുള്ള ഒമറിന്‍റെ ട്വീറ്റാണ് വൈറലാകുന്നത്. 

അതിശയിപ്പിക്കുന്ന വാഹനം എന്നാണ്​ അദ്ദേഹം ഥാറിനെ വിശേഷിപ്പിക്കുന്നത്​​. 'പിതാവുമൊത്തുള്ള ചെറിയ യാത്ര എനിക്ക്​ ഏറെ ഇഷ്​ടമായി. ശരിക്കും എന്നെ അതിശയിപ്പിച്ചു. ഇനി പർവതങ്ങളിലേക്കും മഞ്ഞിലേക്കുമുള്ള ഓഫ്​ റോഡ്​ യാത്രക്കായി ഞാൻ കാത്തിരിക്കുകയാണ്​. ആനന്ദ്​ മഹീന്ദ്രക്കും​ മറ്റു സംഘാങ്ങൾക്കും അഭിനന്ദനങ്ങൾ' -ഒമർ ട്വിറ്ററിൽ കുറിച്ചു. പിതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ്​ അബ്​ദുല്ലയുടെ കൂടെ വാഹനമോടിച്ച്​ പോകുന്ന ചിത്രവും ഒമർ പങ്കുവെച്ചിട്ടുണ്ട്​. 

മാത്രമല്ല പുതിയ ഥാറിനെ കുറിച്ച് പിതാവ് ഫാറൂഖ് അബ്ദുല്ലയ്ക്ക് വ്യക്തിപരമായി സംസാരിക്കാനായി ഫോണ്‍ നമ്പർ പങ്കിടാമോ എന്നും ഒമര്‍ അബ്ദുല്ല മഹീന്ദ്ര ഗ്രൂപ്പ്​ ചെയർമാൻ ആനന്ദ് മഹീന്ദ്രയോട് ചോദിച്ചു. ഒമര്‍ എഴുതി, “ഥാറിനെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങളെ അറിയിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു..”

ഒമറിന്‍റെ ട്വീറ്റിന്​ മറുപടിയായി ആനന്ദ്​ മഹീന്ദ്രയും എത്തി. 'വളരെ വലിയ അഭിനന്ദനമാണ്​ താങ്കൾ നൽകിയിട്ടുള്ളത്​. ഓടിക്കുന്ന കാറുകൾ മികച്ചതാകണമെന്ന്​ ആഗ്രഹിക്കുന്നയാളാണ്​ താങ്കളെന്ന്​ എനിക്കറിയാം' - മഹീന്ദ്ര എഴുതി.  ഹാർഡ്-ടോപ്പ് കോൺഫിഗറേഷനിൽ വാഗ്ദാനം ചെയ്യുന്ന എൽ‌എക്സ് മാനുവൽ വേരിയന്റുകളിലൊന്നിലായിരുന്നു അച്ഛനും മകനും നഗരം ചുറ്റിയത്. 

2020 ആഗസ്റ്റ് 15-ന് സ്വാതന്ത്രദിനത്തിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാറിനെ അവതരിപ്പിച്ചത്.  ഒക്ടോബർ 2 ന് ബുക്കിംഗ് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ 9,000 ത്തിലധികം ബുക്കിംഗുകൾ രജിസ്റ്റർ ചെയ്ത വാഹനത്തിനായി ഇതുവരെ 36,000  അന്വേഷണങ്ങൾ ലഭിച്ചെന്ന് മഹീന്ദ്ര അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഥാറിന്റെ ഒന്നാം ഘട്ടം 18 നഗരങ്ങളെ ഉൾക്കൊള്ളുന്നുണ്ടെങ്കിലും ഒക്ടോബർ 10 ന് ഇത് 100 ആക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇത് ബുക്കിംഗ് കണക്കുകളിൽ കൂടുതൽ മുന്നേറ്റമുണ്ടാക്കും. 

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്‍മിഷനുകളിലുമായി എട്ട് വേരിയന്റിലെത്തുന്ന രണ്ടാം തലമുറ ഥാറിന് 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. 

ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്‍മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം. 

മുന്‍തലമുറ ഥാറില്‍ നിന്ന് വലിയ മാറ്റങ്ങളുമായെത്തിയ പുതിയ മോഡലിന്‍റെ രൂപം ഐക്കണിക്ക് അമേരിക്കന്‍ വാഹനം ജീപ്പ് റാംഗ്ളറിനോട്‌ ഏറെ സാമ്യമുള്ളതാണ്. ഥാർ AX സീരീസ്, LX സീരീസ് എന്നി രണ്ട് വേരിയന്റുകളിൽ 2020 ഥാര്‍ ലഭ്യമാകും. AX സീരീസ് കൂടുതൽ അഡ്വഞ്ചർ-ഓറിയന്റഡ് പതിപ്പാണ്, LX സീരീസ് കൂടുതൽ ടാർ‌മാക്-ഓറിയന്റഡ് വേരിയന്റാണ്. 

നിലവിലെ മോഡലിനെ അപേക്ഷിച്ച് രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും കൂടുതല്‍ ട്രാന്‍സ്മിഷനുകളിലും എത്തുന്നതാണ് ഥാറിന്റെ ഈ വരവിലെ മറ്റൊരു സവിശേഷത. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. എക്‌സ്‌ക്ലൂസീവായ ഡ്രൈവർ, പാസഞ്ചർ കംഫർട്ട് സുരക്ഷാ സവിശേഷതകളും രണ്ടാം തലമുറ മോഡൽ വളരെ ഉൾക്കൊള്ളുന്നു.