സ്‍കൂളില്‍ സെന്‍ഡ്  ഓഫ് ആഘോഷമാക്കാന്‍ അഭ്യാസപ്രകടനങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ എത്തിച്ച വാഹനങ്ങള്‍ കൈയ്യോടെ പൊക്കി പൊലീസ്. നിലമ്പൂരില്‍ സർക്കാർ സ്‍കൂളിലെ പ്ലസ് ടു വിദ്യാർഥികളുടെ വിടവാങ്ങൽ പരിപാടിക്കിടെയായിരുന്നു സംഭവം. 

സിനിമാ സ്റ്റൈലിൽ ഒരേ പോലെ വസ്ത്രങ്ങൾ അണിഞ്ഞെത്തിയ വിദ്യാർഥികൾ  വാഹന റേസിംഗ് ഉൾപ്പടെയുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. പൊലീസിനെ കണ്ടതോടെ വിദ്യാർഥികൾ ഓടി.

നാല് ആഡംബര കാർ,  തുറന്ന ജീപ്പ്, 15 ബൈക്കുകള്‍ എന്നിവ ഉൾപ്പെടെ 20 ഓളം വാഹനങ്ങളാണ് സ്കൂളിനു സമീപത്തുനിന്ന് പൊലീസ് പിടിച്ചെടുത്ത്. ഇവ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.  വിദ്യാർഥികളോട് രക്ഷിതാക്കളുമായി ഹാജരാകാൻ നിർദേശിച്ചു. രേഖകൾ ഹാജരാക്കിയില്ലെങ്കിൽ വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു. വിടവാങ്ങൽ പരിപാടികൾക്കു തയാറെടുക്കുന്ന മറ്റു സ്കൂളുകളും പൊലീസ് നിരീക്ഷണത്തിലാണ്. 

കഴി‌ഞ്ഞ ദിവസം കൊല്ലം കടയ്ക്കലില്‍ സമാനമായി സ്‍കൂളില്‍ നിന്നും 35 ഓളം ബൈക്കുകള്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് സ്‍കൂളിലെത്തിയ സംഘമാണ് വാഹനങ്ങള്‍ പൊക്കിയത്. 

രണ്ടാം വർഷ വിദ്യാർഥികൾ പിരിഞ്ഞു പോകുന്നതിന്റെ ആഘോഷത്തിനായി ബൈക്കഭ്യാസം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. 

കുറ്റിക്കാട് സിപി ഹയർ സെക്കൻഡറി സ്‍കൂൾ, കോട്ടപ്പുറം പിഎംഎസ്എ ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവിടങ്ങളിലായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്‍റെ മിന്നല്‍പരിശോധന.