കോട്ടയം: പുതിയ അധ്യനവര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ യാത്രകള്‍ കുറ്റമറ്റതും കാര്യക്ഷമമാക്കുന്നതിനുമായി പുത്തന്‍ പദ്ധതിയുമായി കോട്ടയം ജില്ലാ പോലീസ്. ഓപ്പറേഷന്‍ റെയിന്‍ബോ എന്ന പേരിട്ട പദ്ധതിയുമായാണ് പൊലീസ് എത്തുന്നത്. പദ്ധതിക്ക് തുടക്കമായി. 

രണ്ടു ഘട്ടങ്ങളായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത, ഡ്രൈവര്‍മാരുടെ കാഴ്ചശക്തി, ക്രിമിനല്‍ പശ്ചാത്തലം തുടങ്ങിയവ പോലീസ് പരിശോധിക്കും. ഒപ്പം അധ്യാപകര്‍ക്കും പി.ടി.എ. പ്രസിഡന്റ്, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കുമുള്ള ബോധവത്കരണവും നടക്കും. 

വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യം നിഷേധിക്കുന്ന സ്വകാര്യബസുകള്‍ക്ക് എതിരേയുള്ള കര്‍ശന നടപടിയാണ് രമ്ടാംഘട്ടം. രാവിലെ 8.30 മുതല്‍ 9.30 വരെയും വൈകുന്നേരം 3.30 മുതല്‍ 4.30 വരെയും ടിപ്പര്‍ ലോറികളെ കര്‍ശനമായി നിയന്ത്രിക്കും.

സ്‌കൂള്‍ വാഹനങ്ങളില്‍ പരിധിയില്‍ കൂടുതല്‍ കുട്ടികളെ കൊണ്ടുപോകുന്നത് കര്‍ശനമായി നിയന്ത്രിക്കും. മദ്യപിച്ചും അശ്രദ്ധമായും വാഹനം ഓടിക്കുന്ന സ്‌കൂള്‍ ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കും.  മോട്ടോര്‍വാഹന നിയമനടപടികള്‍ക്ക് പുറമേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാവകുപ്പുകള്‍ കൂടി ചേര്‍ത്താവും നടപടികള്‍.

പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി 106 സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ബോധവത്കരണം നല്കി. മോട്ടോര്‍വാഹന വകുപ്പിന്റെയും വിവിധ വാഹന ഡീലര്‍മാരുടെയും സഹകരണത്തോടെ വാഹനങ്ങളുടെ ബ്രേക്ക്, ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍, ലൈറ്റ്, ടയര്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷമത, വാഹന രേഖകളുടെ സാധുത, ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം എന്നിവ നടത്തി. 150-ഓളം ഡ്രൈവര്‍മാരുടെ നേത്രപരിശോധനയും പൂര്‍ത്തിയാക്കി.