Asianet News MalayalamAsianet News Malayalam

200 കിമീ മൈലേജ്, ആ കിടിലന്‍ ബൈക്ക് ഇന്ത്യയില്‍!

ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്ന 2019 ഇന്ത്യ ബൈക്ക് വീക്കിലാണ് ബൈക്കിനെ കമ്പനി പ്രദര്‍ശിപ്പിച്ചത്.

Orxa Mantis electric bike unveiled
Author
Goa, First Published Dec 8, 2019, 11:30 AM IST

ബെംഗളൂരു: പെര്‍ഫോമെന്‍സ് ഇലക്ട്രിക് വാഹന, എനര്‍ജി സിസ്റ്റം സ്റ്റാർട്ടപ്പായ ഓര്‍ക്‌സ എനര്‍ജീസിന്‍റെ ആദ്യ മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മാന്‍റിസ് എന്നു പേരുള്ള നേക്കഡ് ഇലക്ട്രിക് മോട്ടോര്‍ ബൈക്കാണിത്.  ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്ന 2019 ഇന്ത്യ ബൈക്ക് വീക്കിലാണ് ബൈക്കിനെ കമ്പനി പ്രദര്‍ശിപ്പിച്ചത്.

ആറ് യൂണിറ്റുകളായി എടുത്തുമാറ്റാവുന്ന 9 kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിന്‍റെ ഹൃദയം. ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ മാന്റിസിന് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. 25kW പവര്‍ നല്‍കുന്നതാണ് ഇതിലെ ഇലക്ട്രിക് മോട്ടോര്‍. മൂന്നര മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാമെന്നും കമ്പനി പറയുന്നു.

മണിക്കൂറില്‍ 140 കിലോമീറ്ററാണ് പരമാവധി വേഗത. എട്ട് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്താനും സാധിക്കും. അഗ്രസീവ് രൂപമാണ് മാന്റിസിന്റെ പ്രധാന ആകര്‍ഷണം. ഡ്യുവല്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, സ്‌പോര്‍ട്ടി സീറ്റ്, സ്‌പോര്‍ട്ടി ഫ്യുവല്‍ ടാങ്ക്, ക്ലിപ്പ്‌ ഓണ്‍ ഹാന്‍ഡില്‍ ബാര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്‌പോര്‍ട്ടി ഗ്രാഫിക്‌സ്‌ എന്നിവ മാന്റിസ് ഇലക്ട്രിക്കിനെ വ്യത്യസ്തമാക്കും.

ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിനെ വേറിട്ടതാക്കുന്നു. ഡയഗ്നോസ്റ്റിക്സ്, റൈഡ് അനലിറ്റിക്സ്, മെയിന്റനൻസ് ഡാറ്റ തുടങ്ങി വാഹനത്തെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ ഈ ക്ലസ്റ്ററിലൂടെ വിരല്‍ത്തുമ്പിലെത്തിക്കും. 

കരുത്തുറ്റ എഞ്ചിനൊപ്പം എയറോ അലുമിനിയം അലോയ്കൾ, ഉയർന്ന പെർഫോമൻസുള്ള ടയറുകൾ, ഉയർന്ന ശേഷിയുള്ള ബാറ്ററി പായ്ക്ക് എന്നിവ ഓക്‌സ മാന്റിസിൽ ഉൾക്കൊള്ളുന്നു. മൊബൈൽ ബാറ്ററി ബാക്ക് വാഹനത്തിൽ നിന്ന് എളുപ്പത്തിൽ പുറത്തെടുത്ത് ആവശ്യാനുസരണം ചാർജ് ചെയ്യാം. ഇത് ആവശ്യാനുസരണം ബാറ്ററി സ്വാപ്പിംഗിനും സഹായിക്കും.

മുന്നില്‍ 41 mm ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് സസ്പെൻഷന്‍.  വില അടക്കമുള്ള വാഹനത്തിന്റെ മറ്റ് വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.  എങ്കിലും ഇതിന് മൂന്ന് ലക്ഷം രൂപയോളമാണ് പ്രതീക്ഷിക്കുന്ന വില.  2020 പകുതിയോടെ മാന്റിസ് ഇന്ത്യന്‍ വിപണയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios