മിക്ക വാഹനാപാകടങ്ങളുടെയും പ്രധാന കാരണം അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമായിരിക്കും. വാഹനങ്ങള്‍ കുറഞ്ഞ നല്ല റോഡുകള്‍ കാണുമ്പോള്‍ അറിയാതെ ആക്സിലറേറ്ററില്‍ കാല്‍ അമര്‍ത്തുന്ന പ്രവണതയുള്ളവരാകും പലരും. ഇങ്ങനെ അധികം വാഹനങ്ങളില്ലാത്ത നല്ല റോഡും മറ്റു സാഹചര്യങ്ങളുമെല്ലാം വേഗം കൂട്ടാൻ നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ ഈ വീഡിയോ ദൃശ്യങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും കാണണം. 

അമിത വേഗത്തിലെത്തിയ ഒരു വാഹനത്തിന്റെ നിയന്ത്രണം നഷ്‍ടപ്പെട്ടതു മൂലമുണ്ടായ അപകടത്തിന്റേതാണ് ഈ വിഡിയോ. രാജസ്ഥാനിലാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ വാഹനം ഒരു വളവിൽ സ്കൂട്ടറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം. നിയന്ത്രണം വിട്ട വാഹനം ആദ്യം റോഡില്‍ വട്ടംകറങ്ങുന്നു. തുടര്‍ന്ന് സ്കൂട്ടറിൽ ഇടിച്ചതിന് ശേഷം റോഡരികിലെ ബാരിക്കേഡിൽ ഇടിച്ചാണ് നിന്നത്. രാജസ്ഥാനിലെ ഭരത് പൂര്‍ രൂപ്‍വാസ് ദേശീയപാതയില്‍ ദൌലത്ത്‍ഗറിന് സമീപമാണ് അപകടം എന്നാണ് റിപ്പോര്‍ട്ടുകള്‍.

എതിരെ വന്ന മറ്റൊരു ബൈക്കുകാരനെ ഇടിക്കാതെ വാഹനം നിന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. അധികം വാഹനങ്ങളില്ലാത്ത റോഡിൽ അമിതവേഗം മാത്രമാണ് അപകട കാരണം എന്നാണ് വിഡിയോയിൽ നിന്നും വ്യക്തമാകുന്നത്. എതിരേ വന്നൊരു വാഹനത്തിന്റെ ഡാഷ് ബോർഡ് ക്യാമറയില്‍ പതിഞ്ഞ ഈ അപകടദൃശ്യങ്ങൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.