ഒരുദിവസം കേരളത്തിൽ ഏകദേശം നൂറോളം വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. അമിത വേഗതയും അശ്രദ്ധയുമൊക്കെയാണ് ഈ അപകടങ്ങളുടെയൊക്കെ പ്രധാന കാരണം. 

ഇത്തരത്തില്‍ തലനാരിഴയ്ക്ക് അപകടം ഒഴിവായ ഒരു വീഡിയോയാണ് കേരളാ പോലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. വളവില്‍ വച്ച് ഒരു സ്വകാര്യബസിനെ ഒരു കാര്‍ മറികടക്കുന്നു. എതിര്‍ദിശയില്‍ നിന്ന് സൈറണ്‍ മുഴക്കി വരുന്ന ഫയര്‍ എന്‍ജിന്‍ വാഹനത്തെ കാണാതെയായിരുന്നു ഈ ഓവര്‍ടേക്കിംഗ്. ഫയര്‍ എന്‍ജിന്‍ ഡ്രൈവറുടെ കഴിവു കൊണ്ടുമാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. 

മൂന്ന് വാഹനങ്ങളും നിര്‍ത്തിയ ശേഷം കാര്‍ പിന്നിലേക്ക് നീക്കിയാണ് ഫയര്‍ എന്‍ജിന് പോകാനുള്ള വഴിയൊരുക്കിയത്.  സൂക്ഷിക്കുക, വളവുകളിലെ ഓവര്‍ ടേക്കിങ്ങ് അപകടമാണ് എന്ന തലക്കെട്ടോടെയാണ് പോലീസ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  ഈ വീഡിയോ കാണാം.

ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.  വലതുവശം
മുന്നിലെ വാഹനത്തിന്‍റെ വലതുവശത്തുകൂടിയല്ലാതെ ഓവര്‍ടേക്ക് ചെയ്യരുത്. മാത്രമല്ല മുന്നിലെ വാഹനത്തിന് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാതെ വേണം മറികടക്കാന്‍

2.  റോഡ് കാണാന്‍ കഴിയണം
മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനു മുമ്പ് സുരക്ഷിതമായി ഓവര്‍ടേക്കു ചെയ്യാന്‍ സാധിക്കുന്നവിധം റോഡ് കാണാമെന്ന് ഉറപ്പാക്കണം

3. വളവുകളില്‍ അരുതേയരുത്
വളവുകളിലും റോഡ് കാണാന്‍ പറ്റാത്ത അവസ്ഥകളിലും ഓവര്‍ടേക്കിങ് ഒരിക്കലും പാടില്ല

4. പിന്നിലെ വാഹനങ്ങള്‍
പിന്നില്‍നിന്നു വാഹനങ്ങള്‍ തന്നെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം

5. എതിര്‍ദിശയിലെ വാഹനങ്ങള്‍
എതിര്‍ദിശയില്‍നിന്നു വരുന്ന വാഹനത്തെ വ്യക്തമായി കാണാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യരുത്. 

6. കണക്കുകൂട്ടല്‍ പിഴച്ചാല്‍
ഓവര്‍ടേക്കിങ് വളരെയധികം ശ്രദ്ധ വേണ്ട കാര്യമാണ്. അമിതമായ ആത്മവിശ്വാസം വേണ്ടേ വേണ്ട. കാരണം കണക്കുകൂട്ടല്‍ അല്‍പമൊന്നു പിഴച്ചാല്‍ മതി വന്‍ ദുരന്തം സംഭവിക്കാന്‍.