ഇഷ്‍ടവാഹനത്തിന് ഇഷ്‍ട നമ്പര്‍ ലഭിക്കാന്‍ ഗുജറാത്തി ബില്‍ഡര്‍ ചെലവാക്കിയത് 19 ലക്ഷം രൂപ. അതാവട്ടെ ആ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഫാന്‍സി നമ്പര്‍ ലേലത്തുകയിലൊന്നുമായി. രാജ്‌കോട്ട് സ്വദേശിയായ ഗോവിന്ദ് പര്‍സാന എന്ന ബില്‍ഡറാണ് തന്‍റെ ഭാഗ്യ നമ്പറായ ഏഴാം നമ്പറിനായി (GJ 03 LB 0007) 19.01 ലക്ഷം രൂപ മുടക്കിയത്. 

തന്‍റെ പുതിയ മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍സി 220 ഡി 4മാറ്റിക്ക് എസ്‍യുവിക്കായാണ് പര്‍സാന ഈ നമ്പര്‍ സ്വന്തമാക്കിയത്. ഏകദേശം 63 ലക്ഷം രൂപയോളം വില വരും ഈ വാഹനത്തിന്. 

ഗുജറാത്തിയില്‍ നമ്പര്‍ 7 എഴുതിയാല്‍ ഗണേശ ദൈവത്തെ അടയാളപ്പെടുത്തുന്നതാണെന്നും അതുകൊണ്ടാണ് ഈ നമ്പര്‍ തിരഞ്ഞെടുത്തതെന്നുമാണ് പര്‍സാന പറയുന്നത്. എന്നാല്‍ നിയമപ്രകാരം നമ്പര്‍ 7 ഗുജറാത്തിയില്‍ നമ്പര്‍ പ്ലേറ്റില്‍ എഴുതാന്‍ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗുജറാത്തിലെ ആര്‍ടി ഓഫീസില്‍ ഒരു വാഹന നമ്പറിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിതെന്ന് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം അവകാശപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.