നമ്മുടെ പ്രിയപ്പെട്ട വസ്‍തുക്കള്‍ക്ക് യാദൃശ്ചികമായ തീ പിടിച്ചാല്‍ നമ്മള്‍ എന്താവും ചെയ്യുക? വരും വരായ‍്കകളെക്കുറിച്ചൊന്നും ആലോചിക്കാതെ ഏതുവിധേനയും അത് അണയ്ക്കാന്‍ ശ്രമിക്കുകയാവും പലരും ആദ്യം ചെയ്യുക. തന്‍റെ കാറില്‍ പടര്‍ന്ന തീ ഊതി കെടുത്താന്‍ ശ്രമിക്കുന്ന അത്തരമൊരു പാവം കാറുടമയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

തന്‍റെ ബിഎംഡബ്ല്യു കാറിലെ തീ അണയ്ക്കാന്‍ പെടാപ്പാട് പെടുന്ന കാറുടമയാണ് വീഡിയോയില്‍. ബ്രിട്ടനിലെ ഹെര്‍ട്‍ഫോര്‍ഡ്‍ഷിറിലിലാണ് സംഭവം. കാറിന്‍റെ പിന്‍ഭാഗത്ത് നിന്നും തീ പടരുന്നത് കണ്ട് പരിഭ്രാന്തനായ ഉടമ ആദ്യം ഒരു തുണിക്കഷ്‍ണം അതിലേക്ക് ഇട്ടു. പക്ഷേ ഇത് തീ കൂടുതല്‍ ആളാനെ സഹായിച്ചുള്ളൂ. പിന്നീടാണ് ഇദ്ദേഹം തീ ഊതി അണയ്ക്കാന്‍ ശ്രമിക്കുന്നത്. മെഴുകുതിരി പോലെ ഊതിയാല്‍ അണയുന്നതല്ല തീ പിടിത്തം എന്ന് പരിഭ്രമത്തിനിടെ ഇദ്ദേഹം മറന്നുപോയെന്ന് വ്യക്തം. തീ കൂടുതല്‍ പടരുന്നതിനിടെ അപകടത്തെപ്പറ്റി ചിന്തിക്കാതെ കാറിന് ചുറ്റും നടക്കുന്നതും തീയില്‍ ആഞ്ഞ് ചവിട്ടുന്നതും കാണാം. കൂടാതെ മുന്‍വശത്തെ വാതില്‍ തുറക്കാനും ഇദ്ദേഹം ശ്രമിക്കുന്നുണ്ട്. മറ്റൊരു വാഹനത്തിന്‍റെ ഡാഷ് ക്യാമിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.

ഇതിനിടെ സഭവസ്ഥലത്തെത്തിയ രണ്ടു പേരിലൊരാള്‍ ഉടമയെ കാറിന് സമീപത്തു നിന്നും പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്. കാര്‍ പൊട്ടിത്തെറിക്കുന്നത് ഉള്‍പ്പടെയുള്ളവ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മാറാന്‍ കൂട്ടാക്കാതിരുന്ന ഉടമയെ അല്‍പം ബലം പ്രയോഗിച്ചാണ് ഇയാള്‍ പിടിച്ചുമാറ്റുന്നത്. ഇതിനിടെ കാറില്‍ നിന്നും പൊട്ടിത്തെറി ശബ്‍ദവും ഉയരുന്നുണ്ട്. 

ഫയര്‍ഫോഴ്‍സ് സ്ഥലത്തെത്തുന്നതും അപ്പോഴേക്കും കാര്‍ പൂര്‍ണമായും അഗ്നി വിഴുങ്ങന്നതും ഉടമ ഹതാശനായി നിലത്തിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഉടമയുടെ ചെയ്‍തികളെ ചിലര്‍ പരിഹസിക്കുമ്പോള്‍ നിര്‍ഭാഗ്യവാനായ ആ മനുഷ്യനു വേണ്ടിയും നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ സംസാരിക്കുന്നുണ്ട്. വാഹനത്തിന് തീ പിടിച്ചാല്‍ തുണിക്കഷ്‍ണങ്ങള്‍ അതിലേക്ക് എറിയരുതെന്ന തലക്കെട്ടോടെയാണ് പലരും ഈ വീഡിയോ പങ്കുവയ്‍ക്കുന്നത്.

വീഡിയോ കാണാം