ഓക്‌സിജന്‍ ബസുകള്‍ നിരത്തിലിറക്കി കര്‍ണാടക സര്‍ക്കാര്‍

കൊവിഡ് പടര്‍ന്നുപിടിക്കുന്നതിനിടെ ഓക്‌സിജന്‍ ബസുകള്‍ നിരത്തിലിറക്കി കര്‍ണാടക സര്‍ക്കാര്‍. ഓക്സിജന്‍ ആവശ്യമുള്ള രോഗികളെ പ്രവേശിപ്പിക്കാനായി സൗകര്യപ്പെടുത്തിയ ബസുകളാണ് ബംഗളൂരുവില്‍ പ്രവര്‍ത്തനസജ്ജമായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓക്സിജന്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിക്കാണ് ബിഎംടിസി തുടക്കം കുറിച്ചിരിക്കുന്നത്. 

ആശുപത്രികള്‍ക്ക് സമീപം നിലയുറപ്പിക്കുന്ന ബസുകളില്‍ സീറ്റുകള്‍ക്ക് പുറകിലായി ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍നിന്നും രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാനുള്ള സജ്ജീകരണവുമുണ്ട്.

ഒരു ബസില്‍ ഒരേസമയം എട്ടു രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയും. രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ സജ്ജീകരണമുള്ള കിടക്കകള്‍ക്ക് ആശുപത്രികളില്‍ ദൗര്‍ലഭ്യം നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക സജ്ജീകരണങ്ങളുമായി ബസുകള്‍ ഒരുങ്ങുന്നത്. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ബെംഗളൂരുവില്‍ ഈ ഓക്സിജന്‍ ബസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona